KeralaNEWS

കുറ്റിപ്പുറത്തേയ്ക്കു ടിക്കറ്റ് നൽകി, സ്റ്റോപ്പില്ലാത്തതു കൊണ്ട് പാതിരാത്രി ഷൊർണൂരിൽ ഇറങ്ങി, നാൽപ്പതോളം യാത്രക്കാരെ പെരുവഴിയിലാക്കിയ റെയിൽവെയുടെ ക്രൂരവിനോദം

  ഷൊർണൂർ: നാൽപ്പതോളം യാത്രക്കാരെയാണ് പാതിരാത്രി പെരുവഴിയിലിറക്കി ഇന്ത്യൻ റെയിൽവെ ക്രൂരവിനോദം കാട്ടിയത്. സ്റ്റോപ്പ് ഉണ്ടെന്ന ഉറപ്പിൽ മലബാർ എക്സ്പ്രസിൽ കുറ്റിപ്പുറം, പട്ടാമ്പി സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാർ ഇറങ്ങാൻ നോക്കിയപ്പോഴറിയുന്നു വണ്ടിക്ക് അവിടെ സ്റ്റോപ്പില്ലെന്ന്. കിലോമീറ്ററുകൾക്കപ്പുറമുള്ള ഷൊർണൂർ സ്റ്റേഷനിൽ ഇറങ്ങിയ നാൽപ്പതോളം യാത്രക്കാർ പാതിരാത്രി പെരുവഴിയിലായി. മലബാർ എക്സ്‌പ്രസിൽ ഞായറാഴ്ചയാണ് സംഭവം.

കണ്ണപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് കുറ്റിപ്പുറം, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് യാത്രചെയ്തവരാണ് വലഞ്ഞത്. മലബാർ എക്സ്പ്രസിന് ഇവിടങ്ങളിൽ സ്റ്റോപ്പില്ലാത്തതിനാൽ രാത്രി ഒന്നിന് ഷൊർണൂരിലാണ് ഇവർക്ക് ഇറങ്ങേണ്ടിവന്നത്. സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകളിലേക്കാണ് അധികൃതർ ടിക്കറ്റ് നൽകിയത്.

Signature-ad

കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പട്ടാമ്പി കാഞ്ഞിരത്താണി സ്വദേശി സലീം അലിയും 35 പേരും തിരിച്ചുപോകാൻ കണ്ണപുരം സ്റ്റേഷനിൽനിന്നാണ് ജനറൽ ടിക്കറ്റെടുത്തത്. വണ്ടി രാത്രി എട്ടരയ്ക്കായിരുന്നു. കുറ്റിപ്പുറം സ്റ്റോപ്പുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റ് നൽകിയതെന്ന് സലീം പറയുന്നു.

വണ്ടി കുറ്റിപ്പുറവും പട്ടാമ്പിയും നിർത്താതെ പോയപ്പോൾ സ്ത്രീകളും കുട്ടികളും അടക്കം പരിഭ്രാന്തിയിലായി. രാത്രി 1.10-ന് ഷൊർണൂരിൽ വണ്ടി നിർത്തിയപ്പോൾ അവിടെ ഇറങ്ങി. ഇതേ വണ്ടിയിൽ ഫറോക്കിൽനിന്ന് പട്ടാമ്പിയിലേക്ക് ജനറൽ ടിക്കറ്റെടുത്ത രണ്ട് യാത്രാസംഘങ്ങൾക്കും അവിടെ സ്റ്റോപ്പില്ലാത്തതിനാൽ ഷൊർണൂരിൽ ഇറങ്ങേണ്ടിവന്നു. കുട്ടികളെയും കൊണ്ട് രാത്രി ബുദ്ധിമുട്ടിയതായി പട്ടാമ്പി സ്വദേശി സാജിതയും കുടുംബവും പറഞ്ഞു. സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലേക്ക് ഉദ്യാഗസ്ഥർ എങ്ങനെ ടിക്കറ്റ് നൽകിയെന്നാണ് പട്ടാമ്പിയിൽ ഇറങ്ങേണ്ടിയിരുന്ന ജലീലിന്റെ ചോദ്യം. ഇവർ റെയിൽവേക്ക് പരാതി നൽകി.

റെയിൽവേ പറയുന്ന ന്യായീകരണമാണ് വിചിത്രം:

കണ്ണപുരം സ്റ്റേഷനിൽ വൈകീട്ട് ആറുമണിവരെ മാത്രമേ ടിക്കറ്റ് നൽകുന്ന സ്റ്റാഫ് ഉണ്ടാകൂ. അതിനുശേഷം ടിക്കറ്റ് നൽകേണ്ടത് സ്റ്റേഷൻ മാസ്റ്ററാണ്. ഇരുഭാഗത്തേക്കും വണ്ടികൾ പോകുന്ന തിരക്കുള്ള സമയമായ രാത്രി 7.30-നാണ് ഇവർക്ക് ടിക്കറ്റ് നൽകിയത്. വണ്ടി നിയന്ത്രിക്കലും ടിക്കറ്റ് നൽകലും ഈ സമയം നടത്തണം. കുറ്റിപ്പുറത്തേക്ക് ടിക്കറ്റ് വേണമെന്ന് യാത്രക്കാർ പറഞ്ഞപ്പോൾ തിരക്കിനിടയിൽ ടിക്കറ്റ് കൊടുത്തതാണത്രേ. അവിടെ സ്റ്റോപ്പ് ഉണ്ടോ എന്ന് സ്റ്റേഷൻ മാസ്റ്റർ നോക്കാത്തതാണ് അബദ്ധമായത്. ലോക്ഡൗണിനു മുൻപ് മലബാർ എക്സ്പ്രസിന് പട്ടാമ്പി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരുന്നു.

Back to top button
error: