KeralaNEWS

മാസം കൂടി സമയം വേണമെന്ന് ക്രൈംബ്രാഞ്ച്, സമയം നീട്ടി നൽകരുത് കള്ളത്തെളിവുണ്ടാക്കാനെന്ന് ദിലീപ്; സങ്കീർണതയുടെ പാരമ്യതയിലേയ്ക്ക് ദിലീപ് കേസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസും ഓരോ ദിവസം കഴിയുംതോറും കൂടുതൽ സങ്കീർണമായി മാറുന്നു. പ്രതി ദിലീപിന്റെ ഫോണിൽനിന്നു സൈബർ വിദഗ്ധൻ സായ്‌ശങ്കർ നീക്കം ചെയ്ത ഡിജിറ്റൽ ഫയലുകൾ സായ്‌ശങ്കർ തന്നെ വീണ്ടെടുത്തു കൊടുത്തു എന്ന് പൊലീസ് പറയുന്നു. ചാറ്റ് ഉൾപ്പെടെ 10 ഫയലുകളാണ് വീണ്ടെടുത്ത് നൽകിയത്.

അന്വേഷണസംഘം നൽകുന്ന സൂചനപ്രകാരം ഫൊറൻസിക് ലാബിൽനിന്നു വീണ്ടെടുക്കാൻ സാധിക്കാതെ പോയ നിർണായക വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നത്. കേസിൽ ഏഴാം പ്രതിയായ സായ് ശങ്കർ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരായത്. വൈകിട്ടോടെ ചോദ്യം ചെയ്യൽ പൂർത്തിയായി.

Signature-ad

ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരീ ഭർത്താവ് സുരാജിനോടും ഇന്ന് ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവനോടു ഹാജരാകാൻ നിർദേശിക്കുക. നേരത്തേ സാക്ഷിയായി ചോദ്യം ചെയ്യാൻ ഹാജരാകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ചിന് തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നൽകരുതെന്ന് ദിലീപ്. കാവ്യാ മാധവൻ സമയം നൽകിയിട്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാത്തത് അന്വേഷണം നീട്ടാൻ വേണ്ടിയാണ്.
പൾസർ സുനിയുടെ കത്തും സുരാജിന്റെ ഫോൺസംഭാഷണവും വ്യാജമെന്നും ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കാവ്യയെ കേസിൽ കുരുക്കാനാണ് നീക്കം.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി ഈ മാസം 14-ന് അവസാനിച്ചു. മൂന്നുമാസം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനിടെയാണ് തുടരന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ്, ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

കള്ളത്തെളിവുണ്ടാക്കാനുള്ള ശ്രമമാണ് തുടരന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നതെന്ന് ദിലീപ് ആരോപിക്കുന്നു. കഴിഞ്ഞ മൂന്നരമാസമായി കേസിലെ വിചാരണ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. ജനുവരിയിൽ തുടങ്ങിയ തുടരന്വേഷണത്തിനുള്ള സമയപരിധി അവസാനിച്ചു കഴിഞ്ഞു. ഇനി സമയം നീട്ടി നൽകരുത്. കാവ്യാ മാധവൻ ചോദ്യംചെയ്യലിന് വിധേയ ആകാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തില്ല. ഇത് ബോധപൂർവമാണ്. തുടരന്വേഷണം നീട്ടിക്കൊണ്ടു പോവുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യയെ ചോദ്യം ചെയ്യാതിരുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

Back to top button
error: