ഇലോൺ മസ്ക് കൂട്ടിൽ പിടിച്ച നീലക്കിളി. വെറും കിളിയല്ലിത്…ലാറി ടി. ബേർഡ്.കഴിഞ്ഞ വർഷങ്ങളിൽ പല സംഭവങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്റർ നീലക്കിളി വിവാദത്തിൽ വന്നു. യുഎസ് തിരഞ്ഞെടുപ്പ് മുതൽ ഡോണൾഡ് ട്രംപിനെ പുറത്താക്കിയത് വരെ. ഇപ്പോഴിതാ ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കാൻ തുടങ്ങുന്നതോടെ നീലക്കിളി കൂട്ടിലായെന്ന മട്ടിൽ ട്രോളുകളും ഇറങ്ങി. ഇന്റർനെറ്റിലെ ഏറ്റവും തിരിച്ചറിയപ്പെടുന്ന പക്ഷി ലോഗോയാണ് ട്വിറ്ററിന്റെ നീലക്കിളി ലോഗോ.
ട്വിറ്ററിന്റെ നീലക്കിളി വെറുമൊരു കിളിയല്ല. സ്വന്തമായി പേരൊക്കെയുണ്ട്. പേര് ലാറി ടി. ബേർഡ്. അമേരിക്കയിലെ എൻബിഎ ബാസ്ക്കറ്റ്ബോൾ ഇതിഹാസം ലാറി ബേർഡിനോടുള്ള ബഹുമാനാർഥമാണ് ട്വിറ്റർ കിളിക്ക് ഈ പേരു കിട്ടിയത്. യഥാർഥത്തിലുള്ള ഒരു പക്ഷിയെ അനുകരിച്ചാണ് ട്വിറ്റർ നീലക്കിളിയെന്ന വായാടിക്കിളിയുടെ ലോഗോ തയാർ ചെയ്തത്. മൗണ്ടൻ ബ്ലൂബേർഡ് എന്ന അമേരിക്കയിൽ കാണപ്പെടുന്ന പക്ഷിയാണു കക്ഷി.
വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തോടടുപ്പിച്ചുള്ള മേഖലകളിലാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. മയിലുകളെ പോലെ തന്നെ ലിംഗവ്യത്യാസത്തിനനുസരിച്ച് നിറംമാറ്റമെന്ന പ്രതിഭാസം ഈ പക്ഷിക്കുമുണ്ട്. ആൺപക്ഷികൾ പേരു സൂചിപ്പിക്കുന്നതു പോലെ നീലനിറമുള്ളവയാണ്, എന്നാൽ പെൺപക്ഷികളിൽ തൂവലുകളുടെ ചിലഭാഗത്തു മാത്രമാണ് നീലച്ഛവിയുള്ളത്. അമേരിക്കയിലെ ഇദഹോ, നെവാദ സംസ്ഥാനങ്ങളുടെ ഔദ്യോഗിക പക്ഷി കൂടിയാണ് മൗണ്ടൻ ബ്ലൂ ബേർഡ്. മൂന്നുതരം ബ്ലൂബേർഡുകളുണ്ട്. അതിലൊന്നാണു മൗണ്ടൻ ബ്ലൂബേർഡ് കുടുംബം. 1798ൽ യൊഹാൻ മത്തേയൂസ് എന്ന ജർമൻ പ്രകൃതിശാസ്ത്രജ്ഞൻ ഈ കിളിയെക്കുറിച്ചു പഠനം നടത്തുകയും ഇതിന് മൊടാസില്ല എസ്. സിൽവിയ കുറുകോയ്ഡ്സ് എന്ന ശാസ്ത്രീയനാമം നൽകുകയും ചെയ്തു.
18 സെന്റിമീറ്റർ നീളവും 37 ഗ്രാം വരെ ഭാരവും വയ്ക്കുന്നതാണ് മൗണ്ടൻ ബ്ലൂബേർഡ്.അലാസ്ക വരെയൊക്കെ കാണപ്പെടുന്ന ഇവ പുൽച്ചാടികൾ, പുഴുക്കൾ, ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങി വിവിധ ഭക്ഷണം കഴിക്കുന്നവയാണ്.റക്കൂണുകൾ, അലഞ്ഞുതിരിയുന്ന പൂച്ചകൾ തുടങ്ങിയവയൊക്കെയാണ് ഇവയെ വേട്ടയാടുന്ന പ്രധാന ജീവികൾ. അമേരിക്കയിൽ പുറത്തിറങ്ങിയ ഒട്ടേറെ സാഹിത്യകൃതികളിലും കവിതകളിലുമൊക്കെ മൗണ്ടൻ ബ്ലൂബേർഡുകളെപ്പറ്റി പരാമർശമുണ്ട്. കവികളുടെ ഭാവനയുടെ പക്ഷി എന്ന പേരിലാണ് ഇതറിയപ്പെടുന്നത് തന്നെ. മനുഷ്യരെ അൽപം പേടിയുള്ള പക്ഷിയാണ് ഇത്. തന്റെ താമസസ്ഥലത്തിനടുത്ത് മനുഷ്യരുടെ കടന്നുകയറ്റം ശ്രദ്ധയിൽപെട്ടാൽ ഇവ കൂടുപേക്ഷിച്ച് പൊയ്ക്കളയും. നിലവിൽ മൗണ്ടൻ ബ്ലൂബേർഡ് അമേരിക്കയിൽ ധാരാളമായുണ്ട്. പൊത്തുകളിൽ കൂടുകൂട്ടി മുട്ടയിടുന്ന സ്വഭാവക്കാരായതിനാൽ മറ്റു പക്ഷികളിൽ നിന്നു വലിയ മത്സരം ഇവ ഇപ്പോൾ നേരിടുന്നുണ്ടെന്ന് പറയപ്പെടുന്നു. മേഖലയിൽ താമസമുറപ്പിച്ച അന്യദേശങ്ങളിൽ നിന്നുള്ള അധിനിവേശ പക്ഷിക്കൂട്ടങ്ങളും നീലക്കിളിക്കു ഭീഷണിയുയർത്തുന്നുണ്ട്.