കൊല്ലത്ത് ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ഒരു മണിക്കൂറോളം ആർഎസ്പി- സിപിഎം നേതാക്കളുടെ ചർച്ച !! ബീച്ച് റോഡിലെ ഹോട്ടലിൽ സിപിഎം ജില്ലാ നേതൃത്വത്തിലെ മൂന്നുപേരുമായി ആർഎസ്പി ജില്ലാ സൗത്ത് എൽസി സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ കൊല്ലം യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി- സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് പരാതി. സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിലെ മൂന്നുപേരുമായി ആർഎസ്പി കൊല്ലം ജില്ലാ സൗത്ത് എൽസി സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തിയെന്നാണ് പരാതി. കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ചാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവം നടന്നത് കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം, നേരത്തെ കൗൺസിലറായിരുന്ന നേതാക്കളടക്കമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുത്തതെന്നും ദൃശ്യങ്ങളിൽ കാണാം. ആർഎസ്പിയുടെ ഭാഗത്ത് നിന്ന് കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഉണ്ടായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും, കെപിസിസിക്കും ആർഎസ്പി സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകി. അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്പി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല ഉണ്ടായിരുന്നത് കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസിനായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം നടന്നു കൊണ്ടിരിക്കുകയാണ്.






