കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു, പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം ഇന്നു തന്നെ കോടതി പരിഗണിച്ചേക്കും.
പൊലീസ് മാധ്യമങ്ങളുമായി ഒത്തു കളിക്കുകയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ അറസ്റ്റ് ചെയ്തു പ്രശ്നം തീർക്കാനാണ് ശ്രമിക്കുന്നത്, മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബു ആരോപിച്ചു. സിനിമയിൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് പരാതിക്കാരി താനുമായി അടുപ്പം സ്ഥാപിച്ചത്. തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു പറയുന്നു.
പരാതിക്കാരി അയച്ച വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും താൻ അന്വേഷണസംഘത്തിന് കൈമാറുമെന്ന് വിജയ് ബാബു വ്യക്തമാക്കി.
‘ഫ്രൈഡേ ഫിലിം ഹൗസ്’ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു പ്രേക്ഷക മനസിൽ ഇടംനേടിയത്. നടനായി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
ഇതിനിടെ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. നടനും പരാതിക്കാരിയായ നടിയും കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു.
കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരി മൊഴി നൽകിയത്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പറയുന്നു.
നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ സാധൂകരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു. സാക്ഷികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വിജയ് ബാബുവിന്റെ ഫ്ലാറ്റിലടക്കം നടത്തിയ പരിശോധനയിൽ പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
വിജയ് ബാബുവിനെതിരെ വീണ്ടും വിമന് ഇന് സിനിമ കലക്ടീവ് പോസ്റ്റ്:
‘അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ അയാൾക്കെതിരെ പോലീസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. അയാൾ രാജ്യം വിട്ടു എന്നാണ് കരുതപ്പെടുന്നത് .
നടിയുടെ പരാതിയെ തുടർന്ന് എഫ്. ബിയിൽ തൽസമയം വരാൻ പോകുന്നു എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുകയും ഏപ്രിൽ 26 ന് രാത്രി ഒരു അജ്ഞാത ലൊക്കേഷനിൽ നിന്ന് വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവിലൂടെ നടിയുടെ പേരു വെളിപ്പെടുത്തുകയും അവൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്. മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത്,
‘ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ’ എന്ന്.
പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കുരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.
പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആൾക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താൻ വനിതാ കമ്മീഷനും സൈബർ പോലീസും തയ്യാറാകണം. അത്ര ഭയാനകമായ വിധത്തിലാണ് അവളുടെ പേരും ചിത്രങ്ങളും അക്രമിയുടെ ചിത്രത്തോടൊപ്പം വച്ച് ദുരുപയോഗപ്പെടുത്തിയത്. സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമാണിത് . ഇത്തരമൊരു സാഹചര്യത്തിൽ ഈ പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. ഭയം ജനിപ്പിക്കുന്ന ഈ ആൾക്കൂട്ട ആക്രമണം അവളുടെ ജീവനു തന്നെ ഭീഷണിയാവാൻ സാധ്യതയുണ്ട്. ‘
മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയൻ അംഗമായ സംഘടനകൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച്
ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ല.
ഈ നിശ്ശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നത്.
ഈ നിശബ്ദത കൊടിയ അന്യായമായി ഡബ്ല്യു.സി.സി. കാണുന്നു.
മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഇത് ഗൗരവമായി കാണണമെന്നും വിധി വരുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ സിനിമ സംഘടനകളിലെയും
അംഗത്വം സസ്പെൻഡ് ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
ഇരയെ പൊതുജനമധ്യത്തിൽ നാണം കെടുത്തുന്ന നികൃഷ്ടമായ നിയമവിരുദ്ധമായ പ്രവൃത്തിക്ക് അവർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ, ചലച്ചിത്ര സംഘടനകൾ സമൂഹത്തിന് നൽകുന്ന സന്ദേശം അത്യന്തം ആപൽക്കരമാണ്. ഇങ്ങിനെയൊക്കെയാവാം എന്ന വിചാരമാണ് അത് അക്രമികളിൽ ഉണ്ടാക്കുക.
മുൻപ് ഉണ്ടായ നടിയെ ആക്രമിച്ച വിഷയത്തിൽ അവർ എടുത്ത നിലപാട്
‘അതിജീവിതയുടെ കൂടെ നിൽക്കുന്നു, പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നു’ എന്നായിരുന്നു.
ഇനിയും ഇപ്പോഴും അവർ മിണ്ടാതിരിക്കാൻ തീരുമാനിച്ചാൽ, അയാൾ മീശ പിരിച്ചു കൊണ്ട് സംസാരിക്കുന്നത് അവർക്കെല്ലാം കൂടി വേണ്ടിയാണെന്നാണോ നാം കരുതേണ്ടത്…?