NEWS

ആധുനിക വൈദ്യശാസ്ത്രമാണോ പരമ്പരാഗത ചികിത്സാ രീതിയാണോ നല്ലത്?

ഷ്ട വൈദ്യൻമാർ ചികിത്സ നടത്തിയിരുന്ന കേരളത്തിലെ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ പണ്ട് ഉണ്ണികൾ മരിക്കുന്നത് നിത്യസംഭവം ആയിരുന്നു എന്നാണ് ദേവകി നിലയങ്ങോട് തന്റെ ഓർമ്മകുറിപ്പുകളിൽ പറയുന്നത്. പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ്‌ രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തതെന്ന് നിലവിളിക്കുന്നവർക്ക് വേണ്ടി തിരുവിതാംകൂർ മഹാ-രാജാക്കന്മാർ ജീവിച്ചിരുന്ന കാലയളവ് താഴെക്കൊടുക്കുന്നു.
മാർത്താണ്ഡവർമ്മ.      1705-1758 – 53
ധർമ്മരാജ                      1724-1798 – 74
ബാലരാമവർമ്മ             1782-1810 – 28
ഗൗരി ലക്ഷ്മിഭായ്         1791-1815 – 24
ഗൗരി പാർവ്വതിഭായ്      1802-1853 – 51
സ്വാതി തിരുനാൾ          1813-1846 – 33
ഉത്രം തിരുനാൾ             1814-1860 – 46
ആയില്യം തിരുനാൾ     1832-1880 – 48
വൈശാഖം തിരുനാൾ  1837-1885 – 48
—–
മൂലം തിരുനാൾ            1854-1924 – 66
സേതു ലക്ഷ്മീഭായ്      1895-1985 – 90
ചിത്തിര തിരുനാൾ       1912-1991 – 78
പത്തരമാറ്റ് പാരമ്പര്യ വൈദ്യം മാത്രമുള്ള, രാസവളവും കീടനാശിനിയുമില്ലാത്ത പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലത്തെ രാജാക്കന്മാരുടെ ശരാശരി ആയുർദൈർഘ്യം  47.3 ആണ്‌. സാധാരണക്കാരുടേതല്ല ഈ കണക്കെന്ന് ഓർക്കണം. അക്കാലത്തെ  ഏറ്റവും മികച്ച ചികിൽസയും ഭക്ഷണവും ലഭിക്കാൻ സൗകര്യങ്ങളുള്ള  മഹാരാജാക്കന്മാരുടെ ആയുസാണ്‌. ഈ രാജാക്കന്മാരിൽ ചിലരൊക്കെ മരിച്ചിട്ടുള്ളത് നമുക്കിന്ന് നിസാരമെന്ന് തോന്നുന്ന അസുഖങ്ങൾ ബാധിച്ചിട്ടായിരുന്നു. അക്കാലയളവിൽ 60 വയസ് പിന്നിട്ടത് ഒരു രാജാവ് മാത്രമാണ്‌.
എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്ന് വരവുണ്ടായ പത്തൊൻപാതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷമുള്ള രാജാക്കന്മാരുടെ വയസ് നോക്കൂ. 66, 90, 78!
അക്കാലത്ത് രാജകുടുംബങ്ങളിൽതന്നെ ശിശുമരണങ്ങൾ സ്വാഭാവികമായിരുന്നതായി ചരിത്രം നോക്കിയാലറിയാം. രാജകുടുംബങ്ങളിൽ അവസ്ഥയിതാണെങ്കിൽ സാധാരണക്കാർക്കിടയിലെ ആരോഗ്യനിലവാരവും ആയുർദൈർഘ്യവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
രാജാക്കന്മാരുടെ വയസ്സകുമ്പോൾ ആർക്കും ഗൂഗിൾ ചെയ്തോ പുസ്തകങ്ങൾ പരതിയോ നോക്കാവുന്നതായതുകൊണ്ടാണ്‌ അങ്ങനെയൊരു ഡാറ്റ പോസ്റ്റിയത്. ഇനി രാജാക്കന്മാർ സുഖിച്ച് മേലനങ്ങാതെ ജീവിച്ചതുകൊണ്ടായിരിക്കും ആയുസ് കുറഞ്ഞതെന്ന് വാദിക്കുന്ന ചിലരെങ്കിലും കാണും. അങ്ങനെയെങ്കിൽ അന്നത്തെ യോഗിമാരുടെ ആയുർദൈർഘ്യം ഒന്നു നോക്കാം. പെട്ടെന്ന് തപ്പിയപ്പോൾ കിട്ടിയ ചിലത്-
 ‎
ശ്രീ ശങ്കരാചാര്യർ ——CE 788 – 820 – 32
ഗുരു നാനാക് ————–1469 – 1539 – 70
ഗുരു രാം ദാസ് ————1534 – 1581 –  47
ഗുരു അര്‍ജന്‍ ————-1563 – 1606 – 43
സ്വാമി നാരായണന്‍  —-1781 –1830 – 49
അയ്യ വൈകുണ്ഡര്‍ ——-1809 – 1851 – 42
സ്വാമി സദാനന്ദ ———-1865 – 1911 – 46
ശ്രീരമ കൃഷ്ണ പരമഹംസ -1836 –1886 – 50
ശ്രീ നാരായണ ഗുരു ——1856 – 1928 – 72
സ്വാമി വിവേകാനന്ദന്‍ –1863 – 1902 – 39
രാജാക്കന്മാരുടെ ആയുർദൈർഘ്യത്തിനോട് സമാനമായ ആയുർദൈർഘ്യമായിരുന്നു യോഗികളുടെതും എന്നാണ്‌ ഈ കണക്കുകൾ കാണിക്കുന്നത്. ഇതൊക്കെപ്പറഞ്ഞാലും പാരമ്പര്യവിശ്വാസികൾ അവരുടെ ധാരണ മാറ്റുമെന്ന് കരുതുന്നില്ല. അന്നത്തെ കർഷകർക്കായിരുന്നു നൂറ്റാണ്ട് ആയുസ്സെന്നും പറഞ്ഞ് അവര്‍ വരുമെന്നറിയാം. എന്നാലും ഒന്നറിഞ്ഞുവച്ചേക്ക്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളീയന്റെ ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു എന്ന ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുമ്പോൾ നൂറുവയസ്സ് കഴിഞ്ഞിട്ടും കിളയ്ക്കാൻ പോകുന്ന വകയിലൊരു അപ്പപ്പന്റെ കഥപറയാൻ തുടങ്ങും പലരും.ഈ ലിസ്റ്റ് കണ്ടിട്ടും പ്രകൃതി, പാരമ്പര്യം എന്നുപറഞ്ഞുവരുന്നവരോട് തർക്കിക്കാനില്ല.
വസൂരിയും മറ്റും ബാധിച്ചവരെ ജീവനോടെ കുഴിച്ചുമൂടിയ ആ പഴയകഥ ചിലരെങ്കിലും ഇന്ന് ഓർക്കുന്നുണ്ടാകും.അങ്ങനെ എന്തൊക്കെ അസുഖങ്ങൾ !! മരണങ്ങൾ!!
ദൈവ കോപം മൂലമാണ് മിക്ക രോഗങ്ങളും ഉണ്ടാവുന്നത്. ദൈവങ്ങളെ പ്രീതിപ്പെടുത്തൽ ആണ് രോഗ മുക്തിയുടെ ആദ്യപടി – ഇങ്ങനെയാണ് അക്കാലത്ത് വിശ്വസിച്ചിരുന്നത്.ഇതിനെ ചുറ്റിപ്പായിരുന്നു അക്കാലത്തെ ചികിത്സകളും.ശാസ്ത്രത്തോടൊപ്പം ആധുനിക വൈദ്യശാസ്ത്രവും പുരോഗമിച്ചപ്പോൾ പഴയ കഥകളൊക്കെ മാറി.എങ്കിലും നേരം വെളുക്കാത്ത ചിലരുണ്ട്.അവർക്കുവേണ്ടിയാണ് ഇത്.
  ശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ മൂലമാണ് രോഗം വരുന്നതെന്നും,ശരീരത്തെ ചികിൽസിച്ചു രോഗം മാറ്റാം എന്നും ആദ്യമായി പറഞ്ഞത് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രറ്റീസ് ആയിരുന്നു.
കച്ചവടക്കാരനോ കൃഷിക്കാരനോ ആയ അച്ഛൻ മക്കൾക്കു അതിനെപ്പറ്റി പലതും പറഞ്ഞു കൊടുത്തേക്കാം.അനുഭവങ്ങളാണ് ഈ അറിവുകളുടെ ഒരു ഉറവിടം. എങ്കിലും പലപ്പോഴും അങ്ങനെയൊന്നും ഉണ്ടാവണമെന്നുമില്ല.തലമുറകളായി കൈമാറി വരുന്ന അറിവുകളാണവ. വാസ്തു ശാസ്ത്രം, ജ്യോതിഷം മുതലായ കപട ശാസ്ത്രങ്ങൾ മുതൽ സത്യവും മിഥ്യയും പ്രയോഗങ്ങളും ഗുണവും ദോഷവും കേട്ട് പിണഞ്ഞു കിടക്കുന്ന ആയുർവേദം, പാരമ്പര്യ വൈദ്യം, പരമ്പരാഗത തൊഴിൽ ശാസ്ത്രങ്ങളായ മീൻ പിടുത്തം, പാരമ്പര്യ കൃഷി, തച്ചു ശാസ്ത്രം വരെ ഇതിൽ പെടും.ഇതിന്റെഅടിസ്ഥാനങ്ങളെ ആരും ചോദ്യം ചെയ്യാറില്ല. ചെയ്താൽ, കാലാ കാലങ്ങളിലായി ഇങ്ങനെയാണ്, ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്, പഴയ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെയാകും വാദങ്ങൾ.
സത്യം മനസ്സിലാക്കി കാലാന്തരങ്ങളിലൂടെ തേച്ചു മിനുക്കാനും നമ്മൾ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും നല്ല മാർഗമാണ് ആധുനിക ശാസ്ത്രം. ഇതിനർത്ഥം ബാക്കിയെല്ലാം വിഢിത്തം ആണെന്നല്ല. ശാസ്ത്രീയമായ പരിശോധന നേരിലേക്കു നമ്മളെ കൂടുതൽ അടുപ്പിക്കുന്നു എന്ന് മാത്രം.
അലോപ്പതി എന്ന യൂറോപ്പിലുണ്ടായ പാരമ്പര്യ ശാസ്ത്രത്തിൽ നിന്നാണ് ആധുനിക ശാസ്ത്രത്തിന്റെ തുടക്കം.പിന്നീട് ലോകമാകെയുള്ള പരമ്പരാഗത വൈദ്യശാസ്ത്രങ്ങളിൽ നിന്നും കടം കൊണ്ട് ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെയൊരു പ്രായോഗിക ശാസ്ത്രമായി അത് വളർന്നു.പ്രയോജനം ചെയ്യുന്ന ഒന്നാണെങ്കിൽ മാത്രമേ ഏതൊരു പ്രായോഗിക ശാസ്ത്രത്തിനും നില നിൽപ്പുള്ളു എന്ന് ഓർക്കണം.
മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശാസ്ത്രം. പ്രയോജനമുള്ളതാണെങ്കിൽ ലോകം മുഴുവൻ സ്വീകാര്യത നേടും. സത്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനം അത് അംഗീകരിക്കുകയുള്ളു.അതാണ് ലോകമെങ്ങും ആധുനിക വൈദ്യശാസ്ത്രം വളരാൻ കാരണം.അത് മാത്രം മനസ്സിലാക്കിയാൽ മതി മറ്റുള്ള ചികിത്സാ രീതിയുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ.കോവിഡ് ലോകമെങ്ങും പടർന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ ആധുനിക വൈദ്യശാസ്ത്രം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇതോടൊപ്പം ചേർത്തു വായിക്കുക.

Back to top button
error: