ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന ഹൃദ്രോഗത്തിന്റെ പ്രധാന കാരണം രക്തസമ്മർദ്ദം ആണെന്ന് എത്രപേർക്കറിയാം? ക്രമം തെറ്റിയ ആഹാര ശീലങ്ങളും മാറിയ ജീവിതശൈലികളുമാണ് രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്.മലയാളികളിൽ അപകടകരമായ വിധത്തിൽ രക്തസമ്മർദ്ദം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതെ വരുന്നതും, തിരിച്ചറിഞ്ഞ ശേഷം ചികിത്സ തേടാതിരിക്കുന്നതും അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നു. മസ്തിഷ്‌കാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങൾ ഉണ്ടാകാൻ ഉയർന്ന രക്തസമ്മർദ്ദം കാരണമാകും.കൂടാതെ കാഴ്ചശക്തിയെ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യും.മരുന്നുകളുടെ സഹായമില്ലാതെ തന്നെ ചില സ്വാഭാവിക മാർഗ്ഗങ്ങളിലൂടെ നമുക്ക് അമിത രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം.
പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും. വെറും മുപ്പത് മിനുട്ട് ദിവസവും നടന്നാൽ മാത്രം മതി.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.ഉപ്പ് അധികം അടങ്ങിയ പായ്ക്കറ്റ് ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. അതുപോലെ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ കുറിക്കുന്നതും ഒഴിവാക്കുക.ഭക്ഷണം പാകം ചെയ്യുമ്പോൾ ചേർക്കുന്ന ഉപ്പിന്റെ അളവും കുറയ്ക്കാം.
രക്തസമ്മദർഹം നിയന്ത്രിക്കാൻ മദ്യവും പുകവലിയും ഒഴിവാക്കുക.
ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനും അത് വഴി രക്തക്കുഴലുകളിലെ മർദ്ദം ക്രമീകരിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാനും പൊട്ടാസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.ഇതിനായി പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ധാരാളം കഴിക്കുക.
മാനസിക പിരിമുറുക്കം കൂടുതലായി അനുഭവിക്കുന്നവരിൽ ഹൃദയമിടിപ്പ് കൂടുതലായി കാണപ്പെടാറുണ്ട്.ഇത് മൂലം രക്തക്കുഴലുകളിൽ സമ്മർദ്ദം അനുഭവപ്പെടുന്നു.മനസ്സിനെ സംഘർഷഭരിതമാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയോ പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന തുടങ്ങിയവ ശീലമാക്കുകയോ ചെയ്യാം.
പുകവലി ശീലമാക്കിയവരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നന്നേ ബുദ്ധിമുട്ടാണ്.ഓരോ തവണ സിഗരറ്റ് വലിക്കുമ്പോഴും പുക ഉള്ളിലെത്തും.ഈ സമയത്തെ രക്തസമ്മർദ്ദത്തിൽ താത്കാലിക വർദ്ധന ഉണ്ടാകും.അതു മാത്രമല്ല, നിക്കോട്ടിൻ രക്തധമനികൾക്ക് വളരെയേറെ ദോഷം ചെയ്യുകയും ചെയ്യും.
ശീതളപാനീയങ്ങൾ ധാരാളമായി കുടിക്കുന്നത് ഒഴിവാക്കുക.അതോടൊപ്പം തന്നെ ആഹാരക്രമത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ബെറികൾ കഴിക്കുന്നത് ഹൃദയത്തിന്റെ പൂർണ്ണ ആരോഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ദീര്‍ഘ ശ്വാസോച്ഛാസം (deep breathing) രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.മാനസിക സംഘർഷം ലഘൂകരിക്കാൻ ചെയ്യുന്ന ധ്യാനവും യോഗയുമെല്ലാം സമാനമായ ഫലങ്ങൾ തന്നെയാണ് നൽകുന്നത്.
ഭക്ഷണത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ബ്ലഡ് പ്രഷർ കൂടാൻ കാരണവുമാകും. പാൽ, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ, ബീൻസ്, മത്തി, ടോഫു, ചിക്കൻ, തവിടോടുകൂടിയ ധാന്യങ്ങള്‍ തുടങ്ങിയവയൊക്കെ ധാരാളം കഴിക്കാം. ഇവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.