കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണ മണ്ഡല്‍ എന്ന ബംഗ്ലാദേശി യുവതിയും അഭിക് മണ്ഡലും വിവാഹിതരായത്. സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രണയകഥയായി അക്ഷരാര്‍ത്ഥത്തില്‍ അത്. പ്രണയത്തിന് ദേശവും ഭാഷയും ജാതിയും മതവുമൊന്നുമില്ലന്ന് തെളിയിച്ചിരിക്കുകയാണ് ഈ കാമുകീകാമുകന്മാർ.
ഇന്ത്യയിലെ കാമുകനെ കാണാനും വിവാഹം ചെയ്യാനുമാണ് കൃഷ്ണ എന്ന 22കാരിയായ യുവതി അതിര്‍ത്തി കടന്ന് സാഹസികമായി ഇവിടെ എത്തിച്ചേര്‍ന്നത്. സുന്ദര്‍ബനിലെ വനങ്ങളെ ധീരമായി മറികടന്ന്, ഒരു മണിക്കൂറിലധികം നീന്തി ഇന്ത്യയില്‍ പ്രവേശിച്ച യുവതി ഒടുവിൽ സ്വന്തം പ്രിയതമനുമായി ഒന്നിച്ചു.
കൃഷ്ണ മണ്ഡല്‍ എന്ന ബംഗ്ലാദേശി യുവതിയാണ് അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായാണ് അതിര്‍ത്തി കടന്നത്. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍സിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയില്‍ ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.
മൂന്ന് ദിവസം മുമ്പാണ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച യുവതിയെ അറസ്റ്റ് ചെയ്തു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്നാണ് അറിയുന്നത്.
ഈ വര്‍ഷമാദ്യം ഒരു ബംഗ്ലാദേശി കൗമാരക്കാരന്‍ ഇന്ത്യയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങാന്‍ അതിര്‍ത്തി കടന്നിരുന്നു. എമാന്‍ ഹൊസൈന്‍ എന്ന ബാലന്‍, ഒരു ചെറിയ നദി നീന്തിക്കടന്ന് വേലിയുടെ വിടവിലൂടെ അതിര്‍ത്തി കടന്ന് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് ബാര്‍ സ്വന്തമാക്കി. കൗമാരക്കാരനെ ലോക്കല്‍ പോലീസിന് കൈമാറി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. കുട്ടിയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ വര്‍ഷം മറ്റൊരു സംഭവമുണ്ടായി. വിസ ലഭിക്കുന്നത് തടസ്സമായപ്പോള്‍, ഒരു ബംഗ്ലാദേശി യുവതി തന്റെ ചികിത്സയ്ക്കായി രാജ്യാന്തര അതിര്‍ത്തി കടന്നു. 33 കാരിയായ ഇവർ ബംഗ്ലാദേശിലെ നൗഗാവ് ജില്ലയിലെ താമസക്കാരിയാണ്. എന്നാല്‍ ബിഎസ്‌എഫ് പിടികൂടിയപ്പോള്‍, പ്രോസിക്യൂട്ട് ചെയ്യുന്നതിനുപകരം, സൗഹാര്‍ദ്ദത്തിന്റെ രൂപമായി ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിന് (ബിജിബി) അവരെ കൈമാറുകയായിരുന്നു.