ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് ഏകീകരണം ഉടന്‍ ഉണ്ടാകില്ല. നാണ്യപ്പെരുപ്പവും വിലക്കയറ്റവും കാരണമാണ് ജിഎസ്ടി നിരക്ക് ഏകീകരണം നീട്ടിവയ്ക്കുന്നത്. 5, 12, 18, 28 എന്നീ നാലു സ്ലാബുകളിലാണ് നിലവില്‍ നികുതി ഈടാക്കിവരുന്നത്. ഇത് മൂന്നു സ്ലാബുകളിലേക്ക് ഏകീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ഏകദേശ ധാരണയായിരുന്നു. ചില ഇനങ്ങളുടെ നികുതി ഉയര്‍ത്തിയും മറ്റു ചിലതിന്റെ നികുതി താഴ്ത്തിയും മൂന്നു സ്ലാബായി കുറക്കാനായിരുന്നു പദ്ധതി.
എന്നാല്‍, റെക്കോര്‍ഡ് നാണ്യപ്പെരുപ്പത്തിനിടയില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നാണ്യപ്പെരുപ്പവും വികസനാവശ്യങ്ങളും മുന്‍നിര്‍ത്തി കൂടുതല്‍ കടമെടുക്കേണ്ട എന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നടപ്പു സാമ്പത്തികവര്‍ഷത്തേക്ക് നിശ്ചയിച്ച വായ്പാലക്ഷ്യം അതേപടി തുടരും. ഇന്ധനവിലക്കയറ്റത്തെ തുടര്‍ന്ന് എക്സൈസ് ഡ്യൂട്ടി കുറച്ച വകയില്‍ ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് കൂടുതല്‍ കടമെടുത്ത് പരിഹരിക്കാനായിരുന്നു ആദ്യനീക്കം.
കൂടുതല്‍ കടമെടുക്കില്ലെന്ന് തീരുമാനിച്ചതിനൊപ്പം ഓഹരി വിറ്റഴിക്കല്‍ നടപടിക്ക് വേഗം കൂട്ടാനും നിശ്ചയിച്ചു. അധിക വരുമാനം ഉണ്ടാക്കാന്‍ വഴിതേടുന്ന സര്‍ക്കാര്‍, ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിയുടെ 29.5 ശതമാനം ഓഹരി വിറ്റ് 38,000 കോടി സമാഹരിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഇതുസംബന്ധിച്ച ശിപാര്‍ശ അംഗീകരിച്ചു.
നടപ്പു വര്‍ഷം തന്നെ വില്പന നടത്താനാണ് തീരുമാനം. വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനുമിടയില്‍ ഓഹരിവിപണി തകര്‍ന്നുനില്‍ക്കുമ്പോള്‍തന്നെയാണ് തീരുമാനം. അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പിന്റെ പക്കലാണ് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 65 ശതമാനത്തോളം ഓഹരി ഇപ്പോഴുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 65,000 കോടി സമാഹരിക്കാന്‍ കേന്ദ്രം നേരത്തേതന്നെ ലക്ഷ്യമിട്ടിട്ടുണ്ട്.