കേരളത്തിലെ യുവത്വം ആൺ – പെൺ വ്യതാസമില്ലാതെ മയക്കുമരുന്നുകളുടെ പിടിയിലായിട്ട് കാലം കുറെയായി. കഞ്ചാവും ഹാഷിയും പോലുള്ള മയക്കുമരുന്നുകളാണ് മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എം.ഡി.എം.എ പോലുള്ള മാരക സിന്തറ്റിക് മയക്കുമരുന്നുകളുടെ ലഹരിക്ക് അടിമയായി മാറിയിരിക്കുന്നു കേരളത്തിൻ്റെ യുവത്വം.
എപ്പോഴും എവിടെയും സുലഭമാണ് ഈ മാരക ലഹരി മരുന്നുകൾ.
കഴിഞ്ഞ ദിവസം എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്ന് യുവാക്കൾ വളാഞ്ചേരി പോലീസിൻ്റെ പിടിയിലായി. ഇവരുടെ പക്കൽ നിന്നും 163 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെഥിലിൻ ഡയോക്സിമെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നുണ്ട്. ഈ സംഘത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിൽ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.ജെ ജിനേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ വാഹന പരിശോധനയ്ക്കിടയിൽ കാറിൽ വരികയായിരുന്നു യുവാക്കൾ പിടിയിലാകുന്നത്.
വെട്ടിച്ചിറ മുഴഞ്ഞാടി മുഹമ്മദ് ഷാഫി (30) കൊളത്തൂർ പിത്തിനിപ്പാറ ശ്രീശാന്ത് (24) വളാഞ്ചേരി കാട്ടിപ്പരുത്തി പള്ളിയാലിൽ സറിൻ എന്ന ബാബു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഇതിനുവേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും ലഹരിവസ്തു ലഭിച്ച ഉറവിടത്തെപ്പറ്റിയും മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും ഇൻസ്പെക്ടർ കെ.ജെ ജിനേഷ് പറഞ്ഞു.
ആഘോഷപരിപാടികളിൽ കോളജ് വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് പ്രധാനമായും ഇവർ വിൽപ്പന നടത്താറുള്ളത്. ഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്ന മയക്കുമരുന്ന് 3000 മുതൽ ഉയർന്ന നിരക്കിലാണ് ആവശ്യക്കാർക്ക് നൽകാനുള്ളത്.