തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയര്മാന് സസ്പെന്‍ഡ് ചെയ്ത നടപടി ശരിവെച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയര്മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ ചട്ടങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ അന്വേഷണത്തിന് ശേഷം ഇടപെടുമെന്നറിയിച്ച മന്ത്രി ഈ മാസം 12 ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതില്‍ ചെയര്മാന് മാത്രമല്ല ബോര്‍ഡ് അംഗങ്ങള്‍ക്കും പരാതിയുണ്ട്. ആരായാലും നിയമം പാലിച്ചേ പോകാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരത്തിന് കെഎസ് ഇബിയിലെ ജീവനക്കാര്‍ക്ക് ഡയസ്നോന് ബാധകമാക്കിയ നടപടിയില്‍ പുനഃ പരിശോധന നടത്താന്‍ ചെയര്മാന് നിര്‍ദേശം നല്‍കിയതായും മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.