NEWS

പനിയാണോ, ഇതാ പരിഹാര മാർഗങ്ങൾ

ടിച്ചു കുത്തിപ്പെയ്യുന്ന മഴയും പനിയുമാണ് നമ്മള്‍ മലയാളികൾക്ക് ഗൃഹാതുര സ്മരണ നൽകുന്ന ഏറ്റവും വലിയ ഓർമ്മകളിൽ ഒന്ന്.പനിച്ചൂടിന്റെ വിയർപ്പു ഗന്ധം.പനിക്കിടയ്ക്കയുടെ ഗന്ധം. ജാലകത്തിനപ്പുറത്ത് പെയ്തു തോരാത്ത മഴ.ആ സംഗീതത്തിന് കാതോർത്ത് മൂടിപ്പുതച്ചുള്ള കിടപ്പ്.പനിക്കൂർക്കയും തുളസിയും ഇട്ടു തിളയ്ക്കുന്ന വെള്ളത്തിൽ നിന്ന് ഉയരുന്ന ആവിയുടെ ഗന്ധം….
ഇതിനൊപ്പം പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും ഒരൽപം കടുമാങ്ങയും. ഏതൊരാളും പനി പിടിക്കണേ എന്ന് ആഗ്രഹിക്കാൻ ഈ ഒരു രുചിക്കൂട്ട് മാത്രം മതി.സാധാരണ കഞ്ഞി കുടിക്കുന്ന അനുഭൂതിയല്ലല്ലോ പനി വന്നു കിടക്കുമ്പോൾ കഞ്ഞി കുടിക്കുന്നതിന്.യേത് ?

ഈ ആശുപത്രികൾ ഒക്കെ എന്നാണ് ഉണ്ടായത്?

പനിക്കാലം അടുത്തെത്തിയാൽ ആദ്യം നമ്മുടെ പൂർവ്വികർ ചെയ്യുന്ന നുറുക്കു വിദ്യ എന്താണ്? നല്ലൊരു ചൂടു ചുക്കു കാപ്പിയും കുടിച്ച് മൂടിപ്പുതച്ചൊന്നു കിടന്നാൽ മതി, ഏതു പനിയും പമ്പ കടക്കും.അല്ലെങ്കിൽ എരുമേലിയെങ്കിലും. ഈ ചുക്കുകാപ്പിക്ക് അത്ര ഔഷധഗുണമുണ്ടോ…? എന്നാൽ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് തന്നെ കാര്യം.
അപ്പോൾ ചാമ്പിക്കോ….
ചുക്ക് കാപ്പി
 

കാപ്പിയുണ്ടാക്കുന്ന പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഒരു കഷ്ണം ചക്കര ഇടുക.അത് അലിഞ്ഞു തുടങ്ങുമ്പോൾ കാൽ സ്പൂൺ ചുക്കു(ഇഞ്ചി ഉണക്കി പൊടിച്ചത്) പൊടി, കാൽ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ള് ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലഞ്ചു തുളസിയില എന്നിവ ചേർക്കുക.തിളച്ചു തിളച്ച് വെള്ളം മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോൾ ഒരു ചെറിയ സ്പൂൺ കാപ്പിപ്പൊടി കൂടി ഇടുക.ചൂടോടെ ഈ ചുക്കു കാപ്പിയും കുടിച്ച് സ്വപ്നം കണ്ട് കിടന്നുറങ്ങാം.എഴുന്നേൽക്കുമ്പോൾ പനി മാറിയിരിക്കും.

മല്ലി കാപ്പി
 
ഒരു സ്പൂൺ മല്ലി, കാൽ സ്പൂൺ ഉലുവ എന്നിവ നന്നായി വറുത്തെടുക്കുക.അൽപം ജീരകം, ഏലക്ക എന്നിവ എടുത്ത് ചൂടാക്കുക. ഇവയ്ക്കൊപ്പം കാൽ സ്പൂൺ കുരുമുളകു കൂടി ചേർത്ത് നന്നായി പൊടിച്ചെടുക്കുക. അടുപ്പത്ത് ഒരു ഗ്ലാസ് വെള്ളം വച്ച് തിളച്ചു വരുമ്പോൾ മല്ലിക്കാപ്പിപ്പൊടി ചേർക്കുക.ചേരുവകൾ ചെറിയ അളവിൽ പൊടിച്ചെടുക്കാൻ വിഷമമാണ്. അതു കൊണ്ട് കാൽകിലോ മല്ലി, 50 ഗ്രാം ഉലുവ, പത്തു ഗ്രാം ജീരകം, അഞ്ചു ഗ്രാം ഏലക്ക, 25 ഗ്രാം കുരുമുളക് എന്നിവയെടുത്ത് കാപ്പിപ്പൊടിയാക്കി സൂക്ഷിച്ചു വയ്ക്കാം, ആവശ്യം വരുമ്പോൾ എടുത്ത് ഉപയോഗിക്കാം.
Signature-ad

ഇനി ധൈര്യമായി ചോദിക്കൂ.ഈ ആശുപത്രികൾ ഒക്കെ എന്നാണ് ഉണ്ടായതെന്ന് !!!

വാൽക്കഷണം: വൈദ്യ സഹായം ആവശ്യമുള്ളപ്പോൾ  അത് സ്വീകരിക്കാൻ മടിക്കരുത്

Back to top button
error: