‘സമയവും സ്നേഹം ഒരുപോലെയാണ്. ആർക്കുവേണ്ടിയും കാത്തിരിക്കില്ല.രണ്ടും നഷ്ടപ്പെട്ടതിനു ശേഷം ദുഃഖിച്ചിരുന്നിട്ടു കാര്യവുമില്ല’– വിഖ്യാതമായ ഈ ഗ്രീക്ക് പഴമൊഴിയുടെ പ്രസക്തി ഏറിവരുന്ന കാലത്തിലൂടെയാണ് നമ്മൾ ഇന്നു കടന്നുപോകുന്നത്.ആർക്കും ഒന്നിനും സമയമില്ല. സ്വന്തം കുടുംബത്തോടൊപ്പം ചെലവിടാൻ സമയമില്ലാത്ത അവസ്ഥ. അവരോട് മനസ്സു തുറന്നു സംസാരിക്കാനോ, ചേർന്നിരിക്കാനോ അവസരം ഇല്ലാത്ത വിധത്തിൽ തിരക്കുകൾ. ആ സമയക്കുറവ് പതിയെ പതിയെ ബന്ധങ്ങളെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവു ലഭിക്കുമ്പോഴേക്കും ബന്ധങ്ങൾ കൈവിട്ടു പോയിട്ടുണ്ടാകും.
ഒരു മകൻ അവന്റെ അച്ഛന് നൽകിയ തിരിച്ചറിവ്
മകൻ : ഡാഡി ഞാനൊരു കാര്യം ചോദിച്ചോട്ടെ…
ഡാഡി : “തീർച്ചയായും…. ചോദിച്ചോളൂ..”
മകൻ: “ഒരു മണിക്കൂർ ജോലി ചെയ്താൽ
ഡാഡിക്ക് എന്തു കിട്ടും??”
ഡാഡി : “നീയത് അറിയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല ” അനാവശ്യ ചോദ്യവുമായി വന്നിരിക്കുന്നു.
മകൻ : “ഡാഡി… പ്ലീസ്…ഒരു ചെറിയ കാര്യമുണ്ടായിരുന്നു.. ഒന്ന് പറയുമോ???”
ഡാഡി : “അത്ര നിർബന്ധമാണെങ്കിൽ പറയാം… എനിക്ക് ഒരു മണിക്കൂറിന് 50 ഡോളർ കിട്ടും.”
മകൻ : ആണോ??? ( തല താഴ്ത്തി എന്തോ ആലോചിക്കുന്നു )
“ഡാഡി… എനിക്കൊരു 25 ഡോളർ ദയവായി തരുമോ??”
ഡാഡി : “ഇതിനാണോ നീ ഈ അനാവശ്യചോദ്യം ചോദിച്ചത്? എന്നിട്ട് ആ പണം കൊണ്ട് എന്തെങ്കിലും പന്ന കളിപ്പാട്ടം വാങ്ങണം അല്ലേ?? ഞാൻ കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണം ഇങ്ങനെ പാഴാക്കി കളയാനല്ല. നീ മര്യാദക്ക് നിന്റെ റൂമിൽ പോയി എന്തെങ്കിലും പഠിക്കാൻ നോക്ക്…”
കുട്ടി ദയനീയമായി ഡാഡിയുടെ മുഖത്തേക്ക് നോക്കിയശേഷം അവന്റെ മുറിയിൽ കയറി വാതിലടച്ചു…
അദ്ദേഹത്തിന് കുട്ടിയുടെ ആ ചോദ്യം ഓർത്ത് ദേഷ്യം കൂടിക്കൊണ്ടിരുന്നു. “കുറച്ച് പൈസക്ക് വേണ്ടി അവന്റെ ഒരു ചോദ്യം…”
ഒരു മണിക്കൂറിനു ശേഷം അദ്ദേഹം സമനില വീണ്ടെടുത്തു. ” ഒരു പക്ഷെ വളരെ ആഗ്രഹമുള്ള എന്തോ വാങ്ങാനാകും അവൻ പണം ചോദിച്ചത്. അവനങ്ങനെ എന്നും പണം അവശ്യപ്പെടാറില്ലതാനും”
ഇങ്ങനെ ചിന്തിച്ച് അദ്ദേഹം കുട്ടിയുടെ മുറിയുടെ വാതിൽക്കലെത്തി മുട്ടി അകത്തു കയറി..
ഡാഡി : “മോനേ നീ ഉറങ്ങിയോ??”
മകൻ : “ഇല്ല ഡാഡി.”
ഡാഡി : “ഒരു പക്ഷെ കുറച്ചുമുമ്പ് നീ ആ പണം ആവശ്യപ്പെട്ടപ്പോൾ അനാവശ്യമായി ഞാൻ നിന്നോട് ദേഷ്യപ്പെട്ടുവെന്ന് തോന്നുന്നു. ജോലിയിലെ ചില പ്രശ്നങ്ങൾ മൂലം എന്റെ മനസ്സ് വളരെ കലുഷമായിരുന്നു. ഇതാ നീ ആവശ്യപ്പെട്ട 25 ഡോളർ “
ഇതു കേട്ട കുട്ടി പുഞ്ചിരിച്ചു.
മകൻ : താങ്ക് യു ഡാഡി…
എന്നിട്ട് തലയിണയുടെ അടിയിൽനിന്ന് പഴകി ചുരുണ്ട കുറേ നോട്ടുകൾ പെറുക്കിയെടുത്തു. ഇതുകണ്ട ഡാഡിക്ക് ദേഷ്യം ഇരച്ചുവന്നു. കുട്ടി സാവധാനം പണം എണ്ണിയശേഷം ഡാഡിയുടെ മുഖത്തേക്ക് നോക്കി.
ഡാഡി : നിന്റെ പക്കൽ പണം ഉണ്ടായിരുന്നുവെങ്കിൽ എന്തിന് എന്നോട് ചോദിച്ചു???
മകൻ : “ഞാൻ പണം ചോദിച്ചപ്പോൾ എന്റെ പക്കൽ ഉണ്ടായിരുന്നില്ല. പിന്നെയാണ് കുടുക്കയിലെ പണത്തിന്റെ കാര്യം ഓർത്തത്..”
“ഇതാ ഡാഡി 50 ഡോളർ.. ഡാഡിയുടെ ഒരു മണിക്കൂർ സമയത്തിന്റെ വില..നാളെ ജോലിയിൽനിന്ന് ഒരു മണിക്കൂർ നേരത്തെ വന്ന് എന്റെയൊപ്പം കളിക്കാൻ കൂടുമോ?
ഇതുകേട്ട് അദ്ദേഹം സ്തംഭനായി നിന്നുപോയി.കുട്ടിയെ തന്റെ അരികിലേക്ക് ചേർത്തു നിർത്തി മുറുകെ പുണർന്നു..ആ മനസ്സിൽ കുറ്റബോധം നിറഞ്ഞു.താൻ ദേഷ്യപ്പെട്ടതിന് കുട്ടിയോട്
മാപ്പ് പറഞ്ഞു.
ഈ കഥ കുടുബാംഗങ്ങൾക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കാത്ത എല്ലാവർക്കും ഒരു പാഠമാകട്ടെ..
ജീവിത തിരക്കുകൾക്കിടയിലും നമ്മുടെ പ്രീയപ്പെട്ടവർക്കൊപ്പം ചിലവഴിക്കാൻ നാം സമയം കണ്ടെത്തണം. സമയമില്ലെന്ന ന്യായീകരണം കണ്ടെത്തുന്ന എല്ലാവരും മനസ്സിലാക്കണം, നമ്മുടെ കൈക്കുമ്പിളിലൂടെ ചോർന്നു പോകുന്ന ഒരു നിമിഷവും നമുക്ക് തിരികെ കിട്ടില്ലെന്ന് !!