കണ്ണൂർ: രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയായ കണ്ണൂരിൽ 3 ഏരിയ കമ്മിറ്റികൾ വിവാദങ്ങളിൽ കലങ്ങി മറിയുകയാണ്. സിപിഎമ്മിന്റെ മുൻനിര നേതാക്കളിൽ പ്രധാനപ്പെട്ടവരെല്ലാം കണ്ണൂരിൽനിന്നായിട്ടും ഫണ്ട് തിരിമറിയും സ്ത്രീകളോടുള്ള മോശം പെരുമാറ്റവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല. ഏരിയ തലത്തിൽ നേരത്തേ ഒതുക്കി തീർക്കാൻ ശ്രമിച്ച വിഷയങ്ങളാണ് വീണ്ടും ഉയർന്നു വരുന്നത്. ഒരു കോടിയിലേറെ രൂപയുടെ ഫണ്ട് വെട്ടിപ്പാണു പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ പ്രശ്നമെങ്കിൽ പെരിങ്ങോത്തും പേരാവൂരിലും പെരുമാറ്റ ദൂഷ്യമാണു വിഷയമായിരിക്കുന്നത്. സഹകരണ സംഘം നടത്തിപ്പിൽ വന്ന പാകപ്പിഴകളും പേരാവൂരിൽ ചർച്ചയാവുകയാണ്.
പയ്യന്നൂരിൽ നേതാക്കളെ രക്ഷിക്കാൻ നീക്കം
സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലുണ്ടായ ഫണ്ട് തിരിമറിയുടെ ‘തീവ്രത’ കുറച്ച് പാർട്ടിയുടെ ഇമേജ് സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ആരോപണവിധേയരായ ജനപ്രതിനിധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും നേതാക്കളുടെ നിർദേശമനുസരിച്ചു പ്രവർത്തിച്ചവരുടേതു വീഴ്ചയാണെന്നും വിലയിരുത്തി പേരിനു നടപടിയെടുക്കാനാണ് ആലോചന. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിൽ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാവർക്കുമെതിരെ നടപടിയുണ്ടാവില്ലെന്നാണു ലഭിക്കുന്ന വിവരം.
ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റി അംഗത്തെ കൊണ്ട് ഏറ്റെടുപ്പിച്ച് നേതാക്കളെ സംരക്ഷിച്ചെടുക്കാനാണു ശ്രമം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലയിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ എന്നിവരുടെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റിയോഗം വിവാദ വിഷയം ചർച്ച ചെയ്തെങ്കിലും അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണ കമ്മിഷൻ അംഗങ്ങളെയും ആരോപണവിധേയരായ ജനപ്രതിനിധി ഉൾപ്പെടെയുള്ള രണ്ടു നേതാക്കളെയും ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ ഉന്നത നേതാക്കളിൽ ഒരാൾ പ്രത്യേകമായി വിളിച്ചു സംസാരിച്ചിരുന്നു. പ്രശ്നം ഒതുക്കാനുള്ള ഫോർമുലയുണ്ടാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. അണികളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ട് എന്നിവയിൽ തിരിമറി നടന്നതായാണ് ആരോപണം. അന്വേഷിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് എന്നിവരടങ്ങിയ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയുള്ള ചർച്ചയാണു നടന്നു വരുന്നത്. സാമ്പത്തിക തിരിമറിയുടെ ഗൗരവം കണക്കിലെടുത്ത്, അത്തരം നടപടികൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന അഭിപ്രായത്തിനു നേരെയാണു നേതൃത്വം കണ്ണടയ്ക്കുന്നത്.
വെട്ടിപ്പ് ഓഫിസ് നിർമാണ മറവിലും
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ധനസമാഹരണത്തിനു വേണ്ടി സിപിഎം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായും ഒരു നറുക്കിനു വേണ്ടി പിരിച്ചെടുത്ത തുക പൂർണമായി ചിട്ടിക്കണക്കിൽ പെടുത്തിയില്ലെന്നുമാണ് ആരോപണം. 2 രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതിരുന്നതോടെയാണു തിരഞ്ഞെടുപ്പു ഫണ്ട് പിരിവിലെ തിരിമറി പാർട്ടിയുടെ ചില നേതാക്കളുടെ ശ്രദ്ധയിൽ വന്നത്. കൗണ്ടർ ഫോയിലുകൾ ഹാജരാക്കാൻ നിർദേശിച്ചപ്പോൾ, 2 രസീത് ബുക്കുകൾ ഹാജരാക്കിയെങ്കിലും അവ പ്രത്യേകമായി അച്ചടിച്ചതാണെന്നു കണ്ടെത്തിയിരുന്നു. ആരുടെ നിർദേശ പ്രകാരമാണ് ഇതു ചെയ്തതെന്ന മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിറ്റി ഔദ്യോഗികമായി അച്ചടിച്ച രസീത് ബുക്കിനു പുറമേ വേറെ അച്ചടിച്ചുവെന്നതു ഗുരുതര വിഷയമായി പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നു.
പേരാവൂരിൽ പെരുമാറ്റ ദൂഷ്യത്തിൽ നടപടി
ഡിവൈഎഫ്ഐ ജില്ലാ സമ്മേളന പ്രതിനിധിയായിരുന്ന യുവതിയെ സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി ഓഫിസിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കണിച്ചാർ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീജിത്തിന് എതിരെ പാർട്ടി നടപടിയെടുത്തിരിക്കുകയാണ്. വഹിച്ചിരുന്ന എല്ലാ പദവികളിൽനിന്നും ശ്രീജിത്തിനെ നീക്കി. പാർട്ടി അംഗത്വത്തിൽനിന്നു നീക്കിയിട്ടില്ല. പാർട്ടിയുടെ സൽപേരിനു കളങ്കമുണ്ടാക്കിയതിനാണു നടപടിയെന്നാണ് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ വിശദീകരണം.
എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ പേരാവൂരിൽ ചേർന്ന ഏരിയ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണു നടപടി പ്രഖ്യാപിച്ചത്. കണിച്ചാർ ലോക്കൽ സെക്രട്ടറി, മണത്തണ സഹകരണ ബാങ്ക് പ്രസിഡന്റ്, ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ പദവികളിൽ നിന്നാണ് ശ്രീജിത്തിനെ മാറ്റിയത്. കഴിഞ്ഞ സമ്മേളനത്തിലാണ് ശ്രീജിത്തിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മുൻപ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ 22ന് രാവിലെയാണ് പരാതിക്ക് ആധാരമായ സംഭവം ഉണ്ടായത്. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയാണു പരാതി നൽകിയത്. കണ്ണൂരിൽ സമ്മേളനത്തിനു പോകാൻ പേരാവൂർ ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിയ യുവതിയെ സെൽഫി എടുക്കാനെന്ന പേരിൽ മറ്റൊരു മുറിയിലേക്കു വിളിച്ചു വരുത്തിയശേഷം അപമര്യാദയായി പെരുമാറിയെന്നാണു പരാതി. കണ്ണൂരിൽ എത്തിയ യുവതി അന്നു തന്നെ ഡിവൈഎഫ്ഐ നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കും പരാതി നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് അടിയന്തര നടപടിക്കു തീരുമാനിച്ചത്. തുടർന്നാണ് ഏരിയ കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുത്തത്. യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല. പ്രശ്നം പാർട്ടിക്ക് അകത്തു തന്നെ കൈകാര്യം ചെയ്യുകയായിരുന്നു.
കലങ്ങി മറിഞ്ഞ് സഹകരണ സംഘങ്ങൾ
പാർട്ടി നിയന്ത്രണത്തിലിരിക്കുന്ന സഹകരണ സംഘങ്ങൾ ഒന്നൊന്നായി തകരുന്നതാണ് പേരാവൂർ ഏരിയ കമ്മിറ്റി നേരിടുന്ന മറ്റൊരു പ്രശ്നം. സഹകരണ സംഘങ്ങളുടെ നടത്തിപ്പ് സുതാര്യവും അഴിമതി രഹിതവുമായിരിക്കണമെന്ന തീരുമാനമെടുത്ത പാർട്ടിക്കാണ് സഹകരണ സംഘങ്ങളിലെ വീഴ്ച വിനയാകുന്നത്. പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി നിയമവിരുദ്ധമായി ചിട്ടി നടത്തി പൊളിഞ്ഞ് 1.75 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. സംഘം പ്രസിഡന്റിനെ തൽസ്ഥാനത്തുനിന്നും ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ഇടപാടുകാർക്കു പണം തിരികെ നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും 25 ലക്ഷം മാത്രമാണ് ഇതുവരെ കൊടുക്കാൻ കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് പാർട്ടി നിയന്ത്രണത്തിലുള്ള മറ്റു ചില സഹകരണ സ്ഥാപനങ്ങളും കുത്തഴിഞ്ഞു കിടക്കുകയാണെന്ന കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിൽപെട്ടത്.
തീരുമാനം കാത്ത് പെരിങ്ങോം സഖാക്കൾ
സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റിക്കു കീഴിലെ ഒരു തദ്ദേശ സ്ഥാപന അധ്യക്ഷനെതിരെ ഉയർന്ന പെരുമാറ്റദൂഷ്യ പരാതിയും അത് ഒതുക്കി തീർക്കാൻ നടത്തിയ ശ്രമവും തുടർന്നുണ്ടായ പ്രാദേശിക വിഭാഗീയതയുമാണ് ഇവിടെ പുകയുന്നത്. രണ്ടു വർഷം മുൻപ് ഉയർന്ന പരാതിയും അതിനെ തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇവിടെ പാർട്ടിയെ അലട്ടുന്നത്. ആരോപണ വിധേയനായ നേതാവ് നേരത്തേ പാർട്ടി ഭാരവാഹിത്വത്തിലുണ്ടായിരുന്നപ്പോൾ ഉയർന്നതാണു പരാതി. വനിതാ സഖാക്കൾക്ക് മോശമായ രീതിയിൽ സന്ദേശമയയ്ക്കുന്നുവെന്നായിരുന്നു പരാതി. ഇതിൽ നടപടിയെടുക്കാതെ വരികയും ഈ നേതാവിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും ചെയ്തതിനെതിരെ പാർട്ടി കമ്മിറ്റിയിൽ വിമർശനമുയർന്നെങ്കിലും അതു മുഖവിലയ്ക്കെടുത്തില്ല. നേതാവിനെ മത്സരിപ്പിച്ച് തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനാക്കിയതോടെ വിഷയം വീണ്ടും തലപൊക്കുകയായിരുന്നു. നേതാവിനെതിരെ വിമർശനം ഉന്നയിച്ച ആളുകളെ പാർട്ടിയിൽ ഒതുക്കുകയും ചെയ്തു. ഇത് പ്രാദേശിക വിഭാഗീയതയായി വളരുകയായിരുന്നു.
ജില്ലാ കമ്മിറ്റിക്കു പാർട്ടി പ്രവർത്തകർ വാട്സാപ് സന്ദേശത്തിന്റെ പകർപ്പു സഹിതം പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. അതിന്റെ റിപ്പോർട്ട് ചർച്ച ചെയ്ത് നടപടിയിലേക്കു കടക്കാൻ ഒരുങ്ങുകയാണ് ജില്ലാ നേതൃത്വം. ആരോപണ വിധേയനായ നേതാവിനെതിരെയും വിഷയം വിവാദമാക്കിയവർക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണു സൂചന. പ്രദേശത്ത് 8 പാർട്ടി പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിട്ടുണ്ട്. ഇതിൽ 3 ലോക്കൽ കമ്മിറ്റി അംഗങ്ങളും പെടും. പാർട്ടിക്കും നേതാവിനുമെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്നതാണ് വിവിധ കുറ്റങ്ങൾ ആരോപിച്ചു നൽകിയ നോട്ടിസിലുള്ളത്. ആരോപണ വിധേയനായ തദ്ദേശ സ്ഥാപന അധ്യക്ഷനെ രക്ഷപ്പെടുത്തി പരാതി ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കാനുള്ള ആലോചനയാണു നടക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പെരുമാറ്റദൂഷ്യ പരാതിയിൽ പാർട്ടി എന്തു നിലപാടെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇവിടത്തെ സഖാക്കൾ.
ക്വട്ടേഷൻ സംഘത്തിന്റെ വെല്ലുവിളിയും പി.ജയരാജന്റെ മൗനവും
ക്വട്ടേഷൻ സംഘവും സിപിഎമ്മും തമ്മിലുള്ള സൈബർ പോരിൽ പാർട്ടി സംസ്ഥാന സമിതിയംഗം പി.ജയരാജന്റെ മൗനം ചർച്ചയാണ്. പി.ജയരാജനെ പാർട്ടി ഒതുക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ മൗനമെന്നതു ശ്രദ്ധേയം. പി.ജയരാജൻ പാർട്ടി നിലപാടിന് ഒപ്പമാണെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും പറയുന്നുണ്ടെങ്കിലും പ്രതികരിക്കാൻ പി.ജയരാജൻ തയാറായിട്ടില്ല. വിഷയം പഠിച്ചിട്ടു പറയാമെന്നു പറഞ്ഞ് ഒഴിയുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവുമായ മനു തോമസും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ആകാശ് തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കുമെതിരെ പ്രതികരിച്ചിരുന്നു. സൈബറിടങ്ങളിൽ മനു തോമസിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലായിരുന്നു പ്രതികരണം. ഇക്കാര്യത്തിൽ പി.ജയരാജന്റെ പ്രതികരണം ആരായാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം ഒഴിഞ്ഞു മാറിയത്.
സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി.ജയരാജന്റെ കൂടെനിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്നാണ് തന്നെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ സംഘത്തോടുള്ള ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ പ്രതികരണം. പി.ജയരാജനെ മാത്രം പുകഴ്ത്താനും മറ്റു നേതാക്കളെ ഇകഴ്ത്താനും ഇവർക്കു സാധിക്കുന്നത് പാർട്ടി ബോധമില്ലാത്തതിനാലാണെന്നും ഇരുവരെയും പി.ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടിയെന്നും ആ നിലപാട് തന്നെയാണ് പി.ജയരാജനുമെന്നും രാഷ്ട്രീയമായി തള്ളിപ്പറഞ്ഞിട്ടും അവർ സ്വന്തം നിലയിലാണ് വാഴ്ത്തുന്നതെന്നുമായിരുന്നു എം.വി.ജയരാജൻ പറഞ്ഞത്. എന്നാൽ, ഇതിനോടൊന്നും പി.ജയരാജൻ പ്രതികരിച്ചിട്ടില്ല.
പാർട്ടിയിൽ പ്രായപരിധി കർശനമാക്കിയതോടെ സിപിഎമ്മിലെ സംഘടനാ സംവിധാനത്തിൽ ഇനിയൊരു ഉയർച്ച പി.ജയരാജന് ഉണ്ടാകില്ലെന്നു വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണത്തിലും സീനിയർ നേതാവായ പി.ജയരാജൻ തഴയപ്പെട്ടു. അതിലുള്ള നീരസം പരസ്യമാക്കിയിട്ടില്ലെന്നു മാത്രം. പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിക്കു വിധേയനായ പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിലുള്ള അനൗചിത്യം സംസ്ഥാന സമിതി യോഗത്തിൽ പി.ജയരാജൻ ചൂണ്ടിക്കാട്ടിയ വിവരവും പുറത്തു വന്നിരുന്നു. ക്വട്ടേഷൻ സംഘം പാർട്ടി നേതാക്കളെ വ്യക്തിഹത്യ ചെയ്യാൻ ഇറങ്ങി പുറപ്പെട്ടതിനോട് ജില്ലാ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടും പി.ജയരാജൻ പ്രതികരിക്കാതിരിക്കുന്നത് പാർട്ടി നേതാക്കൾക്കിടയിലെ അനൈക്യത്തിന്റെ തെളിവാകുകയാണ്. ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ പി.ജയരാജന്റെ വാഴ്ത്തുപാട്ടുകാരാണ്.