NEWS

 എ.എൻ. രാധാകൃഷ്ണന് കെട്ടിവച്ച കാശും നഷ്ടമാകും

കൊച്ചി: തൃക്കാക്കരയിൽ നേരിട്ടേറ്റുമുട്ടിയ ഇരു മുന്നണികളോടും മത്സരിക്കുകയും വിജയപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്ത എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനു കെട്ടിവച്ച കാശ് നഷ്ടമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ നേതാവിനു ലഭിച്ച വോട്ടുകൾ പോലും പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനു ലഭിച്ചുമില്ല. 12,957 വോട്ടുകളുമായി മൂന്നാം സ്ഥാനമാണ് രാധാകൃഷ്ണന് നേടാനായത്.
രാധാകൃഷ്ണൻ ഉൾപ്പെടെ ഇത്തവണ മത്സരരംഗത്തുണ്ടായിരുന്ന ഏഴു പേർക്കാണ് കെട്ടിവച്ച കാശ് നഷ്ടമാവുക.തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയമം അനുസരിച്ച് ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓരോ സ്ഥാനാർഥിയും 10,000 രൂപയും ലോക്സഭയിലേക്കെങ്കില്‍ 25,000 രൂപയും കമ്മിഷനിൽ കെട്ടിവയ്ക്കണം എന്നാണ് ചട്ടം.
തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് പോസ്റ്റൽ വോട്ടടക്കം 1,35,349 വോട്ടുകളാണ് ഇത്തവണ തൃക്കാക്കരയിൽ പോൾ ചെയ്തത്. ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകൾ നേടിയെങ്കിൽ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാൽ രാധാകൃഷ്ണന് ലഭിച്ചതാകട്ടെ 12,957 (9.57%) വോട്ടുകൾ മാത്രം. 2021ൽ മത്സരിച്ച എസ്.സജി എൻഡിഎയ്ക്കായി 15,483 (11.34%) വോട്ടുകൾ നേടിയിട്ടുണ്ട്.
അനിൽ നായർ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ എപിജെ ജുമാൻ വിഎസ്, സി.പി ദിലീപ് കുമാർ, ബോസ്കോ കളമശേരി, മന്മഥൻ എന്നിവർക്കാണ് രാധാകൃഷ്ണനു പുറമെ കെട്ടിവച്ച കാശ് നഷ്ടമാവുക. നോട്ടയ്ക്ക് 1,111 വോട്ടുകളും ലഭിച്ചു.

Back to top button
error: