IndiaNEWS

ജ്യോതിരാദിത്യ സിന്ധ്യ മുതൽ കെ.വി തോമസ് വരെ, പ്രതിസന്ധികാലത്ത് കോൺഗ്രസിനോട് വിട പറഞ്ഞ പ്രമുഖ നേതാക്കൾ

കോൺഗ്രസിന് ജീവരക്തം നൽകാൻ രാജസ്ഥാനിലെ ഉദയ്പൂരിൽ ചിന്തൻ ശിബരം നടന്നുകൊണ്ടിരിക്കെ ഒരു മുതിർന്ന നേതാവ് കൂടിപാർട്ടി വിട്ടു. മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറാണ് പാർട്ടിയോടു ‘ഗുഡ് ബൈ’ പറഞ്ഞത്.

ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിനെ ജ്യോതിരാദിത്യ സിന്ധ്യ മുതലാരംഭിച്ച ഈ കൊഴിഞ്ഞുപോക്ക് എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Signature-ad

1. സുനിൽ ജാഖർ

ഡൽഹിയിലിരുന്ന് കോൺഗ്രസ് നേതാക്കൾ പഞ്ചാബിലെ പാർട്ടിയെ നശിപ്പിക്കുകയാണെന്നും ഈ അവസ്ഥയിൽ മുന്നോട്ടുപോവാനാവില്ലെന്നും സുനിൽ ജാഖർ പറഞ്ഞു. ഇതുവരെ കൈകാര്യം ചെയ്ത എല്ലാ പാർട്ടി അക്കൗണ്ടുകളും സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കംചെയ്താണ് ജാഖർ, പാർട്ടി വിടുന്ന പ്രഖ്യാപനം നടത്താനായി ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. ‘ഗുഡ് ബൈ, ഗുഡ് ലക്ക് കോൺഗ്രസ്’ എന്ന് പറഞ്ഞുകൊണ്ട് സുനിൽ ജാഖർ കോൺഗ്രസിനോടു വിടപറഞ്ഞു.

2. ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് സർക്കാരിനെ ത്രിശങ്കുവിലാക്കിയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടത്. പിന്നീട് സിന്ധ്യ ബി.ജെ.പിയിൽ ചേർന്നു. സിന്ധ്യയെ അനുകൂലിക്കുന്ന എം.എൽ.എമാർ ഗവർണർക്കു രാജിക്കത്ത് നൽകിയതോടെ കോൺഗ്രസ് സർക്കാർ നിലം പതിച്ചു.

3. അമരീന്ദർ സിങ്

കോൺഗ്രസിന് വലിയ ആഘാതം ഏല്പിച്ചാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പാർട്ടി വിട്ടത്. നേരത്തെ അധികാരത്തർക്കത്തെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ച് ബി.ജെ.പിയുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച അമരീന്ദറിന് പക്ഷേ കാലിടറി.

4. അശ്വനി കുമാർ

മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടത് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. 46 വർഷത്തെ കോൺഗ്രസ് ബന്ധമാണ് അശ്വനി കുമാർ ഉപേക്ഷിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

5. റിപുൻ ബോറ

അസം മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭാ അംഗവുമായിരുന്ന റിപുൻ ബോറ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിലാണ് ചേർന്നത്.

6. ജിതിൻ പ്രസാദ

ഉത്തർപ്രദേശിൽ പാർട്ടി വിട്ട നേതാക്കളിൽ പ്രമുഖനാണ് ജിതിൻ പ്രസാദ. മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിലാണ് ചേർന്നത്. കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നവരിൽ ജിതിൻ പ്രസാദയുമുണ്ടായിരുന്നു.

7. പി.സി. ചാക്കോ

പാർട്ടിയിൽ അവഗണന എന്നാരോപിച്ചാണ് ലോക്സഭയിലും നിയമസഭയിലും ഒട്ടേറെ തവണ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച മുതിർന്ന നേതാവ് പി.സി ചാക്കോ പാർട്ടി വിട്ടത്. ഹൈക്കമാൻഡിനെതിരെയും പാർട്ടിയിലെ ഗ്രൂപ്പുകൾക്കെതിരെയും രൂക്ഷവിമർശനമാണ് പാർട്ടി വിടുന്ന വേളയിൽ അദ്ദേഹം ഉന്നയിച്ചത്. കോൺഗ്രസ് വിട്ട അദ്ദേഹം എൻ.സി.പിയിൽ ചേർന്നിരുന്നു.

8. ആർ.പി.എൻ സിങ്

രാഹുൽ ബ്രിഗേഡിലെ വരുംതലമുറ നേതാവെന്ന് വിശേഷിക്കപ്പെട്ട ആർപിഎൻ സിങ്ങാണ് കോൺഗ്രസ് വിട്ട മറ്റൊരു പ്രമുഖ നേതാവ്. യുപിഎ സർക്കാരിൽ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആർപിഎൻ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.

കേരളത്തിൽ കോൺഗ്രസ് വിട്ട ചില പ്രമുഖർ
1. ടി.കെ.ഹംസ (സി.പി.എം)
2. ഷാഹിദ കമൽ (സി.പി.എം )
3. റോസാകുട്ടി ടീച്ചർ (സി.പി.എം)
4. ശോഭന ജോർജ് (സി.പി.എം)
5. സുജയ വേണുഗോപാൽ (സി.പി.എം)
6. പി എസ് പ്രശാന്ത് (സി.പി.എം )
7. കെ.പി അനികുമാർ (സി.പി.എം)
8. പി.വി അൻവർ (സി.പി.എം സഹയാത്രികൻ)
9. വി അബ്ദുറഹ്മാൻ (സി.പി.എം സഹയാത്രികൻ)
10. ലതിക സുഭാഷ് (എൻ.സി പി)
11. പി. എം സുരേഷ് ബാബു (എൻ.സി പി)
12. കെ.വി തോമസ്

Back to top button
error: