കൊച്ചി: ഇടപ്പള്ളി മരോട്ടിചുവടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി. മഹാരാജാസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഹല്യ കൃഷ്ണയാണ് ഒപ്പം താമസിച്ചിരുന്ന അര്‍പ്പിതക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
ബാധകയറിയെന്ന് പറഞ്ഞായിരുന്നു അതിക്രമം. അത് തെളിയിക്കാന്‍ വേണ്ടി കൈയില്‍ കര്‍പ്പൂരം കത്തിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തു. മുഴുവന്‍ കത്തിതീരണമെന്നാണ് അർപ്പിത പറഞ്ഞത്. ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോളും ചിലര്‍ എതിര്‍ത്തു. ആശുപത്രിയില്‍ പോയാല്‍ കേസാകുമെന്നും മരുന്ന് വാങ്ങി തേച്ചാല്‍ മതിയെന്നും പറഞ്ഞു. രണ്ടുദിവസത്തേക്ക് വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് കൈയിലെ പരിക്ക് ഗുരുതരമായി. കളമശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കേസാകുമെന്നതിനാല്‍ സ്വന്തമായി ചെയ്തതെന്നാണ് ആശുപത്രിയില്‍ പറഞ്ഞതെന്നും അഹല്യ കൃഷ്ണ വെളിപ്പെടുത്തി.
ഹോർമോൺ ചികിത്സയുടെ ഭാഗമായ ചികിത്സ നടക്കുന്നതിനാൽ ട്രാൻസ് വുമണിന് മാനസികമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവത്രേ. ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു പറയുന്നു.
പക്ഷെ ട്രാൻസ്‌വുമണിന് ബാധ കൂടിയതാണെന്ന് കൂടെയുള്ള ചില ട്രാൻസ് വുമണുകൾ ആരോപിക്കുകയായിരുന്നു.
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു. മന്ത്രവാദ ചികിത്സയിലാണ് കൈവെള്ളയിൽ കർപ്പൂരം കത്തിച്ചത്.
സംഭവത്തില്‍ ഏപ്രില്‍ രണ്ടാം തീയതിയാണ് അഹല്യ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്. ഭയന്നിട്ടാണ് ഇത്രയുംനാള്‍ പരാതി നല്‍കാന്‍ വൈകിയതെന്നാണ് വിശദീകരണം. കൊല്ലം സ്വദേശിയാണ് കർപ്പൂരം കത്തിച്ച അർപ്പിത. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
“ഭയന്നിട്ടാണ് അന്ന് പരാതി നല്‍കാന്‍ വൈകിയത്. അവരുടെ കൂടെയായിരുന്നു എന്റെ താമസം. ഞാന്‍ പരാതി നല്‍കിയാല്‍ കൂട്ടത്തിലുള്ളവര്‍ ഒറ്റപ്പെടുത്തുമെന്ന ഭയവും ഉണ്ടായിരുന്നു. അവരുടെ അടുത്തുനിന്ന് താമസം മാറി. തുടര്‍ന്ന് ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ളവരോട് വിവരം പറഞ്ഞു. അവരെല്ലാം ഒപ്പം നില്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് പരാതി നല്‍കിയത്. ഇപ്പോഴും ഭയമുണ്ട് ”
അഹല്യ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ അര്‍പ്പിത ബലമായി കൈയില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ചെന്നാണ് അഹല്യയുടെ പരാതി.