ന്യൂഡൽഹി: നൈറ്റ് ക്ലബിൽ പാർട്ടിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിഡിയോ ബിജെപി നേതാക്കൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഏതു ദിവസത്തെ വിഡിയോ ആണിതെന്നു വ്യക്തമല്ലെങ്കിലും നേപ്പാളിലെ കഠ്മണ്ഡുവിലുള്ള നൈറ്റ് ക്ലബ് ആണിതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ട്വിറ്ററിൽ വിഡിയോ പങ്കുവച്ച നിരവധി ബിജെപി നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചു. കോൺഗ്രസ് കൂടി ഭരിക്കുന്ന മുംബൈയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബിൽ ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി സെൽ ഇൻചാർജ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
Rahul Gandhi was at a nightclub when Mumbai was under seize. He is at a nightclub at a time when his party is exploding. He is consistent.
Interestingly, soon after the Congress refused to outsource their presidency, hit jobs have begun on their Prime Ministerial candidate… pic.twitter.com/dW9t07YkzC
— Amit Malviya (@amitmalviya) May 3, 2022
മറ്റുള്ളവരെ ‘ഉപദേശിച്ച്’ സ്വന്തമായി ഉല്ലസിക്കുകയാണ് രാഹുലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശിച്ചു. ‘സാധാരണക്കാരനാണെങ്കിൽ സ്ഥിരമായി പാർട്ടിയിൽ പങ്കെടുക്കുക, അവധി ആഘോഷിക്കുക, ട്രിപ്പുകൾ പോകുക, സ്വകാര്യ വിദേശ സന്ദർശനങ്ങൾ തുടങ്ങിയവയ്ക്കു പ്രശ്നമില്ല. എന്നാൽ എംപിയും ഒരു ദേശീയ പാർട്ടിയുടെ തലവനും ആയിരിക്കുന്നയാൾ മറ്റുള്ളവരെ വിമർശിച്ചിട്ട് ഇങ്ങനെ ചെയ്യുമ്പോൾ…’ – റിജിജു കൂട്ടിച്ചേർത്തു. അതേസമയം, രാഹുൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ക്ഷണിക്കാത്ത പിറന്നാൾ ആഘോഷത്തിനല്ല രാഹുൽ പോയതെന്നും സുർജേവാല കൂട്ടിച്ചേർത്തു. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിറന്നാൾ ദിനത്തിൽ നരേന്ദ്ര മോദി അപ്രതീക്ഷിത സന്ദർശനം നടത്തിയതിനെ പരാമർശിച്ചാണ് സുർജേവാലയുടെ പ്രതികരണം. കഴിഞ്ഞ ദിവസം രാഹുൽ നേപ്പാളിലെ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. തിങ്കൾ ഉച്ചകഴിഞ്ഞാണ് രാഹുൽ കഠ്മണ്ഡുവിൽ വിമാനം ഇറങ്ങിയത്. മ്യാൻമറിലെ മുൻ നേപ്പാൾ അംബാസഡർ ആയിരുന്ന ഭീം ഉദാസ് ആണ് മകളുടെ വിവാഹത്തിനായി രാഹുലിനെ ക്ഷണിച്ചത്. മകൾ സുംനിമ ഉദാസ് മാധ്യമപ്രവർത്തകയും രാഹുലിന്റെ സുഹൃത്തുമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.