കുന്നംകുളം: കേരളത്തിൽ ഇത് നടക്കുമോന്ന് ചോദിച്ചവരുടെയും സംശയിച്ചവരുടെയും മുന്നിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കുന്നംകുളം ബസ് ടെർമിനൽ കം ഷോപ്പിങ്ങ് കോംപ്ലക്സ്.
ഹെർബർട്ട് റോഡിൽ നിലവിലെ ടൗൺ ഹാളിനു സമീപത്താണ് അത്യാധുനിക രീതിയിൽ ബസ്സ് ബസ്സ്റ്റാന്‍റ് നിർമിച്ചിട്ടുള്ളത്. 15.45 കോടി ചെലവഴിച്ചാണ് ഇ.കെ. നായനാർ സ്മാരക ബസ് ടെർമിനൽ കം ഷോപ്പിങ്ങ് കോംപ്ലക്സ് ഒരുക്കിയിട്ടുള്ളത്.
മന്ത്രി എ.സി. മൊയ്തീന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.35 കോടി രൂപയും കുന്നംകുളം അർബൻ ബാങ്കിൽ നിന്ന് വായ്പയെടുത്ത 8.05 കോടിയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 3.05 കോടിയും ചിലവഴിച്ചായിരുന്നു നിർമാണം.
35,678 ചതുരശ്ര അടി വിസ്തീർണവും ബസ് ടെർമിനലിനും 30,664 ചതുരശ്ര അടി ഷോപ്പിങ്ങ് കോപ്ലക്സിനുമുണ്ട്. 28 ബസുകൾ ഒരേ സമയം ട്രാക്കിൽ നിറുത്തിയിടാനും പുറത്ത് 10 ബസുകൾ നിറുത്താനും സൗകര്യമുണ്ട്.
ശൗചാലയം, ലഘുഭക്ഷണ ശാല, വിശ്രമകേന്ദ്രം, യാത്രക്കാർക്ക് 200 ഇരിപ്പിടം എന്നിവ ഒരുക്കിയിട്ടുണ്ട്.മുഴു വൻ സ്ഥലത്തും നിരീക്ഷണ ക്യാമറയുമുണ്ട്.തൃശൂർ ഗവ എഞ്ചിനിയറിങ്ങ് കോളജ് ആർക്കിടെക്ച്ചർ മേധാവി ജോൽസന റാഫേലാണ് ഇതിന്റെ രൂപകല്പന തയ്യാറാക്കിയത്.ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല.
സംസ്ഥാനത്തെ ഏറ്റവും മികച്ച ബസ് ടെര്‍മിനലുകളില്‍ ഒന്നായ ഇത് 2020 സെപ്തംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്ഘാടനം ചെയ്തത്.