രാജ്യസഭയിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരം; 8 എംപിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
അംഗങ്ങള്‍ ആത്മവിമര്‍ശനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃണമൂല്‍ എംപി ഡെറക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീതു ചെയ്തു. മാത്രമല്ല ഇന്നലെ പ്രതിഷേധിച്ച ഡെറക് ഒബ്രയന്‍ ഉള്‍പ്പെടെ 8 പേരെ സസ്പെന്‍ഡ് ചെയ്തു. സഞ്ജയ് സിങ്, രാജു സതവ്, കെ.കെ. രാഗേഷ്, റിപുണ്‍ ബോറ, ഡോല സെന്‍, സയ്യിദ് നസീര്‍ ഹുസൈന്, എളമരം കരീം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന്. ഇവര്‍ പുറത്തേക്ക് പോകണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭ വിടാന്‍ വിസമ്മതിച്ചതോടെ രാജ്യസഭ നിര്‍ത്തിവച്ചു.