KeralaNEWS

തമ്പാനൂരിൽ ട്രെയിൻ തട്ടി റെയിൽവെ ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ കാൽ അറ്റുപോയി; അപകടത്തിൽ ദുരൂഹത

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ഷഡിംഗ് യാ‍ർഡിൽ ട്രെയിൻ തട്ടി രണ്ടു പേർക്ക് പരിക്ക്. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ട്രെയിനിക്കുമാണ് പരിക്കേറ്റത്. രാത്രി എട്ടു മണിയോടെയാണ് യാർഡിന് സമീപം സീനിയർ സെക്ഷൻ എഞ്ചിനിയർ രാം ശങ്കർ പരിക്കുകളോടെ കിടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

രാം ശങ്കറിനെ വലതുകാൽ മുറിഞ്ഞ പോയ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തായി അപ്രൻറീസായ മിഥുനും പരിക്കുകളോടെ കിടക്കുന്നത് പൊലീസ് കണ്ടു. മിഥുനെയും ആശുപത്രിയിലേക്ക് മാറ്റി. ഷെഡിംഗ് യാർഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം.

ഇവർക്ക് എങ്ങനെയാണ് ട്രെയിൻ തട്ടിയതെന്ന കാര്യം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല. നേത്രാവതി എക്സ്പ്രസ് തട്ടിയതാണെന്ന് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. ആർപിഎഫും റെയിൽവേ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: