KeralaNEWS

കണ്ണൂര്‍ ചുവന്നു; ഇന്ന് പിബി, കൊടിമര ജാഥ വൈകിട്ടെത്തും

കണ്ണൂര്‍: ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് സമ്പൂര്‍ണ സജ്ജമായി സി.പി.എം. പാര്‍ട്ടിയുടെ കരുത്തുറ്റ കോട്ടയായ കണ്ണൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കുന്ന പ്രചരണമാണ് സി.പി.എം നടത്തിയിട്ടുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസിന് കൊടി ഉയരാന്‍ ഒരു ദിനം മാത്രം ശേഷിക്കെ ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകരും നേതാക്കളും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ കണ്ണൂരില്‍ ഇതിനകം എത്തിക്കഴിഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച തുടങ്ങുന്നതിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.

സമ്മേളന വേദിയായ നായനാര്‍ അക്കാദമിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറില്‍ എത്തുന്നതോടെ സമ്മേളനത്തിന്റെ ആവേശം അലയടിച്ചുയരും. കൊടിമര ജാഥ കാസര്‍കോട് കയ്യൂരില്‍ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗമായ പി കെ ശ്രീമതിക്ക് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ കൊടിമരം കൈമാറി. കെ പി സതീശ് ചന്ദ്രനാണ് ജാഥാ മാനേജര്‍.

Signature-ad

അതേസമയം സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരണമെന്ന നിലപാടിലാണ് നേതൃത്വമെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ചുള്ള ധാരണ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയിലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ്ആര്‍പിയുടെ പേരും ശക്തമായി ഉയര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങള്‍ തുടര്‍ന്നു. ചില ഒത്തുതീര്‍പ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരി തുടരാന്‍ കേരള ഘടകം ഉള്‍പ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തര്‍ക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ.

അതേസമയം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് നേതാക്കള്‍ ഒഴിവാകും. എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബസു എന്നിവരാകും ഒഴിവാകുക. എസ് ആര്‍ പിക്ക് പകരക്കാരനായി കേരളത്തില്‍ നിന്ന് എ വിജയരാഘവന്‍ പിബിയില്‍ എത്തും എന്നാണ് സൂചന. 75 വയസ്സെന്ന പ്രായ പരിധി കര്‍ശനമാക്കിയാലും പി ബിയില്‍ പിണറായി വിജയന് ഇളവുണ്ടാകും. കേരളത്തിലെ സര്‍ക്കാരിന്റെ നയങ്ങളും സില്‍വര്‍ ലൈന്‍ പദ്ധതിയടക്കമുള്ളവയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ചര്‍ച്ചയാവുക സ്വാഭാവികമാണെന്ന് സിപിഎം നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലും ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയെകുറിച്ചുളള പ്രാഥമിക ചര്‍ച്ചകളാണ് നടക്കുന്നത്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്നതിലടക്കം വ്യക്തതയായിട്ടില്ല. അതിന്മേലുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളും പ്രതിഷേധങ്ങളുമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തിയിരുന്നു.

ദേശീയ തലത്തിലെ വിശാല മതേതര കൂട്ടായ്മയില്‍ കോണ്‍ഗ്രസുമുണ്ടാകണമെന്നാണ് യെച്ചൂരി ആവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷമേ സിപിഎം ഏതെങ്കിലും സഖ്യത്തില്‍ ചേരുകയുള്ളൂ. കേരളത്തില്‍ നയവ്യതിയാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പി ബിയില്‍ ദളിത് പ്രാതിനിധ്യമില്ലെന്നത് പരിഹരിക്കാന്‍ ശ്രമിക്കും. പാര്‍ട്ടി സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കും. സ്ത്രീ സംവരണത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമുണ്ടാകും. സമിതിയില്‍ ഇരുപത് ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യമുണ്ടാകണമെന്നാണ് കരുതുന്നതെന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയന് പ്രായ ഇളവു നല്‍കും. പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയായതിനാലാണ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതെന്നും ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി ചൂണ്ടികാട്ടിയിരുന്നു.

 

Back to top button
error: