മക്കളെ രക്ഷിക്കാന്‍ അവയവങ്ങള്‍ക്ക് വിലയിട്ടൊരമ്മ
ഭൂമിയില്‍ ‘അമ്മ’ എന്ന വാക്കോളം മഹത്തായ മറ്റൊരു പദം ഉണ്ടോ എന്നറിയില്ല. അമ്മ എന്ന വാക്കിനു പകരം വെക്കാന്‍ മറ്റൊരു വാക്കും ഇല്ല.അമ്മക്ക് പകരമാവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല.അമ്മയെ പോലെ ആകാനെ വേറൊരാളാള്‍ക്ക് പറ്റൂ, അമ്മ എന്നാല്‍ അമ്മ മാത്രം. അഹങ്കാരത്തിന്റെ ജീവിതപ്പാച്ചിലില്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ച് നമ്മള് ലോകം ചെറുതാക്കുമ്പോള്‍ അമ്മയുടെ ക്ഷമയുടേയും സഹനത്തിന്റെയും വാത്സല്യത്തിന്റെയും തലോടലില്‍ വലുതാകുന്നതാണു പ്രപഞ്ചം. അത്തരത്തില്‍ ഒരു അമ്മയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
മക്കളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ അവയവങ്ങള്‍ വില്ക്കാന് തയ്യാറാണെന്ന് കാണിച്ച് അഞ്ച മക്കളുമായി നിരത്തിലിറങ്ങിയ ഒരമ്മ. മലപ്പുറം സ്വദേശി ശാന്തയാണ് വെളളപേപ്പറില്‍ ചുവന്ന മഷി കൊണ്ട് ഹൃദയം ഉള്‍പ്പെടെ വില്ക്കാന് തയ്യാറാണെന്ന് കാണിച്ച് സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം ഇപ്പോള്‍ മുളവുകാടിനടുത്ത് കണ്ടെയ്നര്‍ റോഡില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി അതിനടിയിലാണ് കഴിയുന്നത്.ഇവരുടെ അഞ്ച്മക്കളും ഗുരുതര രോഗങ്ങള്‍ക്ക് അടിമകളാണ്. മൂന്ന് മക്കളുടെ ശസ്ത്രക്രിയ കഴിഞ്ഞു. മക്കളുടെ ചികിത്സയ്ക്കായി വീട് വിറ്റ് വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ വാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു.
ചെറിയ പണികള്‍ക്ക് പോയിരുന്ന മക്കള്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കിടപ്പിലാവുകയായിരുന്നു. മൂത്ത മകന് വാഹനാപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞു. രണ്ടാമത്തെ മകനും അപകടത്തില്‍പെട്ട് കിടപ്പിലായി. മൂന്നാമത്തെ മകന് വയറ്റില്‍ മുഴയെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നു. നാലാമത്തെ മകള്‍ക്ക് കണ്ണിന് ഗുരുതര പ്രശ്നങ്ങളുമായി ചികിത്സയിലാണ്. മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ വയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്യുകയായിരുന്നു.
റോഡില്‍ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുട്ടികളുടെ ചികിത്സയ്ക്കും ഇവര്‍ക്ക് സുരക്ഷിതമായ ഒരു ഇടം ഒരുക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡില്‍ വീട്ടമ്മ നില്ക്കാന് തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പറും ഈ ബോര്‍ഡില്‍ വിശദമാക്കുന്ന ബോര്‍ഡുമായാണ് വീട്ടമ്മ സമരം ചെയ്തത്.