KeralaNEWS

‘ബിരിയാണിച്ചെമ്പിൽ’ പ്രതിഷേധം കത്തുന്നു, മുഖ്യമന്ത്രിയുടെ ‘രാജി’യിലുറച്ച് പ്രതിപക്ഷം; പ്രതിരോധിക്കാൻ സിപിഎം

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ചുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ബിരിയാണിച്ചെമ്പ് ഏന്തിയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി ജെ പി, യുവമോർച്ച പ്രവ‍ർത്തകർ.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്ന പറഞ്ഞ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്‍റെ രാജി ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. പ്രധാന കേന്ദ്രങ്ങളിൽ ബിരിയാണി ചലഞ്ച് അടക്കം സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നാളെ സംസ്ഥാന വ്യാപകമായി കളക്ട്രേറ്റ് മാ‍ർച്ച് നടത്തുമെന്ന് കെ പി സി സി വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന കറന്‍സി കടത്തലില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണനാണ് അറിയിച്ചത്. ഇന്ത്യാചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് വരുന്നത്. കേരള ജനതയെ ഒന്നടങ്കം അപമാനിച്ച മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ആ കസേരയില്‍ തുടരാനാവുക. ബിജെപിയുമായുള്ള അവിഹിത കരാറിലൂടെ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിച്ചെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ കേരളക്കരയെ ഒന്നാകെ നടുക്കുന്നതാണ്.

ആത്മാഭിമാനം അല്‍പ്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്വയം രാജിവെച്ച് ഒഴിയുന്നതാണ് ഉചിതമെന്നും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമമെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ അധികാര കസേരയില്‍ നിന്നും ചവിട്ടിയിറക്കുന്ന നാളുകള്‍ അതിവിദൂരമല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കളക്ടേറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ആലപ്പുഴയില്‍ രമേശ് ചെന്നിത്തല,കൊല്ലത്ത് കെ.മുരളീധരന്‍ എംപിയും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

അതേസമയം തിരിച്ചടിക്കാനുള്ള നീക്കത്തിലാണ് സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സി പി എമ്മും തീരുമാനിച്ചിട്ടുള്ളത്. ആരോപണങ്ങളെ പുച്ഛിച്ച് തള്ളിയ മുഖ്യമന്ത്രി തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ പ്രമുഖ സി പി എം നേതാക്കളും ആരോപണങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന കാര്യങ്ങളടക്കം അന്വേഷിക്കാൻ സർക്കാർ നീക്കം ആരംഭിച്ചിട്ടുമുണ്ട്.

കെ ടി ജലീല്‍ നല്‍കിയ പരാതിയിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതിചേര്‍ത്താണ് കൻറോൺമെന്‍റ് പൊലീസ് കേസെടുത്തത്. കേസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാണ് കെ ടി ജലീന്‍റെ പരാതി.

Back to top button
error: