സൗദിയില്‍ മലയാളിയെ ആക്രമിച്ച് കണ്ണു തകര്‍ത്തു; സിറിയന്‍ സ്വദേശികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയില്‍ മലയാളിയെ ആക്രമിച്ച് കണ്ണു തകര്‍ത്ത സിറിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി കൊട്ടാരത്തില്‍ സിദ്ധീഖിന് ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച പോയി. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിലാണ് സംഭവം. ഇദ്ദേഹം ജോലിചെയ്തിരുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ രാത്രി പന്ത്രണ്ട് മണിക്കെത്തിയ രണ്ട് സിറിയന്‍ സ്വദേശികള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്ഥാപിച്ചിരുന്ന തെര്‍മോമീറ്റര്‍ സ്റ്റാന്‍ഡ് പിഴുതെടുത്തുകൊണ്ടുള്ള ആക്രമണത്തില്‍ തന്റെ ഒരു കണ്ണിന് ഗുരുതര പരിക്ക് പറ്റിയിട്ടും രണ്ടംഗ സംഘത്തിന്റെ ആക്രമണത്തെ ചെറുത്തു തോല്‍പിക്കുകയായിരുന്നു സിദ്ദിഖ്. സിദ്ധീഖിനെ ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്നും അസീര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും സിദ്ധീഖിന്റെ ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കുകയായിരുന്നു.