Breaking NewsLead NewsNEWSWorld

ട്രംപിന്റെ അവകാശ വാദം നുണ, യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചിട്ടില്ല, അത്തരമൊരു ചർച്ചയോ, ധാരണയോ ഉണ്ടായിട്ടില്ല!! നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നുമില്ല, തുടർ ചർച്ചകൾ ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ച്- മുഹമ്മദ് ബാഗർ ഗാലിബാഫ്

വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രം​ഗത്ത്. യുഎസുമായി അത്തരത്തിലൊരു ധാരണയോ, ചർച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ പൂർണമായും തള്ളി ഇറാൻ രംഗത്തെത്തുകയായിരുന്നു. ട്രംപിന്റെ അവകാശവാദം നുണയാണെന്നും അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നുമാണ് ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കയിലേക്കുള്ള ആണവ ഉത്പന്നങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Signature-ad

ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ട് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. ട്രംപ് പറയുന്നത് നുണയാണെന്നും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മുന്നോട്ടുള്ള ചർച്ചകളുടെ പുരോ​ഗതി ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. സമാധാന കരാർ യാഥാർഥ്യമായാൽ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഈ കരാർ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകി.

ഇരുരാജ്യങ്ങളും തമ്മിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രം​ഗത്തെത്തിയ സാഹചര്യത്തിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾ എന്ന് നടക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ചർച്ചയ്ക്കുള്ള തീയതി തീരുമാനിച്ചിട്ടില്ലെന്നും ആണവായുധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളും ചർച്ചചെയ്തുവരികയാണെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള തുടർന്നുള്ള ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കുമെങ്കിലും ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് ബുധനാഴ്ച വൈറ്റ് ഹൗസും അറിയിച്ചത്. ഹോർമുസ് കടലിടുക്കിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ നീട്ടാനും ദീർഘകാല സമാധാന കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാനും സാധ്യതയേറെയാണെന്നും അതിലേക്ക് ഇരുപക്ഷവും കൂടുതൽ അടുത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: