തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തനെ കൂട്ടി.ഒരു ലിറ്ററിന് 59 രൂപയായിരുന്നത് ഇനി 81 രൂപ നൽകേണ്ടി വരും.കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്.വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും.
ഇത്തരമൊരു പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നും ജനങ്ങള്‍ക്ക് മേല്‍ അമിതഭാരമാകാതെ എങ്ങനെ കൈകാര്യം ചെയ്യും എന്നതുമാണ് നിര്‍ണായകം. ഒരു വർഷത്തിന് മുൻപ് വില 28 രൂപയായിരുന്നു.
മണ്ണെണ്ണ വിലക്കയറ്റത്തിൽ കേരളം പൊള്ളുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വില ലീറ്ററിനു 16 രൂപ മാത്രം.കേരളത്തിൽ റേഷൻകടകളിലൂടെ 81 രൂപയ്ക്കു ലഭിക്കുന്ന മണ്ണെണ്ണയാണ് കോയമ്പത്തൂരിൽ അഞ്ചിലൊന്നു വിലയ്ക്കു ലഭിക്കുന്നത്.അതായത്, സംസ്ഥാന അതിർത്തിയായ വാളയാറിൽ ലിറ്ററിന് 81 രൂപ വിലയുള്ള മണ്ണെണ്ണ 300 മീറ്റർ ദൂരെ ചാവടിയിലെത്തിയാൽ 16 രൂപയ്ക്കു ലഭിക്കുമെന്ന് !!
തമിഴ്നാട് സർക്കാർ സബ്സിഡി നൽകുന്നതിനാലാണ് കേരളത്തെ അപേക്ഷിച്ചു വിലക്കുറവിൽ മണ്ണെണ്ണ തമിഴ്‌നാട്ടിൽ ലഭിക്കുന്നത്. കേരളത്തിൽ എല്ലാ കാർഡ് ഉടമകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ മണ്ണെണ്ണ വീതമാണ് നൽകുന്നത്. നേരത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മഞ്ഞ കാർഡിനും റോസ് കാർഡിനും ഒരു ലീറ്റർ വീതം മണ്ണെണ്ണ ലഭിച്ചിരുന്നു.
എന്നാൽ, പിന്നീട് ലഭ്യത കുറഞ്ഞതോടെ എല്ലാ കാർഡ് ഉടമകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ വീതമാക്കി.എന്നാൽ, തമിഴ്നാട്ടിൽ എല്ലാ കാർഡ് ഉടമകൾക്കും ഓരോ മാസവും 16 രൂപ നിരക്കിൽ ഒരു ലീറ്റർ മണ്ണെണ്ണ മുടക്കമില്ലാതെ നൽകി വരുന്നുണ്ട്.കേന്ദ്രം നികുതി കൂട്ടിയിട്ടും തമിഴ്നാട് സബ്സിഡി വെട്ടിക്കുറയ്ക്കാത്തതാണ് കാരണം.