NEWS

ചാകര എന്ന പ്രതിഭാസം എന്താണ്???

കേരളത്തിൽ, കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷക്കാലത്തു കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര അഥവാ Mud bank. ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ ഏതാണ്ട് 4-മുതൽ 5 കിലോമീറ്റർ നീളത്തിൽ തീരത്തോടു ചേർന്നും 5-മുതൽ 6 കിലോമീറ്റർ അർദ്ധചന്ദ്രാകൃതിയിൽ കടലിലേക്കു മായാണ് ചാകര വ്യാപിച്ചുകിടക്കുന്നത്..!!
ചെളിനിറഞ്ഞ ഇത്തരം തീരക്കടൽ പ്രതിഭാസം കേരളത്തിൽ മാത്രമല്ല, തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളുടെ നദീമുഖങ്ങളോടു ചേർന്നുള്ള തീരക്കടലിൽ കാണാറുണ്ട്. എന്നാൽ കേരളതീരത്ത് കാലവർഷക്കാലത്തു മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടുന്നത്. പൊതുവെ അതിരൂക്ഷമായി കാണേണ്ട കാലവർഷക്കടൽ ചാകരപ്രദേശത്ത് വളരെ ശാന്തമായി കാണുന്നു. അതേസമയം ചാകരപ്രദേശത്തിന്റെ അതിരുകളിൽ തിരമാലകൾ ക്രമേണ ശക്തിപ്രാപിച്ച് കാലവർഷക്കടലിന്റെ എല്ലാ രൂക്ഷതയോടുംകൂടി കരയിലേക്ക് ആഞ്ഞടിക്കുന്നതു കാണാം.
സാധാരണയായി, രണ്ട് അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്ന ചെളിയും എക്കലും ഒരു ചെറിയ പ്രദേത്ത് ഏതാനും കിലോമീറ്ററുകൾ ജലത്തിന് അടിത്തട്ടിലായി അടിഞ്ഞു കൂടുന്നു. ഈ അടിത്തട്ടിൽ വളരുന്ന സൂഷ്മ ജല സസ്യങ്ങളും കൂണുകളും പ്ലാങ്ക്ടണുകളും മീനുകൾക്ക് സമൃദ്ധമായ ഭക്ഷണസങ്കേതമായി മാറുന്നു. അതിനാൽ ഇവിടേക്കു വളരെ വലിയ മീൻ കൂട്ടങ്ങൾ എത്തിച്ചേരും. രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് ജലം കട്ടി കുറഞ്ഞ കുഴമ്പ് പരുവത്തിലായതിനാൽ കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചാകര പ്രദേശത്തിന് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെ “ചാകരക്കൊയ്ത്ത് ” എന്നും പറയാറുണ്ട്..!!
കാലവർഷക്കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനയാനങ്ങൾ ഒരു തുറമുഖത്തെന്നപോലെ വളരെ സുരക്ഷിതമായി കടലിലേക്ക് ഇറക്കാനും പിടിച്ച മത്സ്യങ്ങളുമായി തീരത്തണയാനും ശാന്തമായ ഈ ചാകരപ്രദേശം സൗകര്യമൊരുക്കുന്നു. “ചാകര” എന്നാൽ “ശാന്തകര” എന്നും അർത്ഥമുണ്ട്. ശാന്തമായ കടലിനെത്തേടി പല ഭാഗത്തുനിന്നും വരുന്ന നൂറുകണക്കിനു മത്സ്യത്തൊഴിലാളികളും അവരുടെ യാനങ്ങളും മത്സ്യക്കച്ചവടക്കാരും അനുബന്ധ കച്ചവടക്കാരും എല്ലാവരുംകൂടി ഒരുക്കുന്ന ആരവം ചാകരപ്രദേശത്തിന് ഒരു ഉത്സവച്ഛായ പകരുന്നു..!!
⭕ പ്രധാനമായും മത്സ്യബന്ധനം നടക്കുന്നത് ചാകരയ്ക്കുള്ളിലല്ല, ചാകരയ്ക്കു പുറത്ത് പുറംകടലിലാണ്‌.
ശാന്തമായ ചാകരപ്രദേശം മത്സ്യങ്ങൾ കൂട്ടമായി വന്ന് വസിക്കുവാൻ കളമൊരുക്കുമെന്നും അവിടെ നിന്നാണ് ചാകര മത്സ്യബന്ധനം നടക്കുന്നതെന്നും കരുതുന്നവർ ധാരാളമുണ്ട്. എന്നാൽ കൂടുതലും മത്സ്യബന്ധനം നടക്കുന്നത് ചാകരയ്ക്കുള്ളിലല്ല ചാകരയ്ക്കു പുറത്ത് പുറംകടലിലാണ്. കാലവർഷക്കാലത്ത് ചാകര ഒരുക്കുന്ന സ്വാഭാവിക തുറമുഖം മത്സ്യത്തൊഴിലാളികൾ വള്ളമിറക്കുന്നതിനും മത്സ്യം പിടിച്ചു തിരിച്ചുവരുന്ന യാനങ്ങൾ കരയ്ക്കടുപ്പിക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.
കടലാക്രമണവും തീരശോഷണവും കാലവർഷക്കാലത്ത് പതിവാണല്ലോ. തീരത്തടിക്കുന്ന ശക്തമായ തിരകളാണ് ഇതിനു കാരണം. എന്നാൽ ചാകരയിലെ ചെളിനിറഞ്ഞ കുഴമ്പുവെള്ളത്തിലൂടെ സഞ്ചരിക്കുന്ന തിരകൾക്ക് ശക്തി ക്ഷയിക്കുന്നു. തീരക്കടൽ ശാന്തമായി കാണുന്നു. ചാകരപ്രദേശത്തും അവയുടെ മേൽധാരാഭാഗത്തും മണ്ണടിയുകയും വലിയതോതിൽ മണൽത്തീരം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ ചാകരയുടെ കീഴ്ധാരാഭാഗത്ത് കടലാക്രമണവും തീരശോഷണവും നാശനഷ്ടവും രൂക്ഷമാകുന്നതായിട്ടാണ് കാണുന്നത്. തോട്ടപ്പള്ളി മുതൽ വടക്കോട്ട് കടലാക്രമണത്തിന്റെ സ്ഥാനവും രീതിയും തോതും നിർണയിക്കുന്നതിൽ ചാകരയ്ക്ക് ഒരു നിർണായക പങ്കുണ്ട്.
⭕ ചാകര എല്ലാ വർഷവും ഒരേ
സ്ഥലത്തുതന്നെ ഉണ്ടാകണമെന്നില്ല.
പണ്ട് ഉണ്ടായിക്കൊണ്ടിരുന്ന ചാകരകളിൽ ചിലത് ഇപ്പോൾ ഉണ്ടാകുന്നതായി കാണുന്നില്ല. ചാകരപ്രദേശങ്ങൾ എന്നറിയപ്പെട്ടിരുന്ന ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ഞാറക്കൽ, എടവനക്കാട് തുടങ്ങി പലയിടത്തും ഇപ്പോൾ ചാകര ഉണ്ടാകുന്നതായി കാണുന്നില്ല. അതുപോലെ പുറക്കാട് ഉണ്ടായിക്കൊണ്ടിരുന്ന ചാകര ഇപ്പോൾ പുന്നപ്രയിലാണ് കാണുന്നത്. നാട്ടികയിലും വാടാനപ്പള്ളിയിലുമൊക്കെ ഉണ്ടായിക്കൊണ്ടിരുന്ന ചാകര ഇപ്പോൾ കാര-കയ്പമംഗലം ഭാഗത്താണ് ഉണ്ടാകുന്നത്. പുറക്കാട് ചാകര ഉണ്ടായിരുന്നപ്പോൾ അവിടെ വലിയതോതിൽ തീരസൃഷ്ടിയും പുന്നപ്രയിൽ തീരനഷ്ടവും സംഭവിച്ചിരുന്നു. എന്നാൽ ചാകര പുന്നപ്രഭാഗത്തായപ്പോൾ അവിടെ വലിയതോതിൽ തീരം വയ്ക്കുകയും പുറക്കാട് തീരശോഷണം സംഭവിക്കുകയും ചെയ്തു.
ചാകരകൾ തമ്മിൽ പ്രാദേശിക വ്യത്യാസങ്ങളുണ്ട്. ഏറ്റവും സാന്ദ്രതയുള്ള ചെളി കാണുന്നത് കൊയിലാണ്ടി ചാകരയിലാണ്. ഇപ്പോൾ ചാകര പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് പുന്നപ്ര, ചെത്തി, ഓമനപ്പുഴ, കയ്പമംഗലം (കാര), ബ്ലാങ്ങാട് (ചാവക്കാട്), പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, അജാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്. ചാകരയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ചാകരയെക്കുറിച്ച് ഇനിയും പലതും പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിവിധ പഠനങ്ങൾ അടിസ്ഥാനമാക്കി വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ചാകരയുടെ ഉല്പത്തിയെക്കുറിച്ചുപോലും പലരും മുന്നോട്ടുവച്ചിരിക്കുന്നത്.
ചാകരയുടെ ചെളിത്തട്ട് സ്ഥിരമായിട്ടുള്ളതാണെന്നും കാലവർഷക്കാലത്തെ ശക്തമായ തിരകൾ ചാകരപ്രദേശത്തിന്റെ അടിത്തട്ടുമായി പ്രതിപ്രവർത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് തള്ളുകയും അവ ജലാശയത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു എന്ന ആശയമാണ് ചാകരോല്പത്തിയുമായി ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ട ആശയം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: