NEWS

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു; സുരേഷ് ഗോപിക്ക് പൊങ്കാല

തൃശ്ശൂര്‍: പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.ഞായറാഴ്ച്ചത്തെക്കാണ് മാറ്റിയത്.

രണ്ടാം തവണയാണ് വെടിക്കെട്ട് മാറ്റിവെയ്ക്കുന്നത്.ചൊവ്വാഴ്ച രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്നാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.വൈകുന്നേരം ശക്തമായ മഴ അനുഭവപ്പെട്ടതോടെയാണ് വെടിക്കെട്ട് വീണ്ടും ഞായറാഴ്ച്ചത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്.ശനിയാഴ്ച്ച രാത്രി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അതേസമയം സുരേഷ് ഗോപിക്കെതിരെ പൊങ്കാലയുമായി പൂരപ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.സുരേഷ് ഗോപിയാണ് പൂരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് അനുമതി വാങ്ങി തന്നത് എന്ന് മട്ടിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.പൂരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് ദ്രുതഗതിയിൽ അനുമതി നേടിത്തന്ന സുരേഷ് ഗോപിക്ക് നന്ദിയെന്ന് ഇതിന് പിന്നാലെ പാറമേക്കാവ് ദേവസ്വം പ്രസ്താവനയും ഇറക്കിയിരുന്നു. സുരേഷ് ഗോപി ഇല്ലായിരുന്നെങ്കിൽ ഏറെ ബുദ്ധിമുട്ടിയേനെ എന്നും ഇതിന് തൃശൂർ പൂരപ്രേമികൾ എന്നും താങ്കളോട് കടപ്പെട്ടിരിക്കുമെന്നുമായിരുന്നു ദേവസ്വം കുറിപ്പിൽ വ്യക്തമാക്കിയത്.

എല്ലാവരുടെയും സ്‌നേഹത്തിനു നന്ദി എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ അതിന് മറുപടിയായി കുറിക്കുകയും ചെയ്തു. തന്നാൽ ആകുന്നത് ഇനിയും തൃശൂരിനു വേണ്ടി ചെയ്യും.എല്ലാ പ്രൗഢിയോടും കൂടി നമ്മുക്ക് ഇനിയങ്ങോട്ട് പൂരം ഗംഭീരമാക്കാം എന്നാണ് താരം പറഞ്ഞത്.ഇതാണ് പൊങ്കാലയ്ക്ക് കാരണം.ഇതിന് പിന്നാലെയായിരുന്നു സവർക്കറുടെ ചിത്രം പതിപ്പിച്ച കുട വിവാദം.അതിന് പിന്നിലും സുരേഷ് ഗോപി ആയിരുന്നു എന്നതാണ് വിമർശനത്തിന്റെ കാതൽ.

Signature-ad

 

 

കോവിഡ് പ്രതിസന്ധിയൊഴിഞ്ഞ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൂരം കെങ്കേമമായി ആഘോഷിക്കാന്‍ നാടൊന്നാകെ ഒരുങ്ങിയ സമയത്താണ് പുത്തരിയില്‍ കല്ല് കടിച്ചതു പോലെ ചില വിവാദങ്ങൾ ഉയര്‍ന്നു വരുന്നത്.പൂരത്തിലെ ആകര്‍ഷണീയമായ തെക്കേനടയിലെ കുടമാറ്റത്തില്‍ ഉയര്‍ത്താനുള്ള സ്പെഷല്‍ കുടകളില്‍ ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറുടെ ചിത്രവും ആലേഖനം ചെയ്തതായിരുന്നു വിവാദങ്ങൾക്ക് കാരണം.പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്പെഷ്യല്‍ കുടകളിലായിരുന്നു സവർക്കറുടെ ചിത്രം പതിപ്പിച്ചത്.ഇതിന് പിന്നിലും സുരേഷ് ഗോപി ആയിരുന്നു.രണ്ടു മാസത്തിലേറെയായി വിഷുക്കൈനീട്ടം ഉൾപ്പടെ കലാപരിപാടികളുമായി സുരേഷ് ഗോപി തൃശ്ശൂരിലുണ്ട്.അടുത്ത തവണ തൃശ്ശൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം.ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്.അതിനുവേണ്ടിയുള്ള കോപ്രായങ്ങളാണ് ഇതെന്നാണ് വിമർശനം.അതിനു പിന്നാലെയാണ് ഇപ്പോൾ പൂരത്തിന്റെ ഏറ്റവും ആകർഷകമായ വെടിക്കെട്ട് വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നതും.

Back to top button
error: