NEWS

ചെങ്ങന്നൂർ സ്വിഫ്റ്റ് ബസ് അപകടത്തിന് കാരണം കാർ ഡ്രൈവർ ഉറങ്ങിപ്പോയത്

ചെങ്ങന്നൂർ: എംസി റോഡിൽ മുളക്കുഴയിൽ ബുധനാഴ്ച രാത്രി കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് സുഹൃത്തുക്കളായ രണ്ടു യുവാക്കൾ. എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയ് (25), ചേർത്തല പള്ളിപ്പുറം കെആർ പുരം കണിച്ചേരി വെളി സജീവിന്റെ മകൻ വിഷ്ണു (26) എന്നിവരാണു മരിച്ചത്. ഷിനോയ് കൊട്ടാരക്കര നാടല്ലൂർ മഹാശിവക്ഷേത്രത്തിലും വിഷ്ണു ചോറ്റാനിക്കര എരിവേലി ശ്രീവല്ലേശ്വരം ക്ഷേത്രത്തിലും കീഴ്‌ശാന്തിമാരാണ്.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെ മുളക്കുഴ വില്ലേജ് ഓഫിസിനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നു ബത്തേരിക്കു പോയ സ്വിഫ്റ്റ് ബസും എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. നിശ്ശേഷം തകർന്ന കാർ ബസിനടിയിൽ കുടുങ്ങി. ഇതുവഴിയെത്തിയ ലോറിയിൽ കയർ കെട്ടി വലിച്ചാണു കാർ പിന്നോട്ടു നീക്കിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്ന് അരമണിക്കൂറോളം പണിപ്പെട്ടാണു കാറിനുള്ളിൽ കുടുങ്ങിയ വിഷ്ണുവിനെയും ഷിനോയിയെയും പുറത്തെടുത്തത്.
ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നെന്നു പൊലീസ് പറഞ്ഞു.അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ഷിനോയിയുടെ അമ്മ: വിജി. സഹോദരി: ഷിജി. വിഷ്ണുവിന്റെ അമ്മ: ഗിരിജ, സഹോദരി: മഞ്ജുള.

Back to top button
error: