ന്യൂഡല്‍ഹി: സഹാറ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സഹാറയ്ന്‍ യൂണിവേഴ്സല്‍ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ്, ഹമാര ഇന്ത്യ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നീ മൂന്ന് സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളെ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി വിലക്കിയതായി കേന്ദ്ര സഹകരണ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 22 ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
75 ദിവസത്തിനുള്ളില്‍ അതിന്റെ നാല് അനുബന്ധ സഹകരണ ക്രെഡിറ്റ് സൊസൈറ്റികളിലെ 10 ലക്ഷത്തിലധികം അംഗങ്ങള്‍ക്ക് 3,226 കോടി രൂപ നല്‍കിയതായി 2020 ഒക്ടോബറില്‍ ഗ്രൂപ്പ് പറഞ്ഞിരുന്നു. ഇതില്‍ കാലതാമസം നേരിടുന്നത് സംബന്ധിച്ച് പരാതിപ്പെട്ട ആളുകളുടെ ഇടപാടുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി സുപ്രീം കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മൂലമാണ് ഇടപാടുകളില്‍ കുറച്ച് കാലതാമസം ഉണ്ടായതെന്നും സ്ഥാപനങ്ങളുടെ ബോണ്ട് ഹോള്‍ഡര്‍മാര്‍ക്ക് റീഫണ്ട് ചെയ്യാനായി പലിശ തുക ഉള്‍പ്പെടെ ഏകദേശം 22,000 കോടി രൂപ സഹാറ സെബി അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സഹാറ ഗ്രൂപ്പ് പറഞ്ഞിരുന്നു.
സഹാറ ഗ്രൂപ്പുമായി ബന്ധമുള്ള നാല് സഹകരണ സ്ഥാപനങ്ങള്‍ സമാഹരിച്ച 86,600 കോടി രൂപയില്‍ നിന്ന് നിക്ഷേപം നടത്തിയതിനെക്കുറിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സഹാറ ഗ്രൂപ്പിന്റെ പ്രസ്താവന. ക്രെഡിറ്റ് സൊസൈറ്റികള്‍ ചാര്‍ജുകള്‍ നിരാകരിക്കുകയും തങ്ങളുടെ എല്ലാ നിക്ഷേപങ്ങളും നിയമപ്രകാരമാണ് നടത്തിയതെന്നും സഹാറ ഗ്രൂപ്പ് പറഞ്ഞു.