Breaking NewsLead NewsNEWSWorld

എന്നു ബീബിക്ക് കൈ കൊടുത്തോ അന്നു തുടങ്ങി അമേരിക്കയുടെ പോക്കറ്റ് കീറാൻ!! ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ക്കായി അമേരിക്ക ഇതുവരെ തീർത്തുകളഞ്ഞത് ഏകദേശം 3.29 ലക്ഷം കോടി, പ്രതിദിനം ഏകദേശം 9,425 കോടി രൂപ…ചർച്ചയുടെ പേരിൽ വെള്ളംകുടിപ്പിച്ച് ഇറാൻ

ഫെബ്രുവരി 11-ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് ഇറാൻ- യുഎസ്- ഇസ്രയേൽ യുദ്ധത്തിന് തുടക്കമെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ വെളിപ്പെടുത്തൽ ശരിയെങ്കിൽ അന്നു തുടങ്ങി അമേരിക്കയുടെ കഷ്ടകാലം എന്നു വേണമെങ്കിൽ പറയാം. എന്തും തന്റെ കൈപ്പിടിയിലൊതുങ്ങും, ആരേയും ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അമിത ആത്മവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും പത്തിക്കാണ് ശരിക്കും ഇറാൻ ആദ്യംതന്നെ അടി കൊടുത്തത്.

പലരും ഇറങ്ങിപ്പുറപ്പെടല്ലെന്നു ആവർത്തിച്ചു പറഞ്ഞിട്ടും ഇറാന്റെ നേതൃത്വത്തെ ദുർബലപ്പെടുത്താൻ ഒരു സാഹചര്യം നോക്കിയിരുന്ന ട്രംപിന്, നെതന്യാഹുവിന്റെ പദ്ധതി തുറന്നു കിട്ടിയ വഴിയായിരുന്നു. പിന്നീട് ഒടുവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ, തന്റെ സംഘത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും ട്രംപ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന് വിളിക്കപ്പെട്ട പദ്ധതി അംഗീകരിക്കുകയായിരുന്നു.

Signature-ad

എന്നാൽ അഫ്ഗാനിസ്ഥാനും ഇറാഖിനും ശേഷം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ മാറുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുപ്പത്തിയൊൻപത് ദിവസത്തെ പോരാട്ടം അമേരിക്കയുടെ ആയുധപ്പുരകളെ ശൂന്യമാക്കിയെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രംപ് ഇപ്പോൾ സൗജന്യം പോലെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പോലും അതിന്റെ ഭാ​ഗമെന്നു വേണമെങ്കിൽ കൂട്ടിവായിക്കേണ്ടി വരും.

ഫെബ്രുവരി അവസാന വാരത്തിൽ ഇറാനെതിരെ അമേരിക്ക ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ പ്രഖ്യാപിക്കുമ്പോൾ, അത് പെന്റഗനിന്റെ കണക്കുകൂട്ടലുകളെ ഇറാൻ ഇത്രമേൽ തെറ്റിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും തിരികൊളുത്തിയ പോരാട്ടത്തിന് ചെലവിട്ടത് ഏകദേശം 2800 കോടി മുതൽ 3500 കോടി ഡോളർ (ഏകദേശം 3.29 ലക്ഷം കോടി രൂപ) വരെയാണ്. അതായത്, ഓരോ ദിവസവും ശരാശരി 100 കോടി ഡോളർ (ഏകദേശം 9,425 കോടി രൂപ) യുദ്ധത്തിനായി തീർന്നു എന്നു പറയുന്നതിനേക്കാൾ ഇറാൻ കരുക്കൾ നീക്കി തീർത്തുവെന്നുവേണമെങ്കിൽ പറയാം.

വാശി കയറിയാൽ കണ്ണുകാണില്ലാത്ത ട്രംപ് യുദ്ധത്തിന്റെ ആദ്യ 48 മണിക്കൂറിൽ മാത്രം 560 കോടി ഡോളറിന്റെ ആയുധങ്ങളാണ് പ്രയോഗിച്ചത്. ഹവാർഡ് കെന്നഡി സ്കൂളിലെ സാമ്പത്തിക വിദഗ്ധ ലിൻഡ ബിൽംസിന്റെ നിരീക്ഷണമനുസരിച്ച്, ഈ കണക്കുകൾ വെറും മഞ്ഞുമലയുടെ അറ്റം മാത്രമാണ്. സൈനികരുടെ പെൻഷൻ, ചികിത്സാ ചെലവുകൾ കൂടി കണക്കിലെടുത്താൽ ഈ യുദ്ധത്തിന്റെ ആകെ ചെലവ് ഒരു ലക്ഷം കോടി ഡോളർ കടക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.

അതുപോലെ അമേരിക്കൻ സൈന്യം അഭിമാനത്തോടെ അവതരിപ്പിച്ച പല മിസൈലുകളും ഈ യുദ്ധത്തോടെ തീരാറായിരിക്കുന്നുവെന്നും ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണക്കുകൾ ഇങ്ങനെ-

1. ജെഎഎസ്എസ്എം –ഇആർ (സ്റ്റെൽത്ത് ക്രൂയിസ് മിസൈൽ).
പ്രയോഗിച്ചത്: 1,100 എണ്ണം.
വില: ഒന്നിന് 11 ലക്ഷം ഡോളർ.
ശേഷിക്കുന്നത്: വെറും 1,500 എണ്ണം മാത്രം.
പ്രത്യേകത: റഡാറുകളെ വെട്ടിച്ച് 960 കിലോമീറ്റർ അകലെയുള്ള ശത്രുതാവളങ്ങളെ തകർക്കാൻ ശേഷിയുള്ളവ.

2. ടോമാഹോക്ക്
പ്രയോഗിച്ചത്: 1,000ൽ അധികം.
വില: ഒന്നിന് 36 ലക്ഷം ഡോളർ.
പ്രതിസന്ധി: അമേരിക്ക ഒരു വർഷം ഉത്പാദിപ്പിക്കുന്നതിന്റെ പത്തിരട്ടി മിസൈലുകൾ ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഉപയോഗിച്ചു കഴിഞ്ഞു.

3. പാട്രിയറ്റ് ഇന്റർസെപ്റ്റർ
പ്രയോഗിച്ചത്: 1,200 എണ്ണം.
വില: ഒന്നിന് 4 ലക്ഷം ഡോളറിൽ അധികം.
പ്രതിസന്ധി: 2025 വർഷം മുഴുവൻ ഉത്പാദിപ്പിച്ചത് 600 എണ്ണമാണ്. അതിന്റെ ഇരട്ടി ഇതിനകം ഉപയോഗിച്ചു. ഇറാനിൽ നിന്നുള്ള ഡ്രോണുകളെയും റോക്കറ്റുകളെയും പ്രതിരോധിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിച്ചത്.

ഇതിനെല്ലാമപ്പുറം ഇറാനിലെ യുദ്ധം കാരണം അമേരിക്കയുടെ ആഗോള സൈനിക വിന്യാസം താളം തെറ്റിയിരിക്കുകയാണെന്നും റിപ്പോർട്ട്. ഏഷ്യയിലും യൂറോപ്പിലും വിന്യസിച്ചിരുന്ന ആയുധങ്ങളും സൈനികരും ഇപ്പോൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഉത്തര കൊറിയയെ ലക്ഷ്യമിട്ട് ദക്ഷിണ കൊറിയയിൽ സ്ഥാപിച്ചിരുന്ന ‘താഡ്’ വ്യോമ പ്രതിരോധ മിസൈലുകൾ ഇറാനിലേക്ക് മാറ്റി. ഇത് ഏഷ്യൻ മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം. നിരീക്ഷണ ഡ്രോണുകളുടെ കുറവ് നാറ്റോ സഖ്യത്തിന്റെ കരുത്തിന് മങ്ങലേൽപ്പിച്ചു. പസിഫിക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാൻ ആവശ്യമായ ടോമാഹോക്ക് മിസൈലുകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് (സിഎസ്ഐഎസ്) മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ട്രംപ് തുടങ്ങിയ ഈ യുദ്ധത്തിന് യഥാർഥ വില നൽകേണ്ടി വരുന്നത് സാധാരണക്കാരായ യുഎസ് പൗരന്മാരാണ്. യുദ്ധച്ചെലവുകളെ അമേരിക്കയിലെ ആഭ്യന്തര ക്ഷേമപദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ആ ഭീകരത വ്യക്തമാകും. അമേരിക്കയിലെ 4.2 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുടെ (എസ്എൻഎപി) പ്രതിദിന ചെലവ് 300 ദശലക്ഷം ഡോളറാണ്. അതായത്, യുദ്ധത്തിന്റെ ഒരു ദിവസത്തെ ചെലവ് കൊണ്ട് അമേരിക്കയിലെ ദരിദ്രർക്ക് മൂന്ന് ദിവസം ഭക്ഷണം നൽകാം. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം അമേരിക്കയിൽ പെട്രോൾ വില ഒറ്റ ആഴ്ച കൊണ്ട് 27 സെന്റ് വർധിച്ചു. ഇത് 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണ്.

നിലവിലെ ഉൽപാദന നിരക്ക് അനുസരിച്ച്, തീർന്നുപോയ ആയുധങ്ങൾ വീണ്ടും ശേഖരിക്കാൻ വർഷങ്ങൾ മൂന്നുമുതൽ അഞ്ച് വർഷംവരെ എടുത്തേക്കാം എന്നാണ് സെനറ്റർ ജാക്ക് റീഡ് ആശങ്കപ്പെടുന്നത്. ലോക്ഹീഡ് മാർട്ടിൻ പോലുള്ള കമ്പനികളുമായി പുതിയ കരാറുകൾ ഒപ്പിട്ടിട്ടുണ്ടെങ്കിലും അതിനാവശ്യമായ ഫണ്ട് അമേരിക്കൻ കോൺഗ്രസ് ഇതുവരെ അനുവദിച്ചിട്ടില്ലതാനും

പക്ഷെ, ഈ റിപ്പോർട്ടുകളെല്ലാം നിഷേധിച്ചിരിക്കുകയാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ ആയുധപ്പുരകൾ ഇപ്പോഴും സുരക്ഷിതമാണെന്ന് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അവകാശപ്പെടുന്നു. എങ്കിലും, പെന്റഗൻ ഔദ്യോഗിക കണക്കുകൾ പുറത്തുവിടാത്തത് നിഗൂഢത വർധിപ്പിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: