NEWS

മാസപ്പിറവിയും കോഴിക്കോട്ടെ കാപ്പാടും തമ്മിലുള്ള ബന്ധം എന്താണ്?

രിത്ര പുരുഷന്‍ വാസ്‌കോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കടലോരം. ദഫിന്റെയും , അറബനയുടേയും താളപ്പെരുക്കമുളള മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാപ്പാട് മാസപ്പിറവിയുടെ നാട് എന്ന പേരിലും കേരളത്തിന് സുപരിചിതമാണ്. അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിൽ  ഏറ്റവും കൂടുതല്‍ തവണ മാസപ്പിറവി കണ്ടിരിക്കുന്നത് കാപ്പാടാണെന്നാണ് ചരിത്രം പറയുന്നത്. കാപ്പാടായാലും , കോഴിക്കോടോ, കൊച്ചിയിലോ ഇരുന്നാലും മാസപ്പിറവി കാണാം . പക്ഷേ  ഗോളശാസ്ത്രം അറിയണമെന്ന് മാത്രം.
കോഴിക്കോട് ജില്ലയിലെ കാപ്പാട്, ബേപ്പൂര്‍, മലപ്പുറം ജില്ലയിലെ തിരൂര്‍, കൂട്ടായി, ചാവക്കാട്, കണ്ണൂര്‍, തലശ്ശേരി, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ കടലോരങ്ങളിലാണ് കേരളത്തില്‍ മാസപ്പിറവിയുടെ ആദ്യ കാഴ്ചയുണ്ടാവാറുളളത്. ഇതില്‍ ഏറ്റവും കൂടുതല്‍ മാസപ്പിറവി കണ്ടത് കാപ്പാട് മാനത്താണ്.  12 മാസപ്പിറവിയും കാണാറുണ്ടെങ്കിലും ഇവയില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നത് റമദാന്‍, ശവ്വാല്‍ മാസപ്പിറവികള്‍ക്കാണ്. റമദാന്‍ നോമ്പിന്റെയും, ശവ്വാല്‍ ചെറിയ പെരുന്നാളിന്റെയും വരവ് അറിയിക്കുന്നതിനാലാണിത്.
സമുദ്രത്തിന്റെ കര, ഉയരമുളള കുന്നിന്‍ പ്രദേശം എന്നിവിടങ്ങളിലാണ് മാസപ്പിറവി പെട്ടെന്ന് ദൃശ്യമാവുക. കേരളത്തില്‍ കൂടുതലായി കാണുന്നത് കടലോരങ്ങളിലാണ്. കടലിന്റെയും , കാറ്റിന്റെയും ദിശയും , മാനത്തിന്റെ ചാഞ്ചാട്ടവും തിരിച്ചറിയുന്നവരുടെ കണ്ണില്‍ മാസപ്പിറവി പെട്ടെന്ന് പ്രത്യക്ഷപ്പെടും. സൂര്യന്റെ ഇടതും , വലതുമായി ആറ് മാസം മാറിമാറിയാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. വളര്‍ച്ച എത്തിയ ചന്ദ്രക്കലയും വളര്‍ച്ച എത്താത്ത ചന്ദ്രക്കലയുമുണ്ട്. വളര്‍ച്ച എത്തിയത് മാനത്ത് ഏറെ നേരമുണ്ടാകും. ഇത് മറ്റൊരാള്‍ക്ക് കാണിച്ചു കൊടുക്കാനും കഴിയും. എന്നാല്‍ വളര്‍ച്ചയില്ലാത്തവ നിമിഷ നേരം കൊണ്ട് മാഞ്ഞ് പോകും. ഇവ കാണുവാനും പ്രയാസമാണ്. മാനം നിരീക്ഷിക്കുന്നവര്‍ക്ക് മഴമേഘങ്ങള്‍ മറച്ചില്ലെങ്കില്‍ മാസപ്പിറവി പെട്ടെന്ന് കാണാന്‍ സാധിക്കും.
ഒരു സമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് മാസപ്പിറവി ദൃശ്യം. ആയതിനാല്‍ തന്നെ മാസപ്പിറവിയുടെ ആദ്യ ദൃശ്യം നഗ്ന നേത്രം കൊണ്ട് കണ്ടാല്‍ തക്ബീര്‍ മുഴക്കും. പിന്നീട് കൂടെയുളളവര്‍ക്ക് കാണിച്ചു നല്‍കും. ഇതിനു ശേഷം പളളി ഖാസിയെ വിവരമറിയിക്കും. പളളി ഖാസിക്ക് വിശ്വാസമുളളയാളാണെങ്കിലും ചോദ്യങ്ങളുണ്ടാകും. ഒരു സമുദായത്തെ ഒന്നടങ്കം വിശ്വസിപ്പിക്കുകയാണ്. ഇത് കളവാക്കപ്പെട്ടാല്‍ വിശ്വസിപ്പിച്ച ആള്‍ക്കാണ് കൊടിയ കുറ്റം. ആയതിനാല്‍ കണ്ട ദൃശ്യത്തിന്റെ പൊരുള്‍ ഖാസിയുടെ ചോദ്യത്തിനനുസരിച്ച് വിശദീകരിക്കണം. ഖാസിക്ക് വിശ്വാസം വരുന്നതോടെയാണ് മറ്റുമഹല്ലുകളിലേക്ക് വിവരം അറിയിക്കുക.
സൂര്യന്‍ അസ്തമിച്ച് മിനുട്ടുകള്‍ കഴിഞ്ഞാണ് ചന്ദ്രന്‍ ദൃശ്യമാവുക. വാവുളള ദിവസങ്ങളില്‍ ചാന്ദ്രദൃശ്യം അപ്രത്യക്ഷമാകും. പിന്നീടുളള ദിവസങ്ങളില്‍ പ്രത്യക്ഷമാകുന്ന ചന്ദ്രപ്പിറവിക്ക് പൂര്‍ണ വളര്‍ച്ച എത്തിയിട്ടുണ്ടാവും. സൂര്യനെപ്പോലെ കിഴക്കിലാണ് ചന്ദ്രനും ഉദിക്കുന്നത്. ഒഴുകി കൊണ്ടിരിക്കുന്ന മേഘങ്ങള്‍ ചന്ദ്രനെ പെട്ടെന്ന് മറക്കുന്നതിനാല്‍ ആദ്യ ചന്ദ്രക്കല ദൃശ്യം അല്‍പ സമയം മാത്രമാണ് ഉണ്ടാവുക.
മുന്‍കാലത്ത് മാസപ്പിറവി കണ്ടത് അറിയിക്കാന്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ പെരുന്നാളും , നോമ്പും വൈകിയ സംഭവങ്ങളും നിരവധിയാണ്. റമദാനില്‍ നോമ്പെടുത്ത് ജോലിക്ക് പോയി പിന്നീട് പെരുന്നാളാണെന്ന് തിരിച്ചറിഞ്ഞ സംഭവങ്ങളും പല നാട്ടിലുമുണ്ടായതായി ചരിത്രം. ഇന്ന് മാസപ്പിറവി കണ്ടാല്‍ ഉടന്‍ പാണക്കാട് തങ്ങളും, കോഴിക്കോട് ഖാസിമാരും ഉറപ്പിക്കുന്നതോടെ വിശ്വാസികള്‍ റമദാനിന്റെയും പെരുന്നാളിന്റെയും ദിനങ്ങളിലേക്ക് കടക്കുന്നു. പളളികളില്‍ നിന്ന് നഖാര മുഴക്കിയും, കതിനവെടി മുഴക്കിയും, ആളുകള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുമാണ് പണ്ട് മാസപ്പിറവി അറിയിച്ചിരുന്നത്. പിന്നീട് റോഡിയോ വഴിയായി. ഇന്ന് മാസപ്പിറവി നിമിഷ നേരംകൊണ്ടറിയാനുളള സാങ്കേതിക വിദ്യയെത്തി.
 ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ മാസപ്പിറവി കാണാന്‍ ചിലപ്പോൾ പെട്ടെന്ന് കഴിയും.റമദാന്‍ ഒഴികെയുളള 11 മാസപ്പിറവികളും രണ്ട് പേര്‍ കാണണമെന്നാണ് ഇസ്‌ലാമിക നിയമം. തുടര്‍ന്ന് സാക്ഷിയുമായി പളളിയിലെത്തി ഖത്വീബിന് മുമ്പില്‍ വിവരിക്കും. എന്നാല്‍ റമദാന്‍ മാസപ്പിറവി നേരിട്ട് ഒരാള്‍ കണ്ടാലും മതി. രണ്ട് സാക്ഷികളുണ്ടാകണമെന്ന് മാത്രം.
സാമൂതിരി രാജവംശത്തിന്റെ ആസ്ഥാന നഗരമായ കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 16 കിലോമീറ്റർ ദൂരെയുള്ള ചരിത്രപരമായ കാപ്പാട് കടപ്പുറം.ലോക വിനോദ ഭൂപടത്തിൽ ചരിത്ര സ്ഥാനമാണ് കാപ്പാടിനുള്ളത്. അതിന്  പ്രധാന കാരണം  1498 ൽ പോർച്ചുഗീസ് നാവികനായ വാസ്‌കോ ഡ  ഗാമയും , 170 പേരടങ്ങുന്ന സംഘവും  കപ്പലിറങ്ങിയ തുറമുഖം എന്ന ചരിത്ര പ്രാധാന്യം നേടിയതുകൊണ്ടാണ്.ഇന്ത്യയിലെ വിദേശ അധിനിവേശ  ചരിത്രം ആരംഭിക്കുന്നത് തന്നെ കാപ്പാട് തീരത്ത് നിന്ന് തന്നെയാകണം. വാസ്‌കോ ഡ ഗാമയുടെ വരവിനു ശേഷം പോർച്ചുഗീസുകാർ കൂടാതെ അറബികൾ, ബ്രിട്ടീഷുകാർ അങ്ങനെ ഇന്ത്യയിൽ വന്നു വ്യാപാരം നടത്തി കാലക്രമേണ ഇന്ത്യ ഭരിക്കുക തന്നെ ചെയ്തു.വാസ്കോ ഡ ഗാമ കപ്പൽ ഇറങ്ങിയതിന്റെ ഓർമ്മക്കായി സമീപ കാലത്തുണ്ടാക്കിയ ഒരു ചെറിയ സ്മാരകം ഇവിടെ ഉണ്ട്. “വാസ്കോ ഡ ഗാമ ഇവിടെ കപ്പക്കടവിൽ 1498ൽ കപ്പൽ ഇറങ്ങി” എന്ന് ഈ സ്മാരകത്തിൽ എഴുതിയിരിക്കുന്നു.
തദ്ദേശീയർക്കിടയിൽ ഈ സ്ഥലം കപ്പക്കടവ് എന്നാണ് അറിയപ്പെടുന്നത്. 2020-ൽ പരിസ്ഥിതിസൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തു.
കാപ്പാട് ബീച്ചിനെ മൂന്ന് പ്രധാന മേഖലയായി തരം തിരിച്ചാണ് കാപ്പാട് വിനോദ മേഖല. കോരപ്പുഴ അഴിമുഖം, കപ്പക്കടവ്, തുവ്വപ്പാറ തുടങ്ങിയവയാണ് ഇവ. ദേശീയ അന്തർദേശീയ പ്രശസ്തി നേടിയ കാപ്പാടിന്റെ മറ്റൊരു അത്ഭുത പ്രത്യേകത തന്നെയാണ് ഈ ഇസ്‌ലാമിക  മാസാരംഭമായ ഹിജ്‌റ മാസപ്പിറവിയുടെ സ്ഥിരീകരണത്തിന്റെ കേന്ദ്രം . അതായത് ഏതാനും നിമിഷം മാത്രം ആകാശത്ത് ദൃശ്യമാകുന്ന ചന്ദ്രക്കല സാധാരണ നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഒരു കടൽ തീരം.  തന്മൂലം നിരവധി പെരുന്നാളും , നോമ്പും  സ്ഥിരീകരിച്ച് ഉറപ്പിച്ചത് ഇവിടെ ദൃശ്യമായ ചന്ദ്രന്റെ അടിസ്ഥാനത്തിലാണ് എന്ന യാഥാർഥ്യം കൂടി കാപ്പാട് കടപ്പുറത്തിനുണ്ട്.
രണ്ട് മുസ്‌ലിം പള്ളികളും ,  ഒരു അമ്പലവും , റിസോർട്‌സും 100 ഓളം കുടുംബങ്ങളും വസിക്കുന്ന കാപ്പാട് കടപ്പുറത്ത് പ്രത്യേകം നിർമ്മിച്ച കടൽ ഭിത്തിയിൽ ഇരുന്നുകൊണ്ട് പടിഞ്ഞാറോട്ട് ദിവസങ്ങൾ നോക്കിയിരുന്നാൽ പോലും സാധാരണക്കാർക്ക് സ്വന്തം നേത്രം കൊണ്ട് കാണാൻ കഴിയാത്ത മാസപ്പിറവി വർഷങ്ങളോളമായി സാധാരണ  നേത്ര  ബിന്ദു കൊണ്ട്  കണ്ട്  ഖാസിമാരുടെ  സദസ്സിൽ വന്ന് തെളിവ് സഹിതം വിശദീകരണം നൽകി മാസം ഉറപ്പിക്കുന്ന  പ്രത്യേക  വിഭാഗവും സ്ഥലവും മറ്റൊരു മഹാത്ഭുതം തന്നെയാണ്.
പല  സ്ഥലങ്ങളിലും  ആധുനിക ടെലിസ്‌കോപ്പിക് യന്ത്ര സാമ്രഗ്രി മുതൽ ഗോള ഗണിത ശാസ്ത്ര കണക്കുകൂട്ടലുകൾ വരെ  നടത്തി സ്ഥിരീകരിക്കുന്നവർക്ക് കാപ്പാടിന്റെ രീതി പഠന മാതൃകയാണ്. വർഷങ്ങളുടെ പരിചയവും , ഖാസിമാരുടെ  സദസ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ധൈര്യവുമാണ്  ഇവരുടെ നൈപുണ്യം. കലണ്ടറുകളിലെ ഹിജ്‌റ മാസത്തിന്റെ അവസാന ദിവസം അതായത് 29 ാം തീയതി സൂര്യാസ്തമയത്തിന് തൊട്ടു മുമ്പ് ഇവർ കടപ്പുറത്ത് വന്ന് പടിഞ്ഞാറോട്ട് നോക്കി നിൽക്കും. ആദ്യം കണ്ട ആൾ ഒരാളെ കൂടി ആ നിമിഷം കാണിച്ചു കൊടുക്കാൻ ശ്രമിക്കും. ചിലപ്പോൾ ഒന്നോ രണ്ടോ സെക്കന്റ് മാത്രമേ ദൃശ്യമാകൂ. മഴക്കാറുള്ള ദിവസമാണെങ്കിൽ രണ്ടാമത് ഒരാൾ കൂടി കാണുക ഏറെ വിഷമകരമാണ്. കടൽ തീരത്ത് നിന്ന് കണ്ട ദൃശ്യം നിമിഷങ്ങൾക്കകം രാജ്യമാകെ അറിയുമെങ്കിലും മാസപ്പിറവി കണ്ടവരും നാട്ടുകാരും കാപ്പാട് ടൗണിലെ വലിയ ജുമാഅത്ത് പള്ളിയിൽ പോവുകയും ഖാസിയുടെ നേതൃത്വത്തിലുളള പരിശോധനക്കും വിശകലനത്തിനും  ശേഷം വാസ്തവം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് നോമ്പിന്റെയും  ,പെരുന്നാളിന്റെയും  സ്ഥിരീകരണം ഉണ്ടാകുക. ഇതാണ് വർഷങ്ങളായി നടന്നു വരുന്ന രീതി.
കാപ്പാട്ട് മാസം കണ്ടതിനാൽ നാളെ നോമ്പ് മുപ്പതും അല്ലെങ്കിൽ പെരുന്നാളും ഉറപ്പിച്ചിരിക്കുന്നു എന്ന വാർത്ത  പലപ്പോഴായിട്ട് നമ്മൾ കേട്ടിട്ടുണ്ടുമുണ്ട്.ചന്ദ്രപ്പിറവി എവിടെവെച്ചു വേണമെങ്കിലും കാണമെന്നിരിക്കേ ഏറ്റവും സുതാര്യമായി ദൃശ്യമാകുന്നത് കാപ്പാട് കടപ്പുറത്ത് നിന്നാകാൻ കാരണം ഈ മനോഹര തീരത്തിന്റെ പ്രത്യേകത തന്നെയാണ്. ശാന്തവും , മൂകതയും നിറഞ്ഞ വിശാലമായതുമാണ്  ഈ മനോഹര തീരം .  കേരളം സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ ടൂർ പാക്കേജിൽ കാപ്പാടും ഉൾപ്പെടുന്നു. പാറകളും , ചെറിയ കുന്നുകളും ,  മരങ്ങളും അവിടെ വന്നു പോകുന്ന ദേശാടനപ്പക്ഷികളും കാപ്പാടിന്റെ ആകർഷണീയത കൂട്ടുന്നു. തീർച്ചയായും ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാപ്പാട് ബീച്ച്.
വാൽ കഷ്ണം
കാപ്പാട് പോലെ മാസപ്പിറവി ദൃശ്യമാകുന്ന സൗദി അറേബ്യയിലെ ഒരു സ്ഥലം ആണ് തുമൈർ. ഹിജ്‌റ മാസാവസാനത്തില്‍ മാസപ്പിറവി ദര്‍ശനത്തിന് തുമൈറുകാര്‍ കുന്ന് കയറാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. ഇവിടുത്തെ പ്രധാന മാസപ്പിറവി നിരീക്ഷകനായ മിത്അബ് അല്‍ബര്‍ഗശിന്റെ പിതാമഹൻ ഇതിനായി തുമൈറില്‍ മാസപ്പിറവി നിരീക്ഷണ കേന്ദ്രം തന്നെ തുടങ്ങി. ഇന്നും എല്ലാ ഹിജ്‌രി മാസവസാനവും ഇവിടെയാണ് തുമൈറുകാര്‍ മാസപ്പിറവി ദര്‍ശിക്കാനെത്തുന്നത്.
നിരീക്ഷണ കേന്ദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തിരുന്നാണ് ഇവര്‍ ചന്ദ്രനെ നിരീക്ഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 658 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. പ്രദേശത്തെ നിരീക്ഷകരും , അംഗീകൃത നിരീക്ഷണ സമിതി അംഗങ്ങളും കിംഗ് അബ്ദുല്‍ അസീസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സിറ്റിയിലെയും , നീതിന്യായ മന്ത്രാലയത്തിലെയും പ്രതിനിധികളും ഇവിടെ മാസപ്പിറവി കാണാനെത്തും. ഇവര്‍ക്കൊപ്പം ഒരു ജഡ്ജിയുമുണ്ടാകും.തുമൈറില്‍ പുതിയ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത് ഏഴ് വര്‍ഷം മുമ്പാണ്. പൊടിക്കാറ്റ് അടിച്ചു വീശാന്‍ സാധ്യത കുറവുള്ള പാറപ്പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും മാസപ്പിറവി ഇവിടെ നിന്ന് ദര്‍ശിക്കാനാകും.

Back to top button
error: