തൃശൂർ :പൂരത്തോടനുബന്ധിച്ച് ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്പെഷ്യല്‍ കുടകള്‍ക്കെതിരെ മന്ത്രി രാധാകൃഷ്ണനും സി.പിഎമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണെന്ന് ബി ജെ പി തൃശൂർ ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ കെ അനീഷ് കുമാര്‍ ആരോപിച്ചു.
ആൻഡമാനിൽ ജയില്‍വാസം അനുഭവിച്ച വീര സവര്‍ക്കറെ വിമര്‍ശിക്കാന്‍ കമ്മ്യൂണിസ്റ്റുകാരുടെ യോഗ്യതയെന്താണെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കണം എന്നും കെ കെ അനീഷ് കുമാര്‍ പറഞ്ഞു.
അതേസമയം തൃശൂര്‍ പൂരത്തിന്റെ ചമയ പ്രദര്‍ശനത്തില്‍ സവര്‍ക്കറുടെ ചിത്രമുള്ള കുട ഉപയോഗിച്ചതിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നത്.സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്‌പെഷ്യല്‍ കുടയിലായിരുന്നു വിഡി സവര്‍ക്കറും ഇടം പിടിച്ചത്. ഇതിനിതിരെ സി പി എം, കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു.
സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഉള്‍പ്പടേയുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തി. ഇതേ തുടര്‍ന്ന് കുട പ്രദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കുകുയം ചെയ്തു. എന്നാല്‍ സ്വാതന്ത്ര സമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ക്കെതിരെ മന്ത്രിയും സി പി ഐ എമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.
പൂരം കുടമാറ്റത്തിനുള്ള സവര്‍ക്കറുടെ ചിത്രമുള്ള കുട പിന്‍വലിക്കാന്‍ തയ്യാറായ ദേവസ്വം നടപടി അഭിനന്ദനാര്‍ഹമാണെന്ന് തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനും പറഞ്ഞു.സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും പരിഷ്‌കര്‍ത്താക്കള്‍ക്കുമൊപ്പം സവര്‍ക്കര്‍ എന്ന ഒറ്റുകാരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത് പ്രത്യേക അജണ്ടയുടെ ഭാഗമായിരുന്നു.ഇത് തിരുത്തുന്നതു വഴി ആഴത്തിലുള്ള രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളാന്‍ ഇത്തരം നിലപാടുകള്‍ സഹായകരമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആര്‍എസ്‌എസ്സുകാര്‍ പൂജിക്കുന്ന ആളാണ് സവര്‍ക്കര്‍.അഞ്ചു തവണയാണ് മാപ്പപേക്ഷ എഴുതിയത്.ഓരോ മാപ്പപേക്ഷയിലും ബ്രിട്ടീഷ് വിധേയത്വം തുളുമ്ബി നിന്നത് കാണാമായിരുന്നു. കോണ്‍ഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്യാന്‍ ഒറ്റുവേല ചെയ്തു. സവര്‍ക്കറിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഗോഡ്‌സെയാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.