NEWS

ആണ്ടിപ്പെട്ടി- തേനി റെയില്‍ പാതയിലെ ട്രയല്‍ റണ്‍ വിജയകരമായി നടത്തി; ഇടുക്കിയിലും പ്രതീക്ഷയുടെ ചൂളം വിളി

കട്ടപ്പന : ഇടുക്കിയുടെ വാണിജ്യ മേഖലയ്ക്ക് പ്രതീക്ഷയേകി ആണ്ടിപ്പെട്ടി- തേനി റെയില്‍ പാതയിലെ ട്രയല്‍ റണ്‍ വിജയകരമായി നടത്തി.നാല് ബോഗികള്‍ ഘടിപ്പിച്ച ട്രെയിന്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ് ട്രാക്ക് സജ്ജമാണെന്ന് വിലയിരുത്തിയത്.മധുര ബോഡിനായ്ക്കന്നൂര്‍ മീറ്റര്‍ഗേജാണ് 450 കോടി രൂപ ചിലവഴിച്ച് ബ്രോഡ് ഗേജാക്കി ഉയര്‍ത്തുന്നത്.
മധുര മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെ 91 കിലോമീറ്റര്‍ ദൂരത്തിലാണ് പാളം നിര്‍മ്മിക്കുന്നത്.ഒന്നാം ഘട്ടമായി ആണ്ടിപ്പെട്ടി വരെയുള്ള 76 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് പരീക്ഷണ ഓട്ടം നടത്തിയത്.ഇനി തേനി മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 15 കിലോമീറ്റര്‍ പാതയാണ് പൂര്‍ത്തിയാക്കാനുള്ളത്.ജൂലൈയോടെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അയല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി സ്ഥലങ്ങളിലൂടെ ട്രെയിന്‍ എത്തുമെന്ന് ഉറപ്പായതോടെ ഇടുക്കിയിലെ വാണിജ്യ മേഖലയ്ക്ക് ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷ.ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ ചരക്ക് ഗതാഗതം റെയില്‍പാത എത്തുന്നതോടെ വേഗത്തിലാക്കാന്‍ സാധിക്കും.കുമളിയില്‍ നിന്ന് തേനി വരെ 63 ഉം കട്ടപ്പനയില്‍ നിന്ന് 69 കിലോമീറ്ററുമാണ് ദൂരം.മൂന്നാറില്‍ നിന്നും ബോഡി നായ്ക്കന്നൂര്‍ എത്തിച്ചേരാന്‍ 62 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.വാണിജ്യ മേഖലയ്ക്ക് പുറമേ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്കും ഈ റെയിൽപ്പാത അനുഗ്രഹമാണ്.കേരളത്തിന്റെ ഏറ്റവും അടുത്ത അതിര്‍ത്തിയായ ലോവര്‍ ക്യാമ്ബുവരെ റെയില്‍പാത നീട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.കുമളിയില്‍ നിന്ന് ലോവര്‍ ക്യാമ്ബ് വരെ വെറും 8 കിലോമീറ്റര്‍ മാത്രമാണ് ദൂരം.കോട്ടയം-എരുമേലി-കുമളി-കമ്പം-തേനി പാതയ്ക്കായുള്ള മുറവിളിയും ഇതോടൊപ്പം ശക്തമാണ്.

Back to top button
error: