NEWS

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി

ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ലോകകപ്പ് ഫുട്ബോളിന്റെ ഫിക്സര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിന് മുന്നോടിയായായി ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയാണ് ഭാഗ്യചിഹ്നം പുറത്തിറക്കിയത്.

‘ല ഈബ്’ എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്.’പ്രതിഭാധനനായ കളിക്കാരന്‍’ എന്ന അര്‍ത്ഥം വരുന്ന വാക്കാണിത്.അറബി വേഷത്തില്‍ പന്തുതട്ടുന്ന രൂപത്തിലാണ് ഭാഗ്യചിഹ്നം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് മത്സരങ്ങള്‍  നടക്കുന്നത്.
അതേസമയം ഖത്തര്‍ ലോകകപ്പിലെ ആദ്യ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ഫിഫയുടെ വെബ്‌സൈറ്റിലൂടെയാണ് ഗാനം പുറത്തുവിട്ടത്.ഹയ്യാ ഹയ്യാ എന്ന വരികളിലൂടെ ആരംഭിക്കുന്ന ഗാനത്തില്‍ ട്രിനിഡാഡ് കാര്‍ഡോണ, ഡേവിഡോ, അയിഷ തുടങ്ങിയവരാണ് പ്രധാനമായെത്തുന്നത്.ഫിഫ തെരഞ്ഞെടുത്ത നിരവധി ഗാനങ്ങളില്‍ ആദ്യത്തേതാണിത്. ഇതാദ്യമായാണ് ഒന്നിലധികം ഗാനം ഫിഫ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്.
ഹയ്യാ ഹയ്യാ എന്നാല്‍ കൂടുതല്‍ മികവോടെ ഒത്തൊരുമിച്ച്‌ എന്നാണ് അർത്ഥം. ലോകത്തിന്റെ ഐക്യവും ഒത്തുചേരലുമാണ് വരികളില്‍ പ്രകടിപ്പിക്കുന്നത്. ലോകമെമ്ബാടുമുള്ള ആരാധകരെ ഫുട്‌ബോളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഗാനം ഉള്‍പ്പെടുത്തുന്നതെന്നും ഇത് ഫുട്‌ബോളിന്റെ ആവേശം ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Back to top button
error: