IndiaNEWS

‘ചൈനീസ് ബന്ധം’ കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ, ഇന്ത്യയ്ക്ക് അനുകൂലം; വരുമോ സ്വതന്ത്ര വ്യാപാരക്കരാർ?

യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ നടപ്പിലായാൽ ഇന്ത്യയ്ക്കു മെച്ചം ഏറെയാണ്. സ്വതന്ത്ര വ്യാപാരക്കരാറിനായി വർഷങ്ങളായി ശ്രമങ്ങൾ നടന്നിട്ടും ഇതുവരെ അതൊന്നും ഫലവത്തായിരുന്നില്ല. എന്നാൽ ഇതിനായുള്ള ചർച്ച ജൂണിൽ പുനരാരംഭിക്കുന്നതിനെ പ്രതീക്ഷയോടെയാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും കാണുന്നത്. 2007ൽ ആണ് യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ സ്വതന്ത്രവ്യാപാരക്കരാറിനായി ആദ്യം ചർച്ച നടത്തിയത്. പല തടസ്സങ്ങളിലും തട്ടി അതു നീണ്ടുപോയി.

യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്ന വ്യാപാര–സാങ്കേതികവിദ്യാ കൗൺസിൽ ആരംഭിക്കാൻ ദിവസങ്ങൾക്കു മുൻപു തീരുമാനമെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയനും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. യൂറോപ്യൻ യൂണിയൻ ഇതുപോലെ കൗൺസിൽ ആരംഭിച്ചിട്ടുള്ളത് യുഎസുമായി മാത്രമാണ്. രണ്ടാമത് ഇന്ത്യയുമായാണ് കൗൺസിൽ രൂപീകരിക്കുന്നത്. ഇത്തരത്തിൽ കൗൺസിൽ രൂപീകരിക്കുന്നത് സ്വതന്ത്രവ്യാപാരക്കരാറിലേക്കുള്ള ചവിട്ടുപടിയാകും. സ്വതന്ത്രവ്യാപാരത്തിനുള്ള നിയമതടസ്സങ്ങൾ നീക്കാൻ ഈ കൗൺസിൽ സഹായകരമാകും.

Signature-ad

റഷ്യ യുക്രെയ്നെ ആക്രമിച്ചതോടെ യൂറോപ്യൻ യൂണിയൻ ഇന്ത്യയെ കൂടുതൽ താൽപര്യത്തോടെ വീക്ഷിക്കുന്നു. റഷ്യയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് ഉർസുല വോൺഡെർ ലെയൻ ന്യൂഡൽഹിയിൽ വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിച്ചത്. കൂടാതെ ചൈനയെയും വിമർശിച്ചു. ചൈനയെ വിശ്വാസത്തിലെടുക്കുന്നില്ല എന്ന സൂചനയും നൽകി.

ഇന്ത്യയ്ക്ക് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ നടപ്പിൽ വരുത്തേണ്ടതു വളരെ ആവശ്യമാണ്. ഇന്ത്യയിലെ ഐടി കമ്പനികളുടെ സേവനം യൂറോപ്യൻ യൂണിയൻ മേഖലയിലേക്ക് 15% മാത്രമാണ് നിലവിൽ നൽകുന്നത്. സ്വതന്ത്ര വ്യാപാരക്കരാർ വന്നാൽ ഇതു വർധിക്കും. ഡേറ്റ സുരക്ഷ സംബന്ധിച്ച് യൂറോപ്യൻ യൂണിയന് ആശങ്കകളുണ്ട്. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയന് ചൈനയെക്കാളേറെ ഇന്ത്യയെയാണു വിശ്വാസം. ഇത് ഇന്ത്യയ്ക്കു ഗുണകരമാകും.

എന്നാൽ ഇപ്പോഴും ചൈന തന്നെയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഉൽപന്നങ്ങളും സേവനങ്ങളുമായി ഇരുഭാഗത്തേക്കുമുള്ള വ്യാപാരം 2021ൽ 70,900 കോടി ഡോളറിന്റേതായിരുന്നു. അതേസമയം യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഉൽപന്നങ്ങളും സേവനങ്ങളുമായി ഇരുഭാഗത്തേക്കുമുള്ള വ്യാപാരം 2021ൽ 10,000 കോടി ഡോളറിന് അൽപം മുകളിൽ മാത്രമായിരുന്നു. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവ്. എന്നാൽ ചൈനയെ വ്യാപാരമേഖലയിൽ കൂടുതലായി ആശ്രയിക്കുന്നതു കുറച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് യൂറോപ്യൻ യൂണിയൻ നടത്തുന്നത്. ഇത് ഇന്ത്യയ്ക്ക് അനുകൂലമാണ്. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാ‍ർ നടപ്പിലായാൽ വികസനത്തിന്റെ പുതിയൊരു വാതിൽ തുറക്കും.

Back to top button
error: