പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ജമ്മുകാഷ്മീരിൽ. ദേശീയ പഞ്ചായത്തി രാജ് ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനും വൻകിട പദ്ധതികൾക്കു തുടക്കംകുറിക്കുന്നതിനുമാണ് പ്രധാനമന്ത്രി ഇന്നു ജമ്മുകാഷ്മീരിൽ എത്തുന്നത്. 20,000 കോടി രൂപയുടെ വികസപദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണു സൂചന.
ജമ്മുവിനെയും കാഷ്മീരിനെയും ബന്ധിപ്പിക്കുന്ന ബനിഹാൾ-കാസിഗുണ്ട് തുരങ്കപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. 3,100 കോടിരൂപ ചെലവഴിച്ചു നിർമിച്ച ഇരട്ട തുരങ്കപാത 8.45 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പാത പ്രവർത്തനസജ്ജമാകുന്നതോടെ ബനിഹാളിൽനിന്നും കാസിഗുണ്ടിലേക്കുള്ള ദൂരം 16 കിലോമീറ്റർ കുറയും. രണ്ട് ജലവൈദ്യുത പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
5,300 കോടി രൂപ ചെലവഴിച്ചുള്ള 850 മെഗാവാട്ടിന്റെ റടലേ ജലവൈദ്യുത പദ്ധതി കിഷ്ത്വാർ ജില്ലയിൽ ചെനാബ് നദിയിലാണ്. 540 മെഗാവാട്ടിന്റെ ക്വാർ ജലവൈദ്യുത പദ്ധതിയും ചെനാബ് നദിക്കു കുറുകെയും നിർമിക്കും. 4,500 കോടിരൂപയാണ് പദ്ധതിച്ചലവ്. സംസ്ഥാനത്തെ ഊർജ പ്രതിസന്ധിക്ക് ഈ പദ്ധതികളിലൂടെ പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷ.