NEWS

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാം

ഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലം കൂടിയാണ്.ചീറ്റലും തുമ്മലും കഫക്കെട്ടും എല്ലാം സ്വാഭാവികമാണെങ്കിലും ഗുരുതരങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവയും മഴക്കാലത്ത് വ്യാപകമാണ്. മഴക്കാലത്ത് ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പണ്ടേ വ്യാപകമായിരുന്നെങ്കിലും പകര്‍ച്ചവ്യാധികള്‍ ഇത്രയും രൂക്ഷമായത് ഈ അടുത്തകാലത്താണ്. പ്രധാനമായും മൂന്നുതരം പകര്‍ച്ചവ്യാധികളാണ് മണ്‍സൂണ്‍കാലത്ത് പ്രത്യക്ഷപ്പെടുന്നത.് ജലജന്യരോഗങ്ങള്‍, വായുവിലൂടെ പകരുന്നവ, വാഹകജീവികളിലൂടെ പകരുന്നവ. വൈറസുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ വായുവിലൂടെ പകരുമ്പോള്‍, ജലത്തിലൂടെ ഉദരസംബന്ധിയായ ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം എന്നിവ വ്യാപിക്കുന്നു. വാഹകജീവികള്‍ പരത്തുന്ന രോഗങ്ങള്‍ മുഖ്യമായും കൊതുകിലൂടെ വ്യാപിക്കുന്ന ചിക്കുന്‍ ഗുനിയ, പന്നിപ്പനി, മലേറിയ, ജപ്പാന്‍ജ്വരം എന്നിവയാണ്.
മഴക്കാലത്ത് ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവിലും തീക്ഷ്ണതയിലും മാന്ദ്യം സംഭവിക്കുന്നതിനാല്‍, രോഗാണുക്കള്‍ക്കും, രോഗാണുവാഹകരായ കൊതുകുപോലുള്ള ക്ഷുദ്രജീവികള്‍ക്കും പ്രജനത്തിന് അനുകൂലമാകും. മഴക്കാലത്ത് വെള്ളം സ്പര്‍ശിക്കാതെ നമുക്കു ജീവിക്കാനാവില്ല. ഇതു രോഗബാധ കൂടുതല്‍ സംക്രമിക്കപ്പെടാന്‍ കാരണമാകുന്നു. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു എലിമൂത്രത്തിലൂടെ ജലത്തിലെത്തിയാണ് മനുഷ്യരില്‍ രോഗകാരിയാകുന്നത്.
മഴക്കാലത്ത് ഏറ്റവും അധികം പടര്‍ന്നുപിടിക്കുന്ന രോഗമാണ് വൈറല്‍ ഫീവര്‍. കടുത്ത ശരീരവേദന, തലവേദന, പനി, കുളിര് എന്നീ ലക്ഷണങ്ങളുള്ള ഈ പനി ഒരാഴ്ചയെടുക്കും സുഖപ്പെടാന്‍. രോഗം പകരുന്നതാകയാല്‍ വൈറല്‍ ഫീവര്‍ ബാധിച്ചവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും ചൂടുവെള്ളത്തില്‍ കഴുകുകയും വേണം. എലിപ്പനിക്കു കാരണം എലിമൂത്രത്തിലൂടെ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതാണ്. പേശീവേദന, കണ്ണുചുവപ്പ്, പനി, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തക്കസമയത്ത് ചികിത്സ ചെയ്തില്ലെങ്കില്‍ കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായി മരണംവരെ സംഭവിക്കാം.കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന “ഈഡിസ് ഈജിപ്തി’ എന്ന ഇനം കൊതുകാണ് രോഗം പരത്തുന്നത്. സാധാരണ പനിയായിട്ടാകും രോഗം ആരംഭിക്കുക. തുടര്‍ന്ന് ശക്തമായ ശരീരവേദന അനുഭവപ്പെടും. എല്ല് നുറുങ്ങുംപോലെ വേദന ഉണ്ടാകുമെന്നതിനാല്‍ “ബ്രേക്ക് ബോണ്‍ ഡിസീസ്’ എന്ന പേരും ഇതിനുണ്ട്.
പനി തുടങ്ങി മൂന്നാം ദിവസം കണ്ണുചുവക്കും, ചെറിയ ചുവന്ന കുരുക്കള്‍ ദേഹത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും രക്തസ്രാവം സംഭവിക്കുകയും ചെയ്യും. രക്തസമ്മര്‍ദം കുറഞ്ഞ് രോഗി മരിക്കാനുള്ള സാധ്യത ഏറെയാണ്. പനി, സന്ധികളില്‍ നീര്, വേദന, ദേഹത്ത് ചുവന്ന തടിപ്പ് തുടങ്ങിയ ലക്ഷണങ്ങളോടെ നിവര്‍ന്നുനില്‍ക്കാന്‍പോലും കഴിയാതെ രോഗി മാസങ്ങളോളം കഷ്ടപ്പെടും. രോഗം ഭേദപ്പെട്ടാലും സന്ധിവേദന വളരെക്കാലം തുടര്‍ന്നേക്കാം.
വയറിളക്കം മഴക്കാലത്തെ ഒരു പ്രധാന രോഗമാണ്. ജലരൂപത്തില്‍ തുടര്‍ച്ചയായി മലവിസര്‍ജനം, വയറുവേദന, ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള ഈ രോഗത്തില്‍, ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് രോഗി വേഗംതന്നെ അവശനായിത്തീരും. ജലാംശം തക്കസമയത്തുതന്നെ ശരീരത്തിനു ലഭിച്ചില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. ടൈഫോയ്ഡിന്റെ മുഖ്യലക്ഷണങ്ങള്‍ തുടര്‍ച്ചയായ പനിയും, തലവേദന, വിറയല്‍ എന്നിവയുമാണ്. ചിലപ്പോള്‍ കറുത്ത നിറത്തില്‍ മലം സ്രവിച്ചുപോകും. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ രോഗം പകരുന്നു. രോഗം ശമിച്ചാലും രണ്ടുമാസത്തോളം രോഗിയുടെ വിസര്‍ജ്യത്തിലൂടെ രോഗാണുക്കള്‍ പടരുന്നു. മഴക്കാലത്ത് വ്യാപകമായി പടര്‍ന്നുപിടിക്കുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം. ജലത്തിലാണ് ഇതിന്റെ രോഗാണുക്കള്‍ കാണപ്പെടുന്നത്. വിശപ്പില്ലായ്മ, കടുത്ത ക്ഷീണം, ഛര്‍ദി എന്നിവയ്ക്കൊപ്പം, മൂത്രത്തിനും കണ്ണുകള്‍ക്കും നല്ല മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും ചെയ്യും. രക്തപരിശോധനയിലൂടെ രോഗം നിര്‍ണയിക്കാന്‍കഴിയും. ആഹാരത്തിലൂടെയും ദുഷിച്ച ജലത്തിലൂടെയും പകുരന്ന മറ്റൊരു രോഗമാണ് കോളറ. ഛര്‍ദിയും വയറിളക്കവും പനിയുമാണ് മുഖ്യലക്ഷണങ്ങള്‍. വയറിളകുന്നത് കഞ്ഞിവെള്ളത്തിന്റെ നിറത്തിലാകും.രോഗി ജലാഭാവത്താല്‍ തലചുറ്റി വീഴാനിടയുണ്ട്. വൈദ്യസഹായം ഉടന്‍ ലഭ്യമാക്കേണ്ട രോഗമാണിത്.
മേല്‍സൂചിപ്പിച്ച മിക്ക രോഗങ്ങളും ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരുന്നവയാണെന്നും, രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് രോഗം വ്യാപിക്കുന്നതെന്നും കാണാം. പൊതുവായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതിലൂടെ സമീപപ്രദേശങ്ങളിലെല്ലാം രോഗാണുക്കള്‍ പടരുന്നു. ചെടികളിലും ഇലകളിലും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പുറത്തും ഇവ എത്തിച്ചേരും. ജലത്തിലൂടെ ദൂരപ്രദേശങ്ങളിലും രോഗാണുക്കള്‍ എത്തിപ്പെടാം. കായ്കനികളും പച്ചക്കറികളും വേണ്ടത്ര ശുചിയാക്കാതെയും വേവിക്കാതെയും ഭക്ഷിക്കുമ്പോള്‍ അവ മറ്റുള്ളവരില്‍ എത്തിപ്പെടാം. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ജലം മാലിന്യം ഉള്ളതായാലും അണുബാധയ്ക്കു കാരണമാകും.
അശുചിയായ ജലം വര്‍ജിക്കുക. നല്ലവണ്ണം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷ്യവസ്തുക്കള്‍ ഒരിക്കലും തുറന്നുവയ്ക്കരുത്. ആഹാരം നന്നായി വേവിച്ചുമാത്രം ഉപയോഗപ്പെടുത്തുക. ആസ്മാ രോഗികള്‍ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത തണുപ്പ് ശ്വാസംമുട്ടലും ചുമയും വര്‍ധിപ്പിക്കും. പ്രമേഹരോഗികള്‍ അവരുടെ പാദങ്ങള്‍ മഴക്കാലത്ത് പ്രത്യേകിച്ചും സംരക്ഷിക്കണം. ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ ദിവസവും കുറച്ചുസമയം പാദങ്ങള്‍ മുക്കിവച്ചിരിക്കുന്നതു നല്ലതാണ്. തുടര്‍ന്ന് നന്നായി തുടച്ചുവൃത്തിയായി സൂക്ഷിക്കുക. സന്ധിവാതരോഗികളിലും മഴക്കാലത്തെ തണുപ്പ് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാല്‍ തണുപ്പേല്‍ക്കാതെ സൂക്ഷിക്കുക. കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ സഹായകമാണെന്നതിനാല്‍ വീട്ടിനുള്ളിലോ ചുറ്റുപാടുമോ ഒരു കാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരരുത്. തിളപ്പിച്ചാറ്റിയ വെള്ളം അടച്ചുവെച്ച് സൂക്ഷിച്ചുമാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ചെരിപ്പ് ഉപയോഗിച്ചുമാത്രം യാത്രചെയ്യുക. പച്ചക്കറികളും, പഴവര്‍ഗങ്ങളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക.
തണുത്ത ആഹാരപാനീയങ്ങളും തുറന്നുവച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാന്‍പാടില്ല. ചളിവെള്ളത്തില്‍ കുളിക്കാന്‍പാടില്ല. കുഞ്ഞുങ്ങളെ അതില്‍ കളിക്കാനും അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൈക്കൊള്ളണം. ശരീരത്തില്‍ വേപ്പെണ്ണ പുരട്ടിയശേഷം മാത്രം വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലിക്കിറങ്ങുക. രോഗാണുക്കളെ പ്രതിരോധിക്കാന്‍ ഒരുപരിധിവരെ ഇത് ഉപകരിക്കും. അശുദ്ധജലത്തില്‍ കാലുകള്‍ സ്പര്‍ശിക്കുന്നതാണ് വളംകടിയുടെ പ്രധാന കാരണം. ഇങ്ങനെ ചില മുന്‍കരുതലുകളെടുത്താല്‍ മഴക്കാലം രോഗകാലം അല്ലാതാക്കാന്‍ കഴിയും. കടുത്ത വ്യായാമങ്ങളും പകലുറക്കവും മഴക്കാലത്ത് വര്‍ജിക്കണം. തണുപ്പും കാറ്റും ഏറ്റുകൊണ്ടുള്ള ദീര്‍ഘദൂരയാത്ര ഹിതമല്ല. ആഹാരം കഴിക്കുന്നതിനു മുമ്പും ടോയ്ലറ്റില്‍ പോയിക്കഴിഞ്ഞും സോപ്പുകൊണ്ട് കൈ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം. പഴകിയതും അശുചിയായതുമായ ഭക്ഷണ പാനീയങ്ങള്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. ചുരുക്കത്തില്‍ ഓരോ വ്യക്തിയും സ്വന്തം ആരോഗ്യം സംരക്ഷിക്കുകയും വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പുവരുത്തുകയും ചെയ്താല്‍ മഴക്കാലരോഗങ്ങളെ നമുക്ക് പൂര്‍ണമായും പ്രതിരോധിക്കാനാകും.

Back to top button
error: