ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. അടിയന്തരമായി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ശരാശരി 1.1 ശതമാനം വര്‍ധനവാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ നടപ്പാക്കുന്നത്. ഇന്‍പുട്ട് ചെലവിലെ വര്‍ധനവ് ഭാഗികമായി നികത്താന്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളിലുടനീളം വില വര്‍ധിപ്പിച്ചതായി ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നു മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ചായിരിക്കും വില വര്‍ധനവെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ, മാര്‍ച്ച് 22 ന്, ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെ മോഡലും വേരിയന്റും അനുസരിച്ച് 2-2.5 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഏപ്രില്‍ 18 ന് അതിന്റെ എല്ലാ മോഡലുകളുടെയും വില ശരാശരി 1.3 ശതമാനം വര്‍ധിപ്പിച്ചിരുന്നു.