NEWS

കശുവണ്ടി ശേഖരിക്കാൻ പോലീസുകാർ; പുതിയ ഉത്തരവ് പുറത്തിറക്കി

കണ്ണൂർ: കശുവണ്ടി ശേഖരിക്കാനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും പോലീസുകാരെ ചുമതലപ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കി.ആദ്യത്തെ ഉത്തരവ് വിവാദമായതോടെയാണ് അത് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയത്.കെഎപി ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളിലെ കശുവണ്ടികള്‍ താഴെവീണു നശിച്ചുപോകുന്ന പശ്ചാത്തലത്തിലാണ് ഇവ ശേഖരിക്കുന്നതിനായി മൂന്നു പോലീസുകാരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്.

കെഎപി നാലാം ബറ്റാലിയന്റേ അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കശുമാവുകളില്‍ നിന്നും കശുവണ്ടി ശേഖരിക്കുന്നതു സംബന്ധിച്ച്‌ 4 തവണ ലേലം നടത്തി. എന്നാല്‍ ആരും തന്നെ ലേലം കൊള്ളുന്നതിനു തയ്യാറാകുന്നില്ല.

 

Signature-ad

നിലവില്‍ പാകമായ കശുവണ്ടികള്‍ നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്.ആയതിനാല്‍ താഴെ വീഴുന്ന കശുവണ്ടികള്‍ നശിച്ചുപോകുന്നതിനു മുന്‍പ് ശേഖരിക്കുന്നതിനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കുന്നതിനും സേനാംഗങ്ങളെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.

 

സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരാളെയും രണ്ട് ഹവില്‍ദാര്‍മാരെയും ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ശേഖരിക്കുന്ന കശുവണ്ടികളുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തി എല്ലാ ആഴ്ചകളിലും അസിസ്റ്റന്റ് കമാണ്ടന്റിനെ അറിയിക്കണമെന്നുമായിരുന്നു ആദ്യ ഉത്തരവില്‍ ഉണ്ടായിരുന്നത്.

 

അതേസമയം കശുവണ്ടി പെറുക്കാന്‍ പോലീസ് സേനാംഗങ്ങളെ ചുമതലപ്പെടുത്തിയുള്ള ഉത്തരവിനെതിരെ പോലീസ് സംഘടനയില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നതോടെ ആദ്യം ഇറക്കിയ ഉത്തരവ് പിന്‍വലിച്ചു പുതിയ ഉത്തരവിറക്കി. കശുവണ്ടികള്‍ ശേഖരിക്കുന്നതിനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കുന്നതിനുമുള്ള നടപടികള്‍ അസിസ്റ്റന്‍്റ് കമാണ്ടന്‍്റ് ക്യുഎം സ്വീകരിക്കേണ്ടതാണെന്നു തിരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്.

Back to top button
error: