NEWS

മോര് നല്ലതാണ്, പക്ഷെ സ്ഥിരം കുടിക്കരുത്

വേനലിൽ മോര് അല്ലാതെ പിന്നെന്താണ് കുടിക്കുക? ആയുർവേദത്തിൽ പോലും പറയുന്ന മോര് ഇന്നുള്ളതില്‍ വച്ച്‌ ഏറ്റവും ആരോഗ്യകരമായ പാനീയമായിട്ടാണ്  വിലയിരുത്തുന്നത്.പാല് പുളിപ്പിച്ചുണ്ടാക്കിയ നല്ല കട്ട തൈരും അതിനൊപ്പം കുറച്ച്‌ പച്ചമുളക്, ഇഞ്ചി, കറിവേപ്പ്, മല്ലിയില തുടങ്ങിയവയൊക്കെ ചേര്‍ത്ത് നല്ല പോലെ അടിച്ചെടുത്ത് തണുത്ത വെള്ളവും ചേര്‍ത്ത് കുറച്ച്‌ ഉപ്പുമിട്ട് കുടിക്കുമ്ബോള്‍ കിട്ടുന്ന സുഖമൊന്നും ഒരു കുലുക്കി സര്‍ബത്തിനും കിട്ടുകയുമില്ല.
ദഹനത്തെ ത്വരിതപ്പെടുത്തുക, എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുക, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ അളവ് നിയന്ത്രിക്കുക, ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മോരിന്റെ ഗുണങ്ങള്‍. വെറും 245 മില്ലി മോരില്‍ എട്ട് മില്ലിഗ്രാം പ്രോട്ടീന്‍, 22 ശതമാനം കാല്‍സ്യം, 22 ശതമാനം വിറ്റാമിന്‍ ബി 12, മൂന്ന് മില്ലിഗ്രാം ഫൈബര്‍, 16 ശതമാനം സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.എന്നാല്‍ ഇത്രയധികം ഗുണങ്ങളുള്ള മോരിനും ചില പാര്‍ശ്വഫലങ്ങൾ ഉണ്ട്.അധികമായാൽ അമൃതും വിഷമെന്നാണല്ലോ ചൊല്ല് തന്നെ!
മറ്റ് പാല്‍ ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മോരില്‍ വളരെയധികം സോഡിയം അടങ്ങിയിട്ടുണ്ട്.ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളലവരിലും വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരിലും വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സോഡിയത്തിന്റെ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കും.
മോരില്‍ ധാരാളം പ്രോബയോട്ടിക്കുകളുണ്ട്. ഈ ബാക്ടീരിയകളാണ് ആമാശയത്തിലെ ദഹനത്തെ ശരിയായ രീതിയില്‍ നടത്തുവാന്‍ സഹായിക്കുന്നത്. എന്നാല്‍ ഈ ബാക്ടീരിയകള്‍ കുട്ടികളുടെ ശരീരത്തിന് അത്ര നല്ലതല്ല. കുട്ടികള്‍ മോര് അധികമായി കുടിക്കുന്നത് ജലദോഷത്തിനും തൊണ്ടയില്‍ അണുബാധയ്ക്കും കാരണമാകും. ലാക്ടോസ് അലര്‍ജിയുള്ളവര്‍ യാതൊരു കാരണവശാലും മോര് കുടിക്കരുത്.അത് അവരില്‍ വലിയ തോതിലുള്ള അലര്‍ജിക്ക് കാരണമായേക്കാം.
അതേപോലെ രാത്രികാലങ്ങളില്‍ മോര് കുടിക്കുന്നത് പനിയും ജലദോഷവും വരുത്തി വയ്ക്കാന്‍ കാരണമാകും. അതിനാല്‍ സന്ധ്യയ്ക്ക് ശേഷം മോര് കുടിക്കുന്നത് കഴിവതും ഒഴിവാക്കുക.

Back to top button
error: