NEWS

കെഎസ്ആർടിസിയോട് മലയാളികൾക്കെന്താണ് ഇത്ര വൈരാഗ്യം!

കെഎസ്ആർടിസിയോട് നമുക്കെന്താണ് ഇത്ര വൈരാഗ്യം?
ഇതാ ഫേസ്ബുക്കിൽ കണ്ട രണ്ടു കുറിപ്പുകൾ ഇവിടെ പങ്കു വയ്ക്കുന്നു.
സ്വന്തമായി ഒരു നാലുചക്ര വാഹനം ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏകദേശം 12 വർഷത്തോളമായി. അന്ന് മുതൽ ദീർഘദൂര  ബസ് യാത്രയോ, ട്രെയിൻ യാത്രയോ ചെയ്യാറില്ല. ഇനി കാര്യത്തിലേക്ക് വരാം…
ഞാൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയുടെ ആളുകൾ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നും വന്നത് കാറിൽ ആയിരുന്നു.കഴിഞ്ഞ 2 ദിവസം അവരുടെ കൂടെ മാവേലിക്കര, പത്തനംതിട്ട, കൊല്ലം ഏരിയയിൽ ആയിരുന്നു ഞാൻ.കൂടെയുള്ളവരെ തിരുവന്തപുരത്തേക്ക് യാത്രയാക്കി 27.04.2022 ന് 12.30 ന് കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഒരു സൂപ്പർ ഫാസ്റ്റ് ബസിൽ ഞാൻ എറണാകുളത്തേക്ക് തിരിച്ചു.
ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ചൂട് എത്ര അസഹനീയം എന്ന് ഞാൻ പറയാതെതന്നെ ഏവർക്കും അറിയാമല്ലോ.ഈ കടുത്ത ചൂടിൽ ആ ബസിൽ ഇരിക്കുമ്പോൾ ഞാൻ ചില കാര്യങ്ങൾ ആലോചിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ജീവനക്കാരുടെ കാര്യം. പ്രധാനമായും ദീർഘാദൂര ബസുകൾ  ഓടിക്കുന്ന ഡ്രൈവർമാർ. എത്രമാത്രം പ്രശ്നങ്ങളാണ് അവർ നേരിടുന്നത്?. ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരോ, ഈ ജീവനക്കാരുടെ യൂണിയൻ നേതാക്കന്മാരോ, അവരുടെ അധികാരികളോ  ആരെങ്കിലും അതിനെക്കുറിച്ച് ആലോചിക്കാറുണ്ടോ?
സാധാരണ ഞാൻ കാർ ഓടിച്ചു യാത്ര ചെയ്യുമ്പോൾ പുറകിൽ ഹോൺ അടിക്കുന്ന കെഎസ്ആർടിസി ബസുകളോട് വലിയ അവജ്ഞയും, വെറുപ്പും ആയിരുന്നു.ഇവന്മാർ ആളുകളെ കൊല്ലാൻ എവിടെ പാഞ്ഞു പോകുന്നു എന്നൊക്കെ ചിന്തിക്കുമായിരുന്നു.ചൂട് കാലത്ത് കുറച്ചുസമയം എവിടെയെങ്കിലും പാർക്ക് ചെയ്ത കാറിൽ കയറുമ്പോൾ അനുഭവപ്പെടുന്ന ചൂട് തന്നെ അസഹനീയമാണ്.ആ സമയത്ത് കെഎസ്ആർടിസി ബസ് പോലുള്ള ഒരു വാഹനത്തിൽ നിറയെ യാത്രക്കാരുമായി ചുട്ടുപഴുത്ത വെയിലത്ത്, അതുപോലെ ചൂട് പിടിച്ച ഗ്ലാസ്സിനും, എഞ്ചിനും പിന്നിൽ ഇരുന്ന് ആ വാഹനം ഓടിക്കുന്ന ഡ്രൈവർ അനുഭവിക്കുന്ന മാനസിക സംഘർഷം എത്രയെന്ന് ഏതെങ്കിലും യാത്രക്കാർ ആലോചിക്കാറുണ്ടോ? ഈ ബസിൽ ഇരിക്കുമ്പോൾ  ഞാൻ കണ്ടത് എത്ര ഹോൺ അടിച്ചാലും ഒതുക്കി കൊടുക്കാത്ത ചരക്കു വാഹനങ്ങളും,  ഒന്നോ, രണ്ടോ യാത്രക്കാരുമായി പാട്ടൊക്കെ കേട്ട്, മൊബൈലിൽ സംസാരിച്ച്, കൂടെയുള്ളവരുമായി കുശലം പറഞ്ഞ് നാഷണൽ ഹൈവേയിൽ ഒരു മര്യാദയും ഇല്ലാതെ യാത്ര ചെയ്യുന്ന സ്വകാര്യ വാഹനങ്ങളും, ബുള്ളറ്റ് പോലെ പായുന്ന ഇരുചക്ര വാഹനങ്ങളും ഒക്കെയാണ്….
ഇതിനിടയിലൂയിടെ തന്റെ യാത്രക്കാരുമായി ലക്ഷ്യത്തിലേക്ക് പായുമ്പോഴും, മനുഷ്യ ജീവൻ രക്ഷിക്കാൻ  അതിനേക്കാൾ വേഗതയിൽ ഒരേ ദിശയിൽ പായുന്ന നാലോ, അഞ്ചോ ആംബുലൻസുകൾക്ക് കൃത്യമായി വഴി ഒരുക്കാനും ആ ഡ്രൈവർ ശ്രദ്ധിച്ചിരുന്നു.കൊല്ലം – വൈറ്റില എന്റെ കണക്ക് അനുസരിച്ചു ഏകദേശം 150 കിലോമീറ്റർ കാണും. അതിനിടയിൽ അനുവദനീയമായ എല്ലാ ബസ് സ്റ്റാന്റുകളിൽ നിന്നും ആ ബസിൽ ആളുകൾ കയറുകയും, ഇറങ്ങുകയും ചെയ്തു.കൊല്ലം മുതലുള്ള സിഗ്നൽ പോയിന്റ്റുകളിൽ ഉണ്ടായ ചെറുതും, വലുതുമായ ഗതാഗത കുരുക്കുകൾ, അമ്പലപ്പുഴയുടെ സമീപം 4 പേരുടെ മരണത്തിന്  ഇടയാക്കിയ വാഹന അപകടം നടന്നിടത്ത് ചെറിയ ബ്ലോക്ക്‌. കുമ്പളം ടോൾ പ്ലാസ്സയിലെ ചെറിയ ക്യൂ. വൈറ്റിലയിലെ ബ്ലോക്കില്ലാ പാലത്തിന്റെ അടിയിലെ സാമാന്യം തെറ്റില്ലാത്ത ബ്ലോക്കും… ഇതെല്ലാം കടന്ന് ബസ്സ്‌ വൈറ്റില  ഹബ്ബിൽ എത്തിയപ്പോൾ സമയം 4.30. കൃത്യമായി പറഞ്ഞാൽ 4 മണിക്കൂർ.
 കാറിൽ ഇത്രദൂരം യാത്ര ചെയ്യണമെങ്കിൽ ഏകദേശം മൂന്നര മണിക്കൂർ അല്ലെങ്കിൽ ഇതേ സമയം തന്നെ വേണ്ടിവരും.അപ്പോൾ വീണ്ടും ഞാൻ ആലോചിച്ചത് ആ ഡ്രൈവർ എടുത്ത ശാരീരിക – മാനസിക അദ്ധ്വാനത്തെ കുറിച്ചായിരുന്നു. കൊല്ലത്തുനിന്നും തൃശൂരേക്കുള്ള ആ ബസ് വൈറ്റിലയിൽ എത്തിയപ്പോഴാണ് അൽപ്പം വിശ്രമത്തിന് അവസരം ലഭിച്ചത്. ഞാൻ വൈറ്റിലയിൽ ഇറങ്ങുകയും  ചെയ്തു.4 മണിക്കൂർ യാത്രക്കിടയിൽ കിട്ടിയ  ചെറിയ വിശ്രമത്തിന് വാഹനം നിർത്തിയ ആ ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങി ശരം  വിട്ടപോലെ പോയത് എന്തിനെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞതിനാൽ ആ ഡ്രൈവറെ  ഒന്ന് പരിചയപ്പെടണം  എന്നുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ല. മുഖം പോലും നേരെ ചൊവ്വേ കാണാൻ സാധിക്കാത്ത, ഒന്ന് പരിചയപ്പെടാൻ സാധിക്കാത്ത ആ ഡ്രൈവർ സഹോദരനും, അദ്ദേഹത്തെപ്പോലെ കെഎസ്ആർടിസിയിൽ കഷ്ടപ്പെടുന്ന ഓരോ ഡ്രൈവർമാർക്കും ഹൃദയത്തിൽ നിന്നും ആയിരം ആശംസകളും, പ്രാർത്ഥനയും, അഭിവാദ്യവും, ഐക്യദാർഢ്യവും അർപ്പിക്കുന്നു.
 അതുപോലെ ഈ പോസ്റ്റ് വായിക്കുന്ന സ്വന്തം വാഹനം ഉള്ളവരോട്… നിങ്ങൾ ഹൈവേകളിൽ ആസ്വദിച്ചു യാത്ര ചെയ്യുന്ന സമയത്ത് കെഎസ്ആർടിസിയുടെ ദീർഘദൂര  ബസുകളുടെ മുന്നിൽ അഭ്യാസം കാണിച്ച് ആ ഡ്രൈവർമാരുടെ ക്ഷമ പരീക്ഷിക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു
അന്നേദിവസം നടന്ന മറ്റൊരു സംഭവം(മറ്റൊരാളുടെ കുറിപ്പ്)
കെഎസ്ആർടിസി ജീവനക്കാരോട് കൂടുതൽ ബഹുമാനവും ആദരവും സ്നേഹവും തോന്നിയ യാത്ര . കഴിഞ്ഞ ദിവസം (27.4.2022) ചാലക്കുടിയിൽ നിന്നും മലക്കപ്പാറക്കും തിരിച്ചുമുള്ള യാത്രയിൽ നടന്ന ഒരു സംഭവം. മലക്കപ്പാറയിൽ നിന്നും വൈകുന്നേരം 5 10 ന് ചാലക്കുടിയിലേക്ക് വരുന്നവഴി ഏതാണ്ട് 7 30 നോടുകൂടി ഷോളയാർ വനത്തിൽ കൂടി പോരുമ്പോൾ തൊട്ടുമുന്നിൽ പോയിരുന്ന ഇന്നോവയുടെ ടയർ പഞ്ചർ ആയി കിടക്കുന്നത് കണ്ടു.റെന്റിനു എടുത്തിട്ടുള്ളതിനാൽ അതിന്റെ ഡ്രൈവർക്ക് സ്റ്റെപ്നി എടുക്കുവാൻ അറിയാതെ വിഷമിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ. ഉടൻതന്നെ ഡ്രൈവർ ജോസഫ്‌ ചേട്ടനും കണ്ടക്ടർ ബിനേഷും വണ്ടി നിർത്തി ഓടി ചെന്നു, യാത്രക്കാരായ ഞങ്ങളോട് പറഞ്ഞു ഈ അവസ്ഥയിൽ അവരെ ഈ സ്ഥലത്ത് ഇട്ടിട്ട് പോവാൻ പറ്റില്ല അവരെ സഹായിക്കണം എന്ന്.
തൊട്ടു പിറകെ വന്ന ഇന്നോവ കാറിനെയും നിർത്തിച്ച് അതിന്റെ ഡ്രൈവറിനെ കൊണ്ട് സ്റ്റെപ്പിനി എടുപ്പിച്ചു ടയറും മാറ്റി ഏതാണ്ട് 40 മിനിറ്റോളും യാത്ര താമസിച്ചെങ്കിലും അട്ട കടിയൊക്കെ കൊണ്ട് അവരുടെ കൂടെകൂടി അവരെ യാത്ര ആക്കിയതിന് ശേഷമാണ് ഞങ്ങൾ യാത്ര തുടർന്നത്. ഒരുപക്ഷെ ജോസഫ്‌ ചേട്ടനും ബിനേഷും മുൻകൈ എടുത്തില്ലായിരുന്നെങ്കിൽ അവരുടെ അവസ്ഥ പരിതാപകരമായിരുന്നേനെ. ആ കൊടുംകാട്ടിൽ അവരെ സഹായിക്കാൻ മനസ്സ് കാണിച്ച ചാലക്കുടി ഡിപ്പോയിലെ RNK 486 ലെ ജോസഫ്ചേട്ടനും ബിനേഷും ആയിരം ആയിരം അഭിനന്ദനങ്ങൾ.
 (Saju Sebastian എന്നയാൾ എഴുതിയത്)

Back to top button
error: