പത്തനംതിട്ട: വിവിധ ട്രഷറികളില്‍ നടന്ന തട്ടിപ്പുകളിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. പെരുനാട് സബ്ട്രഷറിയിലെ കാഷ്യറായിരുന്ന സി.ടി.ഷഹറീനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. പത്തനംതിട്ട ജില്ലാ ട്രഷറിയിലും പെരുനാട്, മല്ലപ്പള്ളി, എരുമേലി സബ് ട്രഷറികളിലുമാണ് തട്ടിപ്പ് നടന്നത്. സി.ടി.ഷഹീർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മരിച്ചുപോയ ആളുടെ സ്ഥിര നിക്ഷേപത്തിൽ നിന്നാണ് തട്ടിപ്പ് നടന്നത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. 8.13 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.
കണ്ണൂരിലും തിരുവനന്തപുരത്തുമടക്കം സംസ്ഥാനത്തെ ട്രഷറികളില്‍ നേരത്തെയും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട് . കണ്ണൂർ ജില്ലാ ട്രഷറിയിൽ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് കണ്ണൂർ കൊറ്റാളം സ്വദേശി നിതിൻ രാജിനെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. അക്കൗണ്ട് നമ്പറിലെയോ ഐഎഫ്എസ്‍സി കോഡിലെയോ പ്രശ്നം കാരണം ഗുണഭോക്താക്കൾക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ട്രഷറിയിൽ തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് നിതിൻ രാജ് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2019 മുതൽ ട്രഷറിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലൻസും അന്വേഷണത്തിൽ കണ്ടത്തി.