തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഭീതിയിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി പോകുമ്പോൾ ജനങ്ങളെ ബന്ദിയാക്കുന്നു. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയൻ. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് കറുപ്പ് നിറം ഒഴിവാക്കിയത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സതീശൻ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും കറുപ്പാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഒമ്പതാമത്തെ അവതാരമാണ് ഇപ്പോൾ വന്നിരിക്കുന്നത് (ഷാജ് കിരൺ). എന്തുകൊണ്ട് ഈ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രി അറിഞ്ഞാണ് വിജിലൻസ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്.
സ്വപ്നയുടെ 164 മൊഴിയെ ഭയക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ട് ?ഇതിൽ കാര്യമുണ്ടെന്ന് പലർക്കും ഇപ്പോൾ തോന്നുന്നുണ്ട്. കേന്ദ്ര ഏജൻസികൾ അനങ്ങാത്തത് എന്തുകൊണ്ടാണ്? ഭയമുള്ളതുകൊണ്ടാണ് കോടതി വഴിയുള്ള നിയമപരമായ പരിരക്ഷ മുഖ്യമന്ത്രി തേടാത്തത്. മുഖ്യമന്ത്രി ഭയപ്പെടേണ്ട. ഒരു കല്ലുകൊണ്ടു പോലും മുഖ്യമന്ത്രിയെ യു.ഡി.എഫ് പ്രവർത്തകർ എറിയില്ല. അത് പ്രതിപക്ഷ നേതാവ് നൽകുന്ന ഉറപ്പാണ്. പ്രതിപക്ഷം സമരം തുടരും.
ഇത് ഹിറ്റ്ലറുടെ കേരളമാണോ. ഇതെന്ത് കേരളം ആണ്. യുഡിഎഫിനെ വിരട്ടാൻ നോക്കേണ്ട. ഇതൊന്നും കണ്ട് വിരളില്ല. മുഖ്യമന്ത്രി വലിയ കുഴിയിൽ വീണിരിക്കുകയാണ്. അതിൽ നിന്ന് കരകയറാനാണ് ഈ ശ്രമിക്കുന്നത്. ബിലിവേഴ്‌സ് ചർച്ചുമായി ബന്ധമുള്ളത് സർക്കാരിനാണ്. ഷാജ് കിരണിനെ പൊലീസ് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും വി ഡി സതീശൻ ചോദിച്ചു.