BusinessTRENDING

പറന്നുയരാന്‍ ഒരുങ്ങി ജെറ്റ് എയര്‍വേസ്; ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ജെറ്റ് എയര്‍വേസ്. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നല്‍കിയതായി ഔദ്യോഗിക രേഖ പുറത്തുവന്നു. നിലവില്‍ ജെറ്റ് എയര്‍വേസിന്റെ പ്രൊമോട്ടര്‍ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യമാണ്. ജെറ്റിന്റെ പഴയ ഉടമസ്ഥന്‍ നരേഷ് ഗോയലാണ്. 2019 ഏപ്രില്‍ 17 നാണ് എയര്‍ലൈന്‍സ് അവസാന സര്‍വീസ് നടത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച, എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി എയര്‍ലൈന്‍, ഹൈദരാബാദ് വിമാനത്താവളത്തിലേക്കും തിരിച്ചും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. മെയ് ആറിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എയര്‍ലൈന്‍സിന് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് അനുവദിച്ചതായി അറിയിച്ചു.

Signature-ad

മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച സെക്യൂരിറ്റി ക്ലിയറന്‍സിന്റെ അടിസ്ഥാനത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഓപ്പറേറ്റര്‍ പെര്‍മിറ്റിനായി കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ മാറ്റാനും സുരക്ഷാ ക്ലിയറന്‍സ് അറിയിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഏവിയേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ ഡിജിസിഎയ്ക്കും ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്റര്‍ ബിസിഎഎസിനും കത്ത് അയച്ചിട്ടുണ്ട്. വിമാനവും അതിന്റെ ഭാഗങ്ങളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. പരീക്ഷണ പറക്കലിന് ശേഷം, ഡിജിസിഎ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുകയായിരുന്ന ജെറ്റ് എയര്‍വേസ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2019 ഏപ്രില്‍ 17 ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. 2019 ജൂണില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള ലെന്‍ഡര്‍മാരുടെ ഒരു കണ്‍സോര്‍ഷ്യം 8,000 കോടി രൂപയിലധികം കുടിശ്ശിക തിരിച്ചുപിടിക്കാന്‍ പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്തു. 2020 ഒക്ടോബറില്‍, യുകെയിലെ കല്‍റോക്ക് ക്യാപിറ്റലിന്റെയും യുഎഇ ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാല്‍ ജലന്റെയും കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പ്രമേയം എയര്‍ലൈന്‍ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി (സിഒസി) അംഗീകരിച്ചു. 2021 ജൂണില്‍, ഈ റെസല്യൂഷന്‍ പ്ലാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലും അംഗീകരിച്ചു.

Back to top button
error: