റിയാദ്: വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. വൈദ്യപരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഞായറാഴ്ചയാണ് സൽമാൻ രാജാവ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി വിട്ടതെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സുഖാരോഗ്യങ്ങൾക്കായി പ്രാർഥിച്ച സൗദിയിലെ ജനങ്ങൾക്കും സന്ദേശങ്ങൾ അയച്ച് ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്ട്ര നേതാക്കൾക്കും സൽമാൻ രാജാവ് നന്ദി അറിയിച്ചു. മെയ് ഏഴിന് വൈകുന്നേരമാണ് വൈദ്യപരിശോധനകൾക്കായി സൽമാൻ രാജാവിനെ ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെയ് എട്ടിന് ഉച്ചക്ക് ശേഷം അദ്ദേഹത്തെ കൊളോനോസ്കോപ്പി പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് കുറച്ചുദിവസം ആശുപത്രിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.