മുംബൈ: കൊവിഡില്‍ നിന്നും മുക്തമാകുകയാണ് ടൂറിസം മേഖല. ഇതിന്റെ പ്രതിഫലനങ്ങള്‍ ഹോട്ടല്‍ ബുക്കിംഗുകളില്‍ പ്രകടമായി തുടങ്ങിയതായി ഒയോ റൂംസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിതേഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. കോവിഡിന് മുമ്പ് രാജ്യത്തെ ആഭ്യന്തര സഞ്ചാരികള്‍ 100 കോടിയിലധികമായിരുന്നു. ഇപ്പോള്‍ ഇത് വര്‍ധിച്ച് വരികയാണ്. ചൂരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച രീതിയിലുള്ള തിരിച്ചുവരവ് സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്. വരുന്ന ഏതാനും മാസങ്ങള്‍ വളരെ തിരക്കുപിടിച്ചതായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും, ഹോം സ്റ്റേകളും ഏറെക്കാലം നിലനില്‍ക്കുന്നതാണ്. ഇന്ത്യ സംരഭകരുടെ രാജ്യമാണ്. ബിസിനസ് കെട്ടിപ്പടുക്കുന്നതിന് രണ്ട് സാധ്യതകളുണ്ട്. ഒന്നുകില്‍ ചെറുകിട ബിസിനസുകളുമായി പ്രവര്‍ത്തിച്ച് അവരെ വിജയിപ്പിക്കുകയോ അല്ലെങ്കില്‍ അവരുമായി മത്സരിക്കാന്‍ ശ്രമിക്കുകയോ ചെയ്യണം. ചെറുകിട ബിസിനസുകള്‍ നമ്മുടെ രാജ്യത്തിന് ആവശ്യമുള്ളതാണ്. എന്റെ കാഴ്ചപ്പാടില്‍ ഒയോ ഇന്ത്യയിലെ ചെറുകിട ബിസിനസുകളുടെ ശക്തിയുമായി വളരെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.