ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തിന്റെ സാഹചര്യത്തില്‍ സുരക്ഷാ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ കേന്ദ്രം. വിഷയം അന്വേഷിക്കാന്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചത് ശേഷം തകരാറുള്ള വാഹനങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിയ്ക്കാന്‍ ഉത്തരവിടുമെന്ന് കേന്ദ്ര ഗാതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ച സാഹചര്യത്തിലാണ് ഈ പരാമര്‍ശം.
ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കാനും ഞങ്ങള്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സുരക്ഷ വീഴ്ച വരുത്തിയ കമ്പനികള്‍ക്കായി ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന്,” മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
അതേസമയം, തകരാറുള്ള വാഹനങ്ങളുടെ എല്ലാ ബാച്ചുകളും ഉടനടി തിരിച്ചുവിളിക്കാന്‍ കമ്പനികള്‍ മുന്‍കൂര്‍ നടപടി സ്വീകരിച്ചേക്കാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഓരോ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയിലെ ഒലയുടെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മാത്രമല്ല വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌ക്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒകിനോവ ഓട്ടോടെക്കിന്റെ വാഹനങ്ങള്‍ തീപിടച്ചതിനെ തുടര്‍ന്ന് 3215 ഇവി സ്‌കൂട്ടറുകള്‍ വിപണിയില്‍ നിന്ന് തിരിച്ച് വിളിച്ചിരുന്നു.
അപകടങ്ങളിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും സെന്റര്‍ ഫോര്‍ ഫയര്‍ എക്സ്പ്ലോസീവ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സേഫ്റ്റിയോട് (സിഎഫ്ഇഇഎസ്) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കണ്ടെത്തലുകളും പങ്കിടാന്‍ മന്ത്രാലയം സിഎഫ്ഇഇഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ, മൂന്ന് പ്യുവര്‍ ഇവി, ഒരു ഒല, രണ്ട് ഒകിനാവ, 20 ജിതേന്ദ്ര ഇവി സ്‌കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്.