റഷ്യക്കെതിരെ പോരാടാൻ യുക്രെയ്ന് 800 മില്യൺ ഡോളറിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തെ ചെറുക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഉൾപെടുന്നതാണ് യുഎസിന്റെ ആയുധ സഹായം. ഹെലികോപ്റ്ററുകൾ, പീരങ്കി സംവിധാനങ്ങൾ, കൂടുതൽ ശേഷിയുള്ള കവചിത പേഴ്സണൽ കാരിയറുകൾ എന്നിവയും ഉൾപ്പെടുന്നു.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഫോൺ സംഭാഷണത്തെത്തുടർന്നാണ് പ്രഖ്യാപനം. യുക്രെയ്ന് യുഎസ് നൽകുന്ന മൊത്തം സൈനിക സഹായം ഇപ്പോൾ മൂന്നു ബ്രില്യൺ ഡോളറിൽ അധികമായെന്ന് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. റഷ്യയുടെ പ്രാരംഭ യുദ്ധലക്ഷ്യങ്ങളുടെ പരാജയം ഉറപ്പാക്കാൻ ഇതുവരെ വിതരണം ചെയ്ത ആയുധങ്ങൾ സഹായിച്ചതായി ബൈഡൻ പറഞ്ഞു.
അമേരിക്കൻ ജനത ധീരരായ യുക്രെനിയൻ ജനതയ്ക്കൊപ്പം നിൽക്കുമെന്ന് പ്രസിഡന്റ് സെലൻസ്കിക്ക് ബൈഡൻ ഉറപ്പുനൽകി. ഇത് വിശ്രമിക്കാനുള്ള സമയമല്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.